പിഎവി സാമിൻ്റെ ‘അതിശയ’ ജനനം

പിഎവി സാമിൻ്റെ ‘അതിശയ’ ജനനം

By: ടി.വി ജോബ്, എംപി ടോണി

കേരള പെന്തെക്കോസ്തു ചരിത്രത്തിന്റെ ഒന്നാം തലമുറയില്‍ സംഭവിച്ച പുത്തന്‍ ഉണര്‍വ്വിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന പാസ്റ്റര്‍ എആർടി അതിശയത്തിന്റെ സീമന്തപുത്രനാണ് പീനിയല്‍ അതിശയ വിജയശേഖര സാമുവല്‍ എന്ന പിഎവി സാം.

പാണ്ഡ്യ രാജവംശത്തില്‍പെട്ട അതിവീരപാണ്ഡ്യന്റെ സന്താനപരമ്പരയിലെ ശങ്കരപ്പെരുമാളിന്റെ മകനായ അരുമനായകത്തിന്റെ മകനാണ് പാസ്റ്റര്‍ എആർടി അതിശയം. തിരുനെൽവേലി ജില്ലയിലെ തടിയാപുരം സ്വദേശിയായിരുന്നു എആർടി.

1936 ഏപ്രില്‍ 22ന് (മലയാള വര്‍ഷം 1110 മേടമാസം 10) ജനിച്ചയുടനെ തന്നെ കുട്ടിയുടെ ശ്വാസം അടഞ്ഞുപോയ സംഭവം എല്ലാവരെയും പരിഭ്രമചിത്തരാക്കി. പാളയില്‍ കിടന്നിരുന്ന കുഞ്ഞ് രക്തത്തില്‍ കുളിച്ച് മരണത്തോടടുത്തു. ശബ്ദമൊരു ഞരക്കമായി മാറി. മാതാവായ അന്നമ്മയുടെ (മുളക്കുഴ തോട്ടുങ്കര അയിരുക്കുഴി അന്നമ്മ സാമുവേൽ) സഹോദരന്‍ തമ്പാന്‍ ചോരകുഞ്ഞിൻ്റെ പൊക്കിള്‍ക്കൊടിയിലൂടെ രക്തം ധാരാളമായി പുറത്തു വരുന്നത് കണ്ടുപിടിച്ചു. നൂല് കെട്ടി രക്തവാര്‍ച്ച നിര്‍ത്തി. ആ കുഞ്ഞ് അങ്ങനെ രക്ഷപ്പെട്ടു.

മറ്റൊരു ദിവസം വെളിച്ചെണ്ണയാണെന്നു കരുതി ഡെറ്റോള്‍ തലയില്‍ പുരട്ടി കുഞ്ഞിനെ കുളിപ്പിച്ചു ഉച്ചി പൊള്ളിപ്പോയ സംഭവമുണ്ടായിട്ടുണ്ട്.

പിഎവി ദീര്‍ഘകായനും സുന്ദര സുനേത്രനുമായ ഒരു പ്രതിഭാശാലിയായിരുന്നു. അടൂർ സർക്കാർ സ്കൂൾ, പന്തളം എൻഎസ്എസ് കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. 1956 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വിദ്യാഭ്യാസത്തിന് ശേഷം മെഡിക്കല്‍ റെപ്രസന്റേറ്റീവായി ഒദ്യോഗിക ജീവിതം.

ചര്‍ച്ച് ഓഫ് ഗോഡിന്റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച താന്‍ ഒരു വ്യാഴവട്ടം ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സീയറായിരുന്നു. ചർച്ച് ഓഫ് ഗോഡിൻ്റെ വെസ്റ്റ് ഏഷ്യൻ സൂപ്രണ്ടായ ആദ്യ ഇന്ത്യക്കാരനാണ്. 1966 ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും ചർച്ച് ഓഫ് ഗോഡിന്റെ ഫീൽഡ് സെക്രട്ടറിയായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.

70 കളിൽ ആദ്യമായി പാസ്റ്റർ സാമുവൽ യുഎസ്എ സന്ദർശിച്ചു. സാമുവലിന്റെ ജീവിതത്തിലും കേരളത്തിലെ ചർച്ച് ഓഫ് ഗോഡിന്റെ ചരിത്രത്തിലും ശ്രദ്ധേയമായ ഒരു വർഷമായിരുന്നു 1988, ലോക മിഷനുകൾ പാസ്റ്റർ പിഎവിയെ കേരളത്തിലെ ചർച്ച് ഓഫ് ഗോഡിന്റെ മേൽനോട്ടക്കാരനായി നിയമിച്ചു. അക്കാലത്ത് 200-ൽ താഴെ സഭകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. റവ. സാമുവലിന്റെ നേതൃത്വത്തിൽ 2000-ൽ പശ്ചിമേഷ്യ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സഭകളുടെ എണ്ണം പെരുകി 700-ലധികമായി വളർന്നു.

ഭരണകാലത്ത് മുന്നൂറോളം പുതിയ സഭാ കെട്ടിടങ്ങൾ നിർമ്മിച്ച് ഉദ്ഘാടനം ചെയ്യുകയും തിരുവല്ലയിൽ അഭിമാനകരമായ കൺവെൻഷൻ സ്റ്റേഡിയത്തിന് തുടക്കം കുറിച്ചു.

1973ൽ സ്വിറ്റ്സർലൻഡിലെ ലൂസാനിൽ നടന്ന ലോക സുവിശേഷവത്ക്കരണത്തെക്കുറിച്ചുള്ള ചരിത്രപരമായ അന്താരാഷ്ട്ര സമ്മേളനത്തിനും ബില്ലി ഗ്രഹാം ഇവാഞ്ചലിക്കൽ അസോസിയേഷന്റെ ആദ്യത്തെ ആംസ്റ്റർഡാം സമ്മേളനത്തിനും ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട ചുരുക്കം ചില സഭാ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ലിബിയയിലേക്കുള്ള ആദ്യത്തെ ഏഷ്യൻ മിഷനറിയെന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.

1997 ൽ അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പിഎവിയെ ‘മാൻ ഓഫ് ദ ഇയർ അവാർഡിന്’ തിരഞ്ഞെടുത്തു. ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷനുകളുടെ വിശിഷ്ട നേതൃത്വ അവാർഡിനർഹമായി.

ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡിന്റെ ഔദ്യോഗിക മാസിക ‘ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചൽ’, ‘സേവ് ഔവർ വേൾഡ്’, ‘കമ്മ്യൂണിക്കേറ്റർ’ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ ഭരണപരവും സുവിശേഷപരവുമായ കഴിവുകളെ അഭിനന്ദിച്ച് ലേഖനങ്ങളെഴുതിയിട്ടുണ്ട്.

വാകത്താനം വെട്ടിയിൽ ഏലിയാമ്മയാണ് ഭാര്യ. മക്കൾ- റോയി സാമുവൽ, പരേതനായ റെജി സാമുവൽ, റെനി കോശി എന്നിവർ.

ബുദ്ധിമാന്മാര്‍ പ്രഭ പോലെയും അനേകരെ നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും ശോഭിക്കട്ടെ, ശുഭതുറമുഖത്ത് കണ്ടുമുട്ടുന്നതു വരെ.
.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!