ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

◼️സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കേയാണ് എസ്എഫ്ഐ പ്രര്‍ത്തകര്‍ ആ വിഷയം ഉന്നയിച്ച് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്.

◼️മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസില്‍ മറുപടി നല്‍കാന്‍ ജൂലൈ 11 വരെ സുപ്രീം കോടതി സമയം നല്‍കി. അതുവരെ വിമതര്‍ക്കെതിരേ നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടിക്കൊടുത്തത്. കേസ് 12 ന് പരിഗണിക്കും. എംഎല്‍എമാര്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

◼️ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നല്‍കി. ബിജെപിയും ശിവസേനയും ഒന്നിച്ചുനില്‍ക്കണമെന്നും സോണിയാഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താന്‍ ശിവസേനയുടെ ആശയങ്ങള്‍ അടിയറവച്ചത് ഇനി അനുവദിക്കില്ലെന്നും കത്തില്‍ പറഞ്ഞു.

◼️മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകളും അധികാരങ്ങളും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി. ഏക്നാഥ് ഷിന്‍ഡേ അടക്കം ഒമ്പതു മന്ത്രിമാരുടെ വകുപ്പുകളാണ് മാറ്റിയത്. ഭരണം തടസപ്പെടാതിരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മന്ത്രിമാരും എംഎല്‍എമാരും ചുമതല മറന്ന് മറ്റൊരു നാട്ടില്‍ ഒളിച്ചിരിക്കുന്നതിനെതിരെ ബോംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

◼️നിയമസഭയില്‍ ചട്ടം ലംഘിച്ചു പ്രതിഷേധിക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കിട്ടിയിട്ടുണ്ട്.

◼️കേരള നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. മാധ്യമപ്രവര്‍ത്തകരുടെ പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എല്ലാവരേയും തടഞ്ഞെന്ന കാര്യമറിഞ്ഞ ഉടനെ ചീഫ് മാര്‍ഷലിനെ വിളിച്ചു വരുത്തി തിരുത്താന്‍ ആവശ്യപ്പെട്ടു. രാജേഷ് പറഞ്ഞു.

◼️മാധ്യമ പ്രവര്‍ത്തകരോടു പല തവണ ‘കടക്കൂ പുറത്തെ’ന്ന് ആക്രോശിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മറവി രോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് സഭയില്‍ ചെയ്തതുപോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നു മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◼️പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് അപക്വമായ സമീപനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നുവെന്നും ജയരാജന്‍.

◼️കല്‍പ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പടെ ഏഴു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

◼️സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി.സി ജോര്‍ജും ശ്രമിച്ചെന്ന കേസില്‍ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിനു കോടതി കൈമാറി. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി ജോര്‍ജ് സമീപിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

◼️നരേന്ദ്ര മോദിക്കെതിരേ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, സോണിയ ഗാന്ധിയെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി നിര്‍ത്തണം. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമര്‍ശിക്കുകയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിശേഷിപ്പിക്കുകയും ചെയ്തതിന് ആര്‍എസ്എസും സംഘപരിവാര്‍ ശക്തികളും സോണിയ ഗാന്ധിയെ വര്‍ഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്. വേണുഗോപാല്‍ പറഞ്ഞു.

◼️കെഎസ്ആര്‍ടിസിയിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്കുകൂടി ശമ്പളം നല്‍കി. ഇനി കാഷ്വല്‍ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തണമെന്നാണ് മാനേജ്മെന്റ് പറയുന്നത്.

◼️കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് അസോസിയേഷന്‍ സിഎംഡി ഓഫീസ് ഉപരോധിച്ചു. ശമ്പളം കിട്ടുംവരെ ചീഫ് ഓഫീസിനു മനുഷ്യപ്പൂട്ടിടുമെന്ന് സിഐടിയു വ്യക്തമാക്കി. ഐഎന്‍ടിയുസിയും ബിഎംഎസും സമരം നടത്തുന്നുണ്ട്.

◼️ഓഫീസിലെ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉത്തരവിറക്കിയ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയോട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശദീകരണം തേടി. ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്.

◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പീഡിപ്പിച്ചെന്നു പറയുന്ന ഹോട്ടലുകളിലും വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുക്കും.

◼️കെട്ടിട നമ്പര്‍ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. റവന്യൂ വിഭാഗത്തിലാണ് പരിശോധന. പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തെന്നാണു വിവരം. കൂടുതല്‍ അറസ്റ്റിനും സാധ്യത.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടവുമായി എഡിജിപി മനോജ് എബ്രഹാം കല്‍പ്പറ്റയില്‍. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗാന്ധി ചിത്രം തകര്‍ന്നതുള്‍പ്പടെ അന്വേഷിക്കുമെന്നും മനോജ് ഏബ്രഹാം.

◼️സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ വനിത കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പതു സംഘടനകളില്‍നിന്ന് മൂന്നു പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളില്‍ സമിതി പ്രവര്‍ത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാലു പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.

◼️കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് ഇന്നലെ ചേര്‍ന്ന സിണ്ടിക്കറ്റ് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും നിയമിക്കുന്നുവെന്നായിരുന്നു ആരോപണം.

◼️മുഖ്യമന്ത്രി പിണറായി വിജയനെ ‘കുന്നംകുളം കിം’ എന്നു വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജനങ്ങള്‍ക്കു മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിമര്‍ശനം.

◼️സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലികമായി ജോലിചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് സംയുക്ത കൂട്ടായ്മ. അവശതകള്‍ക്കിടയിലും നീതി കിട്ടുംവരെ റോഡില്‍ പ്രതിഷേധം തുടരാനാണ് തീരുമാനം. മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് സ്ഥിരനിയമനം ആവശ്യപ്പെടുന്നത്.

◼️വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 16 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടെ ഇനിയും പിടിയിലാകാനുണ്ട്.

◼️പാലക്കാട് പുതുപ്പരിയാരത്ത് മേപ്പാടി ആദിവാസി കോളനിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ പുലിയേയും മൂന്ന് കാട്ടുപന്നികളേയും വനംവകുപ്പുകാര്‍ പുറത്തെത്തിച്ചു. സുരേന്ദ്രന്‍ എന്നയാളുടെ കിണറ്റിലാണ് പുലിയും കാട്ടുപന്നികകളും പെട്ടത്. രക്ഷപ്പെടുത്താന്‍ കിണറിലേക്കിറക്കിയ കോണിയിലൂടെ അള്ളിപ്പിടിച്ച് കയറിയാണു പുലി രക്ഷപ്പെട്ടത്. പന്നികളെ പുറത്തെത്തിച്ചെങ്കിലും ഒരു പന്നി ചത്തു.

◼️ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ . ധീരജിന്റെ കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ.

◼️യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്.

◼️ഡല്‍ഹിയില്‍ ഓഫീസ് ആക്രമണം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനിടെയാണ് നേതാക്കള്‍ ഇക്കാര്യം സംസാരിച്ചത്. സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും നടപടിയെടുത്തെന്നും യെച്ചൂരി പറഞ്ഞു. നടപടിയെല്ലാം താനറിഞ്ഞെന്ന് രാഹുലും പ്രതികരിച്ചു.

◼️പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. 10 അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒരാള്‍ പൊതുസമൂഹ പ്രതിനിധിയുമാണ്. ജയറാം രമേശ് , സീതാറാം യെച്ചൂരി, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

◼️ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കമുള്ളവരെ കുറ്റമുക്തമാക്കിയ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. യഥാര്‍ത്ഥ അന്വേഷണം വേണമെന്നു ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്രിക്കൊപ്പമാണ് കോണ്‍ഗ്രസ്. കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെക്കുറിച്ച് വാജ്പേയിക്ക് മോദിയെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് ചോദിച്ചു. 2002 ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി.

◼️പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ വൈദ്യുതി സൗജന്യമായി നല്‍കും. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക.

◼️കര്‍ണാടകത്തില്‍ ബെല്ലാരി സന്തൂര്‍ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടും മുന്നോക്ക വിഭാഗത്തിലെ യുവാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചും ദളിത് യുവാവിനെ മുന്നോക്ക ജാതിക്കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇരുപതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശി മായ്യണ്ണയെയാണ് മര്‍ദ്ദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!