കെ.എന്‍. റസ്സല്‍
നവംബറില്‍ നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ‘വി-4 സഖ്യം’ മത്സരിക്കാനൊരുങ്ങുന്നു. ഇടത്, വലത്, ബി.ജെ.പി. മുന്നണികള്‍ക്കെതിരെ കിഴക്കമ്പലത്ത് രൂപംകൊണ്ട ‘ട്വന്റി-ട്വന്റി’ ഗ്രൂപ്പ് പോലെയുള്ള ഒരു ആന്റി പൊളിറ്റിക്കല്‍ മൂവ്മെന്റാണിത്. ഈ മുന്നണികളെ തോല്‍പ്പിച്ച് കിഴക്കമ്പലം പഞ്ചായത്ത് ഭരണം 20/20 ഗ്രൂപ്പ് പിടിച്ചെടുത്ത കാര്യം അറിയാമല്ലോ.
20/20 ഗ്രൂപ്പ് കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്കായി ചെയ്ത സേവനങ്ങള്‍ ലോകശ്രദ്ധ നേടി. ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനായി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. ഒട്ടുമിക്ക ഉല്പന്നങ്ങള്ക്കും മൂന്നിലൊന്ന് വിലയേ ഈടാക്കുന്നുള്ളൂ. കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്കു മാത്രമേ ഈ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുകയുള്ളൂ.
കിറ്റെക്സ് വ്യവസായ ഗ്രൂപ്പാണ് ഈ 20/20 ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. എല്‍.ഡി.എഫ്., യു.ഡി.എഫ്. രാഷ്ട്രീയ സഖ്യങ്ങളിലെ നേതാക്കള്‍ അഴിമതിയുടെ ആചാര്യന്മാരാണ്. എല്ലാ പഞ്ചായത്തുകളിലെയും മരാമത്ത് പണികളില്‍ അഴിമതിയുണ്ട്. കമ്മീഷന് കൊടുക്കാത്ത കോണ്ട്രാക്ടര്മാരില്ല. വാങ്ങാത്ത രാഷ്ട്രീയക്കാരുമില്ല. ഈ സാഹചര്യത്തിലാണ് പരീക്ഷണാര്‍ത്ഥം കിഴക്കമ്പലത്തെ സാധാരണ പൗരന്മാര് ചേര്‍ന്ന് രൂപംകൊടുത്ത രാഷ്ട്രീയേതര മുന്നണി വിജയം കൈവരിച്ചത്.
വളരെ വില കുറച്ച് ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളില്‍ എത്തിയതോടെയാണ് 20/20 ജനപ്രിയ പ്രസ്ഥാനമായി മാറിയത്. അടുത്ത പഞ്ചായത്തുകളിലേക്ക് ഇതിന്റെ പ്രതിധ്വനി അലയടിച്ചു തുടങ്ങിയിരിക്കുന്നു. നവംബറിലെ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിനു സമീപമുള്ള പല പഞ്ചായത്തുകളിലും 20/20 പോലുള്ള പ്രാദേശിക വികസന ഗ്രൂപ്പുകള്‍ രൂപംകൊള്ളാനുള്ള സാധ്യതയുണ്ട്. ഭരണവും അവര്‍ പിടിച്ചെടുത്തെന്നു വരാം. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഭരിച്ചും കട്ടും മുടിച്ച ഇടത്-വലത് സഖ്യങ്ങള്‍ക്ക് തിരിച്ചടി കിട്ടാനുള്ള സാധ്യത ഏറെയാണ്.
ഇതിന്റെ അനുരണനങ്ങള്‍ കൊച്ചി കോര്‍പ്പറേഷനിലും അനുഭവപ്പെട്ടു തുടങ്ങി. ‘വി-4 കൊച്ചി’ എന്ന പ്രസ്ഥാനമാണ് കൊച്ചിയെ ഭരിച്ചു തുലച്ചവര്ക്കെതിരെ വികസന സ്വപ്നങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ളം എന്നിവയ്ക്കാണ് ഇവര്‍ മുന്‍തൂക്കം കൊടുക്കുന്നത്. മറ്റെല്ലാ പ്രശ്നങ്ങളും വരുംവര്‍ഷങ്ങളില്‍ പടിപടിയായി പരിഹരിക്കും എന്നാണ് ‘വി-4 കൊച്ചി’ അവകാശപ്പെടുന്നത്. നികുതിദായകന്റെ പണം അഴിമതിയില്ലാതെ ഫലപ്രദമായി വിനിയോഗിക്കും എന്നവര്‍ ഉറപ്പ് നല്കുന്നു. കൊച്ചി കോര്‍പ്പറേഷനിലെ 74 ഡിവിഷനുകളിലും ഇവര്‍ മത്സരിക്കും. ജീര്‍ണ്ണിച്ച പാരമ്പര്യ പാര്‍ട്ടികളെ കൊച്ചിയിലെ ജനം പുറന്തള്ളുമെന്ന് ‘വി-4 കൊച്ചി’ കരുതുന്നു.
കെടുകാര്യസ്ഥതയും അഴിമതിയുമില്ലാത്ത ഒരു ജനകീയ ഭരണം ‘വി-4 കൊച്ചി’ വാഗ്ദാനം ചെയ്യുന്നു. എല്ലാവരോടും ആദരവോടെ പെരുമാറണം. ആരോഗ്യകരമായ സംവാദങ്ങള്‍ ആകാം. പക്ഷേ ദയ വിടരുത്. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനും മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
പഴഞ്ചന്‍ പാര്‍ട്ടികള്‍, പഴഞ്ചന്‍ നേതാക്കള്‍, പഴകിയ പ്രത്യയശാസ്ത്രങ്ങള്‍, പഴകിയ ഭരണക്രമം, പഴകിയ നടപടിക്രമങ്ങള്‍ എല്ലാം മാറ്റി ഒരു നൂതന വികസന രീതി ‘വി-4 കൊച്ചി’ കൊണ്ടുവരുമെന്ന് നമുക്ക് ആശിക്കാം, ഭരണം കിട്ടിയാല്‍.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.