വിലക്കയറ്റംമൂലം ജനത്തെ വലയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതെ മന്ത്രിപ്പടയും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ആന്റണി വിമര്‍ശിച്ചു.
◼️വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് ജയില്‍മോചിതനായി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോഗ്യം പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജോര്‍ജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂജപ്പുരയിലെത്തിയിരുന്നു.
◼️ജമ്മു കാഷ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം ഏഴു സൈനികര്‍ക്ക് വീരമൃത്യു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് (41) മരിച്ച മലയാളി. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. അപകടത്തില്‍ 19 സൈനികര്‍ക്കു പരിക്കേറ്റു. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ലഡാക്കിലെ തുര്‍ത്തുക്ക് സെക്ടറിലായിരുന്നു അപകടം.
◼️ലഹരി മരുന്നു കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലാതെ കുറ്റമുക്തനാക്കിയതിനു പിറകേ, ആര്യനെ അറസ്റ്റു ചെയ്ത നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ മേധാവിയായിരുന്ന സമീര്‍ വാങ്കഡയ്ക്കെതിരേ നടപടിക്കു ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. ജോലിക്കു വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണത്തിലും നടപടിക്കു നിര്‍ദേശമുണ്ട്.
◼️നിയമസഭകളിലും ലോക് സഭയിലും 33 ശതമാനം സംവരണം വേണമെന്നു വനിത സാമാജികരുടെ ആദ്യ ദേശീയ സമ്മളനം ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണമെന്ന് തിരുവനന്തപുരത്തു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത സമ്മേളനം ആവശ്യപ്പെട്ടു.
◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം നടത്തിയവരേയും വീഡിയോ തയാറാക്കിയവരേയും അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജോ ജോസഫിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണമാണു യുഡിഎഫ് നടത്തിയത്. തള്ളിപ്പറയാന്‍ യുഡിഎഫ് തയാറായിട്ടില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുുത്തി.
◼️കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 18 പേരെകൂടി അറസ്റ്റു ചെയ്തു. ആലപ്പുഴ ജില്ലയിലെ സംഘാടകരെയാണ് അറസ്റ്റുചെയ്തത്. കേസില്‍ 24 പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലായത്.
◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ചുള്ള ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചയച്ചു. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നു സംസ്ഥാനത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
◼️കോടതിയില്‍ ഹാജരാക്കി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ പ്രതികളുടെ ആക്രമണം. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അകമ്പടി പോയ പൊലീസുകാര്‍ക്കും ബസിലെ യാത്രക്കാര്‍ക്കും മര്‍ദ്ദനമേറ്റു. ഒടുവില്‍ പ്രതികളെ കീഴ്പ്പെടുത്തി എത്തിച്ച കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലും ആക്രമണം നടത്തി. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്, നേമം സ്വദേശി ഷിഫാന് എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നു പൊലീസ്.
◼️നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ലെന്ന് പി.കെ ശ്രീമതി. എന്നാല്‍ അതിജീവിത ഹര്‍ജി നില്‍കിയ സമയത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. ഇതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസംകൂടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
◼️നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച വാദം തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു.
◼️തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ വര്‍ധിപ്പിച്ച നിരക്കില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പഴയ നിരക്കിലേ ടോള്‍ പിരിക്കാവൂവെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിട്ടു. ടോള്‍ പിരിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോള്‍ കമ്പനി ബസ് ഉടമകള്‍ക്ക് എതിരെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് കരാറനുസരിച്ചുള്ള പണി പൂര്‍ത്തിയാക്കാതെ അമിത നിരക്ക് ഈടാക്കാന്‍ അനുവദിക്കരുതെന്ന് അപേക്ഷ നല്‍കിയിരുന്നു.
◼️ഏറ്റുമാനൂര്‍ – ചിങ്ങവനം റെയില്‍ ഇരട്ടപാത ഇന്നു കമ്മീഷന് ചെയ്യും. സുരക്ഷ പരിശോധന തൃപ്തികരമാണെന്ന് തോമസ് ചാഴികാടന് എംപി അറിയിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷന് ചെയ്യുന്നത്.
◼️ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ 31 വരെ 52 ദിവസം സംസ്ഥാനത്തു ട്രോളിംഗ് നിരോധനം. മല്‍സ്യബന്ധനം നിരോധിക്കുന്നതോടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വറുതിയുടെ കാലമാണ്.
◼️എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പിഎം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ച ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
◼️തമിഴ്നാട് രാമനാഥപുരത്ത് മധ്യവയസ്കയെ ബലാത്സംഗം ചെയ്തു കൊന്നശേഷം മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ രണ്ടു പ്രതികള്‍കൂടി പിടിയില്‍. ചെമ്മീന്‍ ഫാമിലെ ജീവനക്കാരായ ഒഡിഷ സ്വദേശികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സ്ത്രീയുടെ ആഭരണങ്ങള്‍ ഇവര്‍ മോഷ്ടിച്ചു വിറ്റു.
◼️ഡല്‍ഹി പ്രഗതി മൈതാനത്ത് ഭാരത് ഡ്രോണ്‍ മഹോത്സവം. രാജ്യം ലോകത്തെ ഡ്രോണ്‍ ടെക്നോളജിയുടെ ഹബ്ബാകണമെന്ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. 2026 ആകുമ്പോഴേക്കും ഡ്രോണുമായി ബന്ധപ്പെട്ട് വ്യവസായം 15,000 കോടി രൂപയുടേതാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ 150 ഡ്രോണ്‍ പൈലറ്റുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
◼️വാടക ഗര്‍ഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. 2021 ലെ നിയമങ്ങള്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. നിലവില്‍ കുട്ടികളുള്ള സ്ത്രീക്കും പുരുഷനും വാടക ഗര്‍ഭധാരണത്തിന് അനുമതിയില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണു നോട്ടീസ്.
◼️2020 ലെ ഡല്‍ഹി കലാപത്തിനിടെ പൊലീസിനുനേരെ തോക്കുചൂണ്ടിയ കേസിലെ പ്രതി ഷാരൂഖ് പഠാന് നാട്ടില്‍ സ്വീകരണം. നാലു മണിക്കൂര്‍ പരോളില്‍ വീട്ടില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ ഷാരൂഖിന് സ്വീകരണം നല്‍കിയത്.
◼️ഡല്‍ഹിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് 40 കാരിയും കാമുകനും അടക്കം മൂന്നു പേര് പിടിയില്‍. ദര്യഗഞ്ച് സ്വദേശിയായ സീബ ഖുറേഷി, യുപിയിലെ മീററ്റില്‍ താമസിക്കുന്ന ഷോയിബ് (29), യുപിയിലെ ഗാസിയാബാദില്‍ താമസിക്കുന്ന വിനിത് ഗോസ്വാമി (29) എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് മൊയ്നുദ്ദീന് ഖുറേഷിയെ (47)യാണു കൊലപ്പെടുത്തിയത്.
◼️ടെക്സസിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. അക്രമിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അധ്യാപികയായ ഇര്‍മ ഗാര്‍ഷ്യ മരിച്ചത്. ഇര്‍മയുടെ ഭര്‍ത്താവ് ജോ ഗാര്‍ഷ്യയാണ് ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.