കര്‍ദിനാള്‍ ജോര്‍‌ജ് ആലഞ്ചേരി ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

കര്‍ദിനാള്‍ ജോര്‍‌ജ് ആലഞ്ചേരി ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍‌ജ് ആലഞ്ചേരിക്ക് തിരിച്ചടി.

അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ കര്‍ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടേണ്ടിവരും. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. ഈ മാസം 12ന് ആണ് വിചാരണയ്ക്കായി ഹാജരാകേണ്ടത്

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്നു നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഭൂമി ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോ‍ര്‍ട്ടില്‍ പറയുന്നു.

സഭക്ക് കീഴില്‍ മറ്റുരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളില്‍ ആലോചിച്ചാണ് ഭൂമി വില്‍പ്പനയ്ക്ക് തീരുമാനിച്ചതെന്നും ക്രിമിനല്‍ ഗൂഡാലോചന ഇല്ലെന്നുമാണ് കണ്ടെത്തല്‍. വിലകുറച്ചു വില്‍ക്കാന്‍ കര്‍ദ്ദിനാള്‍ ഗൂഡാലോചന നടത്തിയിട്ടില്ല. എന്നാല്‍ സഭ നടപടി പാലിക്കുന്നതില്‍ വീഴച്ച പറ്റി.

സെന്റിന് 9 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നോട്ട് നിരോധനം മൂലം പ്രതീക്ഷിച്ച പണം കിട്ടിയില്ല. ഭൂമി വില്‍പ്പനയിലൂടെ ആര്‍ക്കെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കര്‍ദിനാള്‍ ശ്രമിച്ചിട്ടില്ല. ആരോപണത്തിന് പിന്നില്‍ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.

ചൊവ്വര സ്വദേശിയായ പാപ്പച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മറ്റ് ഏഴോളം കേസുകള്‍ കര്‍ദ്ദിനാളിനെതിരായുണ്ട്. വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ മൂന്ന് വൈദികരടക്കം നാല് പേരെ പ്രതികളാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട വൈദികര്‍ക്കെതിരായി ആര്‍ച്ച്‌ ബിഷപ് ഹൗസിന്റെ മതിലില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രതി ചേര്‍ക്കപ്പെട്ട വൈദികര്‍ സഭയ്ക്ക് അപമാനമാണ്. തെറ്റ് ചെയ്തവര്‍ക്ക് സഭ നിയമമനുസരിച്ചുള്ള ശിക്ഷ നല്‍കണം. വ്യജരേഖ ഉണ്ടാക്കാന്‍ വൈദികരെ പ്രേരിപ്പിച്ച ഉന്നതനെ കണ്ടെത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച്‌ കെസിബിസി രംഗത്തെത്തിയിരുന്നു. സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കും.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചര്‍ച്ച ചെയ്തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തില്‍ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മര്‍ദമില്ലാതെ മുന്നോട്ടു പോകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

അതേസമയം പുറത്തു വന്നത് വ്യാജരേഖകള്‍ തന്നെയെന്ന നിലപാടിലാണ് കെസിബിസി. ഈ രേഖകളിലെ കാര്യങ്ങള്‍ വസ്തുതാപരമല്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സഭയില്‍ ഭിന്നത സ്വഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരക്കാരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും കെസിബിസി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!