റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തവേ, റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്ന് മുന്നറിയിപ്പ് നല്കി യു.എസ്.
അങ്ങനെ ചെയ്താല്‍ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തി. എന്നാല്‍ എന്ത് നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് നീക്കമെന്ന് വാര്‍ത്തകളുണ്ട്. മുന്‍വര്‍ഷങ്ങളിലേത് പോലെ റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ യുഎസിന് വിരോധമില്ലെന്നും എന്നാല്‍ അത് വന്‍തോതില്‍ വര്‍ധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നുമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്മാറ്റാന് ഇന്ത്യയടക്കമുള്ള പങ്കാളികളോടൊത്ത് സംയുക്തമായി ശ്രമിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ഉപരോധങ്ങള്‍ക്ക് അനുസൃതമായി ഇടപാടുകള്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും എന്നാല്‍ അമിതമായി പര്‍ച്ചേസിംഗ് നടത്തുന്നത് വലിയ പ്രശ്നം സൃഷ്ടിക്കുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രൂപ- റൂബിള്‍ എന്നിവയുടെ സവിശേഷ പെയ്മെന്റ് സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു യുഎസ്.
ഇന്ത്യയുടെ ‘ക്വാഡ്’ പങ്കാളികളായ യുഎസ്സും ആസ്ട്രേലിയയും റഷ്യയുമായുള്ള കച്ചവട ബന്ധങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘സ്വാത്വന്ത്ര്യം, ജനാധിപത്യം, പരമാധികാരം എന്നിവക്കായി യുക്രൈന് ജനതക്കൊപ്പം നിലകൊള്ളുന്ന യുഎസ്സിനും ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്കും ഒപ്പം ചേര്‍ന്ന് ചരിത്രത്തിന്റെ യഥാര്‍ഥ പക്ഷത്ത് നില്‍ക്കണം. ഫണ്ട് നല്‍കിയോ ഇന്ധനം നല്‍കിയോ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ യുദ്ധത്തെ സഹായിക്കരുത്’ എന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ജിനാ റയ്മാണ്ടോ പറഞ്ഞിരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി, ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഫെബ്രുവരി 24 മുതല്‍ 13 മില്യണ്‍ ബാരല്‍ എണ്ണയാണ് റഷ്യയില്‍നിന്ന് വാങ്ങിയത്. 16 മില്യണ്‍ ബാരലായിരുന്നു 2021ല്‍ ആകെ വാങ്ങിയിരുന്നത്.
അതിനിടെ, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. യുക്രൈനില്‍ സൈനിക നീക്കം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ലാവ്റോവ് നാളെ കൂടിക്കാഴ്ച നടത്തും. യുക്രൈന് സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് റഷ്യന്‍ മന്ത്രി ഇന്ത്യയിലെത്തുന്നത്. വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്റോവിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ആയുധ കരാറില്‍ നിന്ന് പിന്മാറരുതെന്ന് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടേക്കും.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.