◼️ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ അമേരിക്കന്‍ സഹകരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് സന്നദ്ധത അറിയിച്ചത്. കേരളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖല തുടങ്ങിയവയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 250 അന്താരാഷ്ട്ര ഹോസ്റ്റലുകള്‍ ഈ വര്‍ഷം തുടങ്ങും. ഡിജിറ്റല്‍ സര്‍വകലാശാലയുമായി അമേരിക്കയിലെ ഉന്നത സ്ഥാപനങ്ങളെ സഹകരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
◼️കേരളത്തില്‍ തുടങ്ങുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുമായി ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം ഉറപ്പ് നല്കി.
◼️സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. മിനിമം ബസ് ചാര്‍ജ് പത്തു രൂപയാക്കും. നേരത്തെ എട്ടു രൂപയായിരുന്നു. ഓട്ടോ ചാര്‍ജ് രണ്ടു കിലോമീറ്ററിന് 30 രൂപ. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി നിരക്ക് ഉയര്‍ത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ക്ക് മിനിമം നിരക്ക് 200 രൂപയും 1500 സിസിക്കു മുകളില്‍ 225 രൂപയുമായിരിക്കും. എല്‍ഡിഎഫ് യോഗമാണ് നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ബസിന് മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞ് കിലോമീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും. ബസ് മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.
◼️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ ബിജെപി ആക്രമണം. കാഷ്മീര്‍ ഫയല്‍സ് സിനിമയുടെ കഥ വ്യാജമെന്നു അരവിന്ദ് കെജ്രിവാള് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ആക്രമണം. പൊലീസിന്റെ ബാരിക്കേഡ് ഭേദിച്ചാണ് മുഖ്യമന്ത്രിയുടെ വസതി ആക്രമിച്ചത്. ഗെയ്റ്റില്‍ ചായം ഒഴിച്ചു. ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഗെയ്റ്റിനു പുറത്തെ സിസി ടിവി ക്യാമറ അടിച്ചു തകര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിനു ഡല്‍ഹി പൊലീസ് കൂട്ടുനിന്നെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
◼️വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ മരിച്ചു. പാര്‍ക്കിംഗ് തര്‍ക്കത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമിച്ചത്. പയ്യനാട് വച്ച് അക്രമികള്‍ ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് തകര്‍ത്തു. കാറില്‍നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്തു വെട്ടി. തലക്കാണ് വെട്ടേറ്റത്. മഞ്ചേരിയില്‍ ഇന്ന് ഉച്ചവരെ യുഡിഎഫ് ഹര്‍ത്താല്‍.
◼️കേരളത്തില്‍ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടു ദിവസത്തെ പണിമുടക്കിനു പിറകേ, സംരഭക വര്‍ഷ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് ലക്ഷ്യം. തൊഴിലവസരവും വര്‍ധിക്കും. ‘എന്റെ സംരഭം എന്റെ നാടിന്റെ അഭിമാനം’ എന്നാണ് പദ്ധതിയുടെ പേര്. വ്യവസായ മേഖലയില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◼️സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്നാരംഭിക്കും. 4,26,999 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍എസി പരീക്ഷ എഴുതുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചു. 4,33,325 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്.
◼️കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധന. ഇതോടെ 31 ശതമാനം ഡിഎ 34 ശതമാനമാകും.
◼️ജനങ്ങളുടെ പ്രതിഷേധംമൂലം കൊല്ലം തഴുത്തലയില്‍ കെ റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു. ഗ്യാസ് സിലിണ്ടറുമായി ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥര്‍ തത്കാലം പിന്മാറിയത്. യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. പി.സി. വിഷ്ണുനാഥ് എംഎല്‍എ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് സ്ഥലംവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
◼️കെ റെയിലിനെ ന്യായീകരിച്ച് വീടുകയറി പ്രചാരണത്തിനിറങ്ങിയ മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ സംഘത്തിനെതിരേ കയര്‍ത്ത് നാട്ടുകാര്‍. ആലപ്പുഴ പടനിലത്താണ് സംഭവം. നേതാക്കള്‍ക്ക് പ്രചാരണം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ തങ്ങള്‍ നാട്ടുകാരെ എല്ലാം ബോധ്യപ്പെടുത്തിയെന്ന് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അവകാശപ്പെട്ടു.
◼️ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നു കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍. രാവിലെ 11 മണിക്ക് വീടുകള്‍ക്കു മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
◼️കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കുറ്റമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇതേ ആവശ്യവുമായി കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
◼️കെ റെയില്‍ വിഷയത്തില്‍ ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് എന്‍എസ്എസ്. സാമ്പത്തിക പുരോഗതിയേക്കാള്‍ ജനക്ഷേമത്തിനു പ്രാധാന്യമുണ്ടെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.
◼️തൃശൂര്‍ കളക്ടറേറ്റിലേക്ക് കെ റെയില്‍ വിരുദ്ധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചതിന് പോലീസുകാരന് സസ്പെന്ഷന്. രാമവര്‍മപുരം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ലിബിന് ബോബനെയാണ് സസ്പെന്‍ഡ് ചെയ്ത്. നടപടി ആവശ്യപ്പെട്ട് ടി. ജെ സനീഷ്കുമാര് എംഎല്‍എയുടേയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റേയും നേതൃത്വത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു.
◼️ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്നും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും വേണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് നേതാവ് ടി. ഗോപിനാഥ് ആവശ്യപ്പെട്ടു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.