ക്രൈസ്തവചിന്ത ഏര്‍പ്പെടുത്തിയ ‘വി.എം. മാത്യു പുരസ്‌കാരം’ മാക്‌സി വിശ്വാസ് മേനക്ക്

ക്രൈസ്തവചിന്ത ഏര്‍പ്പെടുത്തിയ ‘വി.എം. മാത്യു പുരസ്‌കാരം’ മാക്‌സി വിശ്വാസ് മേനക്ക്

കോട്ടയം: ക്രൈസ്തവചിന്തയുടെ വി.എം മാത്യു പുരസ്‌കാരം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ മാക്‌സി വിശ്വാസ് മേനക്ക്.

മികച്ച മാധ്യമ പ്രവർത്തകൻ, ഗ്രന്ഥകർത്താവ്, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വി.എം മാത്യുവിന്റെ പേരിൽ ക്രൈസ്തവ ചിന്ത ഏർപ്പെടുത്തിയതാണ് ‘വി എം. മാത്യു പുരസ്കാരം’.

വിൽപന നികുതി ഡിപ്പാർട്ട്മെന്റിൽ വിജിലൻസ് ഡെപ്യൂട്ടി കമ്മീഷണറായി റിട്ടയർ ചെയ്ത വി എം. മാത്യുസാര്‍ സത്യസന്ധനായ ഉദ്ദ്യോഗസ്ഥൻ എന്ന പേരും സമ്പാദിച്ചിരുന്നു. ഗുഡ് ന്യൂസ് വാരികയുടെ സ്ഥാപകരിൽ പ്രമുഖനുമായിരുന്നു.

സെക്യുലര്‍ പ്രസിദ്ധീകരണങ്ങളില്‍ ക്രിസ്തുദര്‍ശനത്തിലൂന്നിയ സര്‍ഗ്ഗരചനകള്‍ പ്രകാശിപ്പിച്ചതിലെ രചനാവൈഭവമാണ് 25000 രൂപയും ഫലകവുമടങ്ങുന്ന വി.എം മാത്യു പുരസ്‌കാരത്തിന് മാക്‌സിയെ അര്‍ഹനാക്കിയത്.

ക്രിസ്തീയതയുടെ മറവില്‍ സാമ്പത്തികനേട്ടം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളേയും ക്രിസ്തുവിന്റെ പേരിലുള്ള കപടസദാചാര ദര്‍ശനങ്ങളേയും നിശിതമായി വിമര്‍ശിക്കുന്ന മാക്‌സിയുടെ ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന നീണ്ടകഥയില്‍ യഥാര്‍ത്ഥ ക്രിസ്തീയ ദര്‍ശനത്തിന്റെ അന്തസത്തയും വെളിപ്പെടുത്തപ്പെട്ടിരുന്നു. തീര്‍ത്ഥാടനകേന്ദ്രമായ വിശുദ്ധനഗര പശ്ചാത്തലത്തിലുള്ള അവിശുദ്ധനിലപാടുകളാണ് ‘കല്ലാര്‍പ്പുകള്‍’ എന്ന കഥയിലെ പ്രതിപാദ്യം. കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച ഈ കഥകള്‍ പൊതുസമൂഹം ഏറെ ചര്‍ച്ചചെയ്യുകയുണ്ടായി.

ദേവാലയങ്ങളുടെ സമൃദ്ധികൈവശമാക്കാന്‍ രക്തച്ചൊരിച്ചിലും കലാപങ്ങളും ജീവിതചര്യയാക്കിയ സഭാതര്‍ക്കങ്ങള്‍ക്കിടയില്‍, സമൂഹത്തില്‍ പരിത്യജിക്കപ്പെട്ടവരെങ്കിലും ക്രിസ്തുവിന്റെ ന്യായപ്രമാണം ഹൃദയത്തിലെഴുതപ്പെട്ട ന്യൂനവിഭാഗത്തെ ചൂണ്ടിക്കാട്ടുന്ന ‘മുന്നാംനിയമം’ എന്ന കഥ മലയാളം വാരികയിലാണ് വെളിച്ചംകണ്ടത്.

മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ 1993ലാണ് മാക്‌സിയുടെ ആദ്യകഥ ‘മഴ’ വന്നത്. തുടര്‍ന്ന് ‘കഥയുടെ പരിണാമം’, ‘രക്തരൂഷിതചിത്രത്തിനുശേഷം’ എന്നീ കഥകളും മാക്‌സിയുടേതായി സണ്‍ഡേ സപ്ലിമെന്റില്‍ പ്രകാശംകണ്ടു.

സര്‍ഗ്ഗസാഹിത്യകാരനും ദക്ഷിണേന്ത്യാ ദൈവസഭയുടെ ജനറല്‍ സെക്രട്ടറിയും സഭാ പ്രസിദ്ധീകരണമായ ‘ജീവമന്ന’ യുടെ പ്രതാധിപരുമായിരുന്ന സാമുവല്‍ മേനയുടെ മകനാണ് മാക്‌സി. മേനയുടെ ‘വില്‍ക്കാനുണ്ട് വിലയേറിയ രക്തം’ എന്ന കഥയുടെ തുടര്‍ച്ചയും പൂര്‍ണ്ണതയുമായിരുന്നു മാക്‌സിയുടെ ‘രക്തരൂഷിതചിത്രത്തിനുശേഷം’. സ്വന്തം പിതാവിന്റെ ജീവിതാനുഭവങ്ങളോടുള്ള പ്രതിസ്പന്ദമാണ് മാക്‌സിയുടെ പല
കഥകള്‍ക്കും ഇഴപാകിയത്.

മൂന്നുപതിറ്റാണ്ടുകൊണ്ട് പൂര്‍ത്തിയാക്കപ്പെട്ട സാമുവല്‍ മേനയുടെ മാസ്റ്റര്‍പീസ് നോവല്‍ ‘നിക്ഷേപം നിറയ്ക്കപ്പെട്ട മണ്‍പാത്രങ്ങളുടെ അവസാന രണ്ടധ്യായങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം എഴുതിപൂര്‍ത്തിയാക്കിയത് മാക്‌സിയാണ്. ഗൂഡ്‌ന്യൂസ് ചെയര്‍മാനായിരുന്ന വി.എം. മാത്യുവിന്റെ ശ്രമഫലമായി ഗുഡ്‌ന്യൂസ് പബ്ലിക്കേഷന്‍സാണ് 1995ല്‍ മണ്‍പാത്രങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കിയത്.

കേരളസര്‍വ്വകലാശാലയില്‍ നിന്ന്‌ സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി, ജേര്‍ണലിസം പഠനത്തിനുശേഷം തിരുവനന്തപുരം ആകാശവാണി, ദൂരദര്‍ശന്‍കേന്ദ്രം എന്നിവിടങ്ങളില്‍ അവതാരകനും ഓഡിയന്‍സ്‌ റിസേര്‍ച്ച്‌ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേറ്ററുമായി പ്രവര്‍ത്തിച്ചു. മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍, മംഗളം ദിനപത്രം കൊല്ലം ബ്യൂറോചീഫ്‌, ടൂറിസം ഇന്ത്യാ മാഗസിനില്‍ ന്യൂസ്‌ എഡിറ്റര്‍, എസ്‌.എസ്‌. എന്റര്‍ടെയിന്‍മെന്റ്‌ ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍, സ്ക്രിപ്റ്റ്‌ റൈറ്റര്‍ എന്നിങ്ങനെ മാധ്യമയിടങ്ങളിലെ വിവിധമേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്‌ മാക്സി.

പവര്‍വിഷന്‍ ചാനലിന്റെ തുടക്കത്തില്‍ പൊതുസമൂഹത്തില്‍ ശ്രദ്ധേയരായ പ്രതിഭാധനരായ വൃക്തിത്വങ്ങളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്‌.

ഗുഡ്ന്യൂസ്‌ വീക്ക്‌ലി ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റും ലേഖനകര്‍ത്താവുമായിരുന്ന മാക്സിയുടെ സര്‍ഗ്ഗസാഹിത്യരചനകള്‍ സെക്യുലര്‍ മാസികകളിലൂടെ മാത്രമാണ്‌ വെളിച്ചംകണ്ടത്‌.

“ജോണ്‍ ബനിയന്‍ എ പില്‍ഗ്രിം വിത്ത്‌ പാഷന്‍ ഫോര്‍ ക്രൈസ്സ്റ്‌’, ‘ഡോ. സ്റ്റാന്‍ലി ജോണ്‍സ്‌ ഇന്ത്യയെ സ്‌നേഹിച്ച മഹാത്മാവ്‌’, ‘കുട്ടികളുടെ ജോണ്‍ബനിയന്‍’ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. തീവ്രജനിതകം, ചില വണ്‍ട്വന്റി ചിത്രങ്ങള്‍, എക്സ്‌ക്ലൂസീവ്‌, ടെക്കി നെസ്റ്റ്‌ ഡോട്ട്‌കോം, മാനസാന്തരങ്ങള്‍, കുക്കുടവിപ്പവം എന്നിവയാണ്‌ മാക്സിയുടെ മറ്റുകഥകള്‍. തിരുവനന്തപുരത്ത്‌ പത്രപ്രവര്‍ത്തനത്തിലും സര്‍ഗ്ഗരചനയിലും പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള മാക്സില്‍ കൃപ മീഡിയാസൊല്യൂഷന്‍സ്‌ എന്ന മാധ്യമ കണ്‍സള്‍ട്ടന്‍സി ഡയറക്ടറും, യുവജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള എക്സ്പെഡിഷോയുടെ സംരംഭകനുമാണ്‌.

പത്രപ്രവര്‍ത്തകയും, ഗ്രന്ഥകാരിയും ഡെഫ്‌ എജ്യൂക്കേറ്ററുമായ സില്‍വി മാക്സി മേനയാണ്‌ ഭാര്യ. ബധിരവിഭാഗക്കാര്‍ക്കായി “മുദ്രനടനം’ എന്ന നൃത്തരൂപം ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. 2013-ലെ സംസ്ഥാന കരാട്ടേ ചാമ്പ്യനുമായിരുന്നു സില്‍വി. ഏകമകള്‍ കൃപ എം.എ ഇംഗ്ലീഷ്‌ വിദ്യാര്‍ഥിനിയാണ്‌. കേരളസര്‍വ്വകലാശാല യുവജനോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ്‌ രചനാമത്സരങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്‌ കൃപ.

ക്രൈസതവ ചിന്ത ഓവർസീസ് എഡിറ്റർ വർഗീസ് ചാക്കോ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക് ഫെലോയും റിട്ട. പ്രൊഫസറുമായ ഡോ. ഓമന റസ്സൽ , ക്രൈസ്തവ ചിന്ത എഡിറ്റർ ഇൻ ചാർജ് എം.പി ടോണി എന്നിവരടങ്ങിയ സമിതിയാണ് മാക്സി വിശ്വാസ് മേനയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!