പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ്‌: സര്‍വകക്ഷി യോഗം വിളിച്ചതിനെതിരേ ഹൈക്കോടതി

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ്‌: സര്‍വകക്ഷി യോഗം വിളിച്ചതിനെതിരേ ഹൈക്കോടതി

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കാര്യം കോടതിയില്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ഉത്തരവുകളോട് ഇതാണ് സമീപനമെങ്കില്‍ നവകേരളം എന്നു പറയരുതെന്നും വിമര്‍ശിച്ചു.

◼️ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ നിരക്കില്‍ വില വര്‍ധിപ്പിക്കാനാണു സാധ്യത.

◼️കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ നടത്തുമെന്ന് യുജിസി ചെയര്‍മാന്‍ എം. ജഗദീഷ്‌കുമാര്‍. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവില്ല പ്രവേശനം. അപേക്ഷിക്കാനുള്ള നടപടികള്‍ അടുത്ത മാസം ആദ്യവാരത്തോടെ ആരംഭിക്കും.

◼️അറുപതു കിലോമീറ്ററിനുള്ളില്‍ രണ്ടു ടോള്‍ പ്ലാസകള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ അങ്ങനെയുള്ളിടങ്ങളില്‍ മൂന്നു മാസത്തിനകം ഒരു ടോള്‍ പ്ലാസ അടച്ച് പൂട്ടും. ടോള്‍ പ്ലാസകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാസ് എടുക്കാം. ഇലക്ട്രിക് വാഹനങ്ങള്‍ക്കു രണ്ടു വര്‍ഷത്തിനകം വില കുറയുമെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.

◼️സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ പരീക്ഷ. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലാണ് പരീക്ഷ.

◼️വധഗൂഢാലോചനക്കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സായി ശങ്കര്‍ പ്രതിയല്ല, സാക്ഷിയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ മുന്‍കൂര്‍ ജാമ്യ ഹാര്‍ജി നിലനില്‍ക്കില്ലന്ന് കോടതി നിലപാടെടുത്തു. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

◼️നടന്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. നാളെ ഹാജരാകണമെന്നാണ് ആദ്യം നോട്ടീസ് നല്‍കിയതെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചതിനാല്‍ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

◼️ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതുരാമനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ.പി ഫിലിപ്പിനെ പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചു.

◼️കൊച്ചി ഐലന്‍ഡില്‍ വന്‍ രക്തചന്ദന വേട്ട. ദുബായിലേക്കു കപ്പല്‍ മാര്‍ഗം കടത്താനിരുന്ന 2200 കിലോഗ്രാം രക്ത ചന്ദനം ഡിആര്‍ഐ പിടികൂടി. ആന്ധ്രയില്‍ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയില്‍ ടാങ്കില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം. സര്‍ക്കാരില്‍നിന്ന് ലേലത്തിലൂടെ മാത്രമേ രക്തചന്ദന ഇടപാട് നടത്താവൂവെന്നിരിക്കെയാണ് രക്തചന്ദനം കള്ളക്കടത്ത്.

◼️വ്യാജ രേഖകള്‍ ചമച്ച് വാഹന ഇന്‍ഷുറന്‍സ് തട്ടിയെടുത്ത കേസില്‍ 26 പേരെ പ്രതി ചേര്‍ത്തു. അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പടെയാണ് 26 പ്രതികള്‍. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നെന്ന് എഫ്ഐആറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

◼️എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് കേരള സര്‍ക്കാരിനോ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനത്തിനോ കൈമാറില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കെഎസ്ഐഡിസി ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപത്രം നല്‍കിയിരിക്കേയാണ് രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലപാട് വ്യക്തമാക്കിയത്.

◼️ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ അഴിമതി ആരോപണം ഉന്നയിച്ച വിഎസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കേസില്‍ സബ് കോടതി രേഖകള്‍ വിളിച്ചുവരുത്താന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ്. പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജനുവരി 22 നാണ് കോടതി ഉത്തരവിട്ടത്. അച്യുതാനന്ദന്‍ നല്‍കിയ അപ്പീലിലാണ് രേഖകള്‍ വിളിച്ചുവരുത്തുന്നത്.

◼️കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കി.

◼️ഇരിങ്ങാലക്കുടയില്‍ വന്‍ വ്യാജമദ്യ വേട്ട. ഇരിങ്ങാലക്കുട നഗരത്തില്‍ രണ്ടുനില വീടിനു മുന്നിലെ പേ ആന്റ് പാര്‍ക്ക് സംവിധാനത്തിന്റെ മറവിലായിരുന്നു മദ്യനിര്‍മ്മാണം. വീട്ടുടമയായ രഘു, വാടകക്കാരനായ വിനു എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. മദ്യം നിര്‍മ്മിച്ച് 800 അരലിറ്റര്‍ കുപ്പികളില്‍ പാക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

◼️സില്‍വര്‍ ലൈന്‍ പാതയ്ക്കു ബഫര്‍ സോണ്‍ എത്രയെന്നു ദുരൂഹം. ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കില്ല. 10 മീറ്ററാണു ബഫര്‍സോണെന്നാണ് കെ റെയില്‍ എംഡി പറഞ്ഞത്. 30 മീറ്റര്‍ വേണമെന്നാണ് ഡിപിആറിന്റെ എക്സിക്യൂട്ടീവ് സമ്മറിയില്‍ പറയുന്നത്. എന്നാല്‍ ബഫര്‍ സോണില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!