ഡോ.കെ.ജെ. മാത്യുവിന്റെ നിലപാട് സ്വാഗതാർഹം; ഏ.ജി യിലെ 32 വർഷത്തെ ‘ഗ്രൂപ്പിസം’ അവസാനിക്കണം

ഡോ.കെ.ജെ. മാത്യുവിന്റെ നിലപാട് സ്വാഗതാർഹം; ഏ.ജി യിലെ 32 വർഷത്തെ ‘ഗ്രൂപ്പിസം’ അവസാനിക്കണം

പാസ്റ്ററന്മാരുടെ നേതാക്കന്മാരെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പില്ലാത്ത ഏ.ജി യെയാണ് കെ.ജെ. മാത്യു സ്വപ്നം കാണുന്നത്. അതുകൊണ്ട് വോട്ട് യാചിച്ച് വിളിയില്ല. ഗ്രൂപ്പ് യോഗങ്ങളില്ല. ജയിച്ചാൽ മലയാളം ഡിസ്ട്രിക്ടിലെ 1000 ത്തിലധികം പാസ്റ്ററന്മാരും ഒരു ‘ ഗ്രൂപ്പിന് കീഴിലായിരിക്കും’. വോട്ട് യാചിച്ച് വിളിച്ചാൽ താനും ഗ്രൂപ്പ് വക്താവായി മാറുമെന്ന്‌ കെ.ജെ മാത്യു ശങ്കിക്കുന്നു.

മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം എ ജി മലയാളം ഡിസ്ട്രിക്ടില്‍ സൂപ്രണ്ടായി മൂന്നാമത് ഒരാൾ വേണം എന്ന് വളരെ ഗൗരവമായ ചർച്ച നടക്കുകയാണ് ഇപ്പോൾ. പാസ്റ്റർ പി എസ് ഫിലിപ്പിനും ടി ജെ സാമൂവേലിനും ശേഷം അസംബ്ലീസ്‌ ഓഫ് ഗോഡിനെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് ഈത്തവണ. എ ജി സമൂഹത്തിന് അകത്തും ഇതര ക്രൈസ്തവ സഭാ സമൂഹങ്ങൾക്കിടയിലും ഏറെ ശ്രദ്ധേയനും ആദരണീയനുമായ റവ ഡോ കെ ജെ മാത്യു സൂപ്രണ്ടായി തെരെഞ്ഞെടുക്കപ്പെടും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

പി.എസ് ഫിലിപ്പിനെയും ടി.ജെ സാമൂവേലിനെയും കൂടാതെ നിരവധി വിദ്യാസമ്പന്നരും നേതൃപാഠവം ഉള്ള പാസ്റ്റർമാർ എ ജി യിൽ ഉണ്ടായിരുന്നെങ്കിലും ടിജെ -പി എസ് പാര്‍ട്ടികളുടെ ചേരി തിരിഞ്ഞുള്ള മുപ്പത് വർഷത്തെ പോരാട്ടത്തിന് ഇടയിൽ അവരെല്ലാം നിഷ്‌ക്രിയരായി പോവുകയോ തിരസ്‌ക്കരിക്കപ്പെടുകയോ ചെയ്തു. കഴിവുണ്ടായിരുന്ന മറ്റു പല പാസ്റ്റർമാരെയും മറികടന്ന്‌ ടി.ജെ ക്കും പി.എസ്‌. നും ഇത്രയും കാലം നേതാക്കന്മാരായി തുടരാൻ കഴിഞ്ഞത് പാസ്റ്റർമാരെയും വിശ്വാസികളെയും രണ്ടു ചേരികളിലാക്കി ഒപ്പം നിർത്താൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. എന്നാൽ എ ജി സമൂഹം ഇവരുടെ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്.

ഈ രണ്ട് നേതാക്കന്മാർക്ക് വേണ്ടി പോരടിച്ചു സഭയിലെ സമാധാന അന്തരീക്ഷം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഏറെ നാളായി സഭാ ഗാത്രത്തിൽ നിലവിൽ നിൽക്കുന്ന വിഭാഗീയതയുടെ മുറിവുണക്കാൻ ഡോ കെ ജെ മാത്യു വിന്റെ കടന്നു വരവ് സഹായിക്കും എന്നാണ് കരുതുന്നത്.

മലബാറിൽ അസംബ്ലീസ്‌ ഓഫ് ഗോഡിലെ ഒരു പാസ്റ്ററുടെ മകനായി ജനിച്ച് പരിമിതികൾ ഏറെ ഉണ്ടായിരുന്ന പാർസനേജുകളിൽ വളർന്ന് വന്നയാളാണ് പാസ്റ്റർ കെ ജെ മാത്യു. ചെറുപ്പത്തിൽ തന്നെ ബെഥേൽ ബൈബിൾ കോളേജിൽ പഠിക്കാനെത്തി. കോഴിക്കോട് ജില്ലയിലെ ഓഞ്ഞിൽ എ ജി സഭയുടെ പാസ്റ്ററായി 1977-ൽ ശുശ്രൂഷാ ജീവിതത്തിന് തുടക്കം കുറിച്ചു. സാഹചര്യങ്ങളോട് പടവെട്ടി കൂട്ടുകാരുടെ പുസ്തകങ്ങൾ കടംവാങ്ങി പഠനം തുടർന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ രണ്ടാം റാങ്കോടെ പാസ്സായി. ഇംഗ്ലീഷ് സാഹിത്യത്തിലും ഫിലോസഫിയിലും ചരിത്രത്തിലും പോസ്റ്റ്‌ ഗ്രാജുവേഷൻ. വേദശാസ്ത്രത്തിൽ എം റ്റി ഏച്ചും ഡോക്ടറൽ ബിരിദവും നേടി.

പുതിയ തലമുറയിലെ വിശ്വാസികൾക്കും പാസ്റ്റർമാർക്കും ഏറെ പ്രതീക്ഷയും പ്രോസാഹനവും നൽകുന്ന പാസ്റ്റർ കെ ജെ മാത്യു എ ജി യിലെ പഴയ തലമുറയ്ക്ക് ഏറെ സ്വീകാര്യനുമാണ്.

മുപ്പത് വർഷം നീണ്ട എ ജി യിലെ ഗ്രൂപ്പ് കളികളിൽ ഒരിക്കലും ഭാഗമാകാതെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്ന് കൊണ്ട് പാസ്റ്റർ കെ ജെ മാത്യു ഏറെ ശ്രദ്ധേയനായി. മുൻപ് അദ്ദേഹത്തിന് ലഭിച്ച അധികാര കസേരകളിൽ ഒരിക്കലും കടിച്ചു തൂങ്ങിയില്ല. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം വലിയ സംഭാവനകൾ എ ജി സമൂഹത്തിന് നൽകി.

അസംബ്ലീസ്‌ യോഗ ഗോഡിന്റെ നേതൃത്വ സംവിധാനങ്ങളെ കുറിച്ച് കാലികമായ കാഴ്ചപ്പാടുകൾ വച്ചു പുലർത്തുന്ന ആളാണ് കെ,ജെ മാത്യു. അധികാര പദവികൾ വഹിക്കുന്നതിന് ഒരു പ്രായ പരിധി നിശ്ചയിക്കണം എന്നതാണ് അദേഹത്തിന്റെ പക്ഷം. അത് പുതിയ നേതൃതലമുറയെ ഉയർത്തികൊണ്ട് വന്നു സഭയുടെ മുന്നേറ്റം ശക്തമാക്കും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

നിലവിൽ ഉണ്ടായിരുന്ന നേതാക്കന്മാർ ഒരിക്കലും ചർച്ച ചെയ്യാൻ പോലും കൂട്ടക്കാതിരുന്ന സഭയുടെ സംഘടനാപരമായ സ്ഥാനങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ പാസ്റ്റർ കെ.ജെ മാത്യുവിന് കൃത്യമായ അഭിപ്രായം ഉണ്ട്. കെ ജെ മാത്യു അധികാരത്തിൽ എത്തിയാൽ എ ജി ഇനി ഒരിക്കലും ചില പാസ്റ്റർമാർക്ക് വേണ്ടി പാസ്റ്റർമാർ മാത്രം നടത്തുന്ന പ്രസ്ഥാനമായി ഒതുങ്ങില്ല എന്ന് കരുതാം.

തമ്മിൽ തല്ലും അപവാദ പ്രചാരണങ്ങളും നടത്തി എങ്ങനെയും കസേരയിൽ ആള്ളിപ്പിടിച്ചു സ്ഥാനങ്ങൾ ഒപ്പക്കാർക്ക് വിഭജിച്ച് നൽകി പോരുന്ന എ ജി യുടെ അവസ്ഥക്ക് വലിയ വ്യത്യാസങ്ങൾ വരുത്തുവാൻ ഈ തെരെഞ്ഞെടുപ്പിലൂടെ എങ്കിലും കഴിയും എന്ന് ആശിക്കാം.

പാസ്റ്റർ റ്റി വി തങ്കച്ചൻ അസിസ്റ്റന്റ് സൂപ്രണ്ട്

മാതൃകാപരമായി ശുശ്രൂഷാ ജീവിതം നയിച്ച് പാസ്റ്ററൽ ശുശ്രൂഷയിൽ തിളങ്ങിയ വ്യക്തിയാണ് അസിസ്റ്റന്റ് സൂപ്രണ്ടായി മത്സരിക്കുന്ന പാസ്റ്റർ റ്റി വി തങ്കച്ചൻ.

വിനയത്തോടും പുഞ്ചിരിയോടും കൂടെയുള്ള ഹൃദ്യമായ പെരുമാറ്റം. എക്കാലത്തും എ ജി സമൂഹത്തിന്റെ ഉയർച്ചക്ക് വേണ്ടി സംസാരിക്കുകയും നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വാസസമൂഹത്തിന്റെയും പാസ്റ്റർമാരുടെയും പ്രശ്നങ്ങളെ സൂക്ഷ്മമായി പഠിക്കുകയും എക്കാലത്തും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്കൊപ്പം നിൽക്കാനും സഹായഹസ്തം നീട്ടാനും പാസ്റ്റർ റ്റി വി തങ്കച്ചൻ ഉത്സാഹിയായിരുന്നു.

പാസ്റ്റർ ടി.വി. പൗലോസ്

ആലുവക്കടുത്ത് പള്ളിക്കരയിൽ ജനനം. ചെറുപ്രായത്തിൽ തന്നെ കണ്ണൂരിലേക്ക് കുടിയേറി. പതിനെട്ടാം വയസ്സിൽ യാക്കോബായ പാരമ്പര്യത്തിൽ നിന്നും ഏകനായി പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക്. ത്രിവത്സര സിവിൽ എഞ്ചിനീയറിംഗ് പഠനശേഷം പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ നിന്നും B.Th ഉം ബാംഗ്ലൂർ ACTS അക്കാദമിയിൽ നിന്നും M.Div ഉം പൂർത്തിയാക്കി.

ഇപ്പോൾ പുനലൂർ ബെഥേലിൽ M.Th പഠനം നടത്തുന്നു. കായംകുളം, മാവേലിക്കര സെക്ഷനുകളുടെ പ്രസ്ബിറ്റർ, മധ്യമേഖല ഡയക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറിയാണ്.

മാവേലിക്കരക്കടുത്ത് ഉമ്പർനാട്, മാവേലിക്കര, കായംകുളം, OPA മസ്കറ്റ്‌ തുടങ്ങിയ സഭകളുടെ ശുശ്രൂഷകനായിരുന്നു. ഇപ്പോൾ കറ്റാനം, തഴവാമുക്ക് സഭയുടെ സീനിയർ പാസ്റ്ററായി സേവനം ചെയ്യുന്നു. ഉമ്പർനാടും, തഴവാമുക്കും പയനിയർ പ്രവർത്തനം ആരംഭിച്ചു സഭക്ക് സ്ഥാവര ജംഗമ സ്വത്തുക്കൾ നേടി.

സുദീർഘകാലം പ്രസ്ബിറ്ററി അംഗമായിരുന്ന വ്യക്തിയെന്ന അനുഭവപരിചയം.
പ്രളയദുരിതാശ്വാസം, കൊവിഡ് കാലത്തെ ക്ഷേമപ്രവർത്തനം, പറന്തൽ കൺവൻഷൻ ഗ്രൗണ്ട് വാങ്ങിയതിനെതുടർന്ന് സുവിശേഷ വിരോധികളിൽ നിന്ന് ഉണ്ടായ എതിർപ്പുകളെ നേരിടാൻ മുൻപിൽ നിന്ന് സഭയെ നയിച്ചതും ശ്രദ്ധേയമായി.

വിൽഫ്രഡ് രാജ്

ട്രഷറർ ആയി മത്സരിക്കുന്ന പാസ്റ്റർ വിൽഫ്രഡ് രാജ് എ.ജി.യുടെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ദക്ഷിണ മേഖലയിലെ വിവിധ സെക്ഷനുകളിൽ പ്രെസ്ബിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണ മേഖലയുടെ മുൻ ഡയറക്ടർ കൂടി ആണ് അദ്ദേഹം.

പാസ്റ്റർ ഷൈജു തങ്കച്ചൻ

കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്ന പാസ്റ്റർ ഷൈജു തങ്കച്ചൻ ഇപ്പോൾ അണക്കര എ ജി സഭയുടെ ശുശ്രൂഷകൻ ആണ്.

ഡിസ്ട്രിക്ട് സി.എ.യുടെ വൈസ് പ്രസിഡന്റ്‌, ഇവാൻജെലിസം ഡിപ്പാർട്മെന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച്‌ പരിചയം ഉള്ള അദ്ദേഹം കുമിളി സെക്ഷൻ പ്രസ്ബിറ്റർ ആയി സേവനം അനുഷ്ഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!