നാളെ മുതൽ സംസ്ഥാനത്ത് ഇന്ധന വിതരണം മുടങ്ങിയേക്കും

നാളെ മുതൽ സംസ്ഥാനത്ത് ഇന്ധന വിതരണം മുടങ്ങിയേക്കും

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനവിതരണം തടസപ്പെടും. നാളെമുതല്‍ അറുന്നൂറോളം ലോറികള്‍ പണിമുടക്കുന്നതിനാലാണ് ഇന്ധനവിതരണം തടസപ്പെടുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന നിലപാടുമായാണ് ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത്.

◼️നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയൂവെന്നും പറയുന്നതു നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍. ആര് എതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്ന സൂചന നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴില്‍ വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിലും മുഖ്യമന്ത്രി ഇതുതന്നെയാണു പ്രസംഗിച്ചത്.

◼️രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്ന് എല്‍ജെഡി അധ്യക്ഷന്‍ എം.വി. ശ്രേയംസ്‌കുമാര്‍. സില്‍വര്‍ ലൈന്‍, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ തുടക്കത്തില്‍ എല്‍ഡിഎഫിനു വിരുദ്ധമായ നിലപാടെടുത്ത സിപിഐയുടെ വിലപേശല്‍ തന്ത്രമാണു ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതിനെക്കുറിച്ചുള്ള അതൃപ്തി മുന്നണിയില്‍ അറിയിച്ചെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

◼️സിപിഐ രാജ്യസഭാസീറ്റ് വിലപേശി വാങ്ങിയെന്ന എല്‍ജെഡിയുടെ ആരോപണം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ വില പേശുന്ന പാര്‍ട്ടിയല്ല. എല്‍ഡിഎഫ് തീരുമാനമനുസരിച്ചാണ് സീറ്റ് നല്‍കിയതെന്നും കോടിയേരി പറഞ്ഞു.

◼️കൈവശാവകാശ രേഖയ്ക്കു പണവും മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയിലായി. കാസര്‍കോട് നെട്ടണിഗെ വില്ലേജ് ഓഫീസര്‍ എസ്.എല്‍. സോണി, സ്വീപ്പര്‍ ശിവപ്രസാദ് എന്നിവരാണു പിടിയിലായത്.

◼️കെ റെയിലിനെ ന്യായീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചക്കു ബദലായി യുഡിഎഫ് ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അബദ്ധ പഞ്ചാംഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലുള്ള കെ റെയില്‍ രേഖ വ്യാജമാണ്. വ്യാജരേഖ ക്രിമിനല്‍ കുറ്റമാണ്. സതീശന്‍ പറഞ്ഞു.

◼️കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം കേരളത്തെ നന്ദിഗ്രാം പോലെയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

◼️സില്‍വര്‍ ലൈനില്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിലുള്ള ഫ്രഞ്ച് കമ്പനിക്കു കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ചു ശതമാനം കമ്മീഷനടിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ തിടുക്കത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് പണയം വയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

◼️കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ അനിവാര്യമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയെ ന്യായീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലേതുപോലെ ഉയര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.

◼️കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനേഴ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തു.

◼️ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലി ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്കാണ് ഇടുക്കി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!