സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മറച്ചുവച്ചിരിക്കുകയാണെന്ന് സിഎജി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മറച്ചുവച്ചിരിക്കുകയാണെന്ന് സിഎജി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മറച്ചുവച്ചിരിക്കുകയാണെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ബജറ്റിലേക്കു പണം നല്‍കുന്നതായി പറയുന്ന കിഫ്ബി, കെഎസ്എസ്പിഎല്‍ എന്നീ സ്ഥാപനങ്ങള്‍ ബജറ്റിനു പുറത്തു കടമെടുക്കുന്നു. ഓഡിറ്റിംഗിനു വിധേയമാക്കാതെയാണ് ഈ നടപടി. വരവും ചെലവും തമ്മിലുള്ള അന്തരം ബജറ്റില്‍ പറയുന്നതിനേക്കാള്‍ വളരെ വലുതാണ്. വ്യക്തമായ കണക്കുകള്‍ ഹാജരാക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക വകുപ്പുകളിലേയും ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

◼️മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ പിടി വിടാതെ ഗവര്‍ണര്‍. അഭിപ്രായം തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കത്തു നല്‍കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.

◼️കളമശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. ഏഴു തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. മൂന്നു പേരെ രക്ഷപ്പെടുത്തി.

◼️മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. കെപിസിസി നേതൃത്വം എഐസിസിക്കു നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍നിന്നാണ് ഹൈക്കമാന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എം. ലിജു, ജയ്സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. ലിജുവിനുവേണ്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. 1980 നുശേഷം ഇതാദ്യമായാണ് കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് ഒരു വനിതയെ രാജ്യസഭയിലേക്കു പരിഗണിക്കുന്നത്.

◼️മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വന്തക്കാര്‍ക്കു നല്‍കിയെന്ന് ആരോപിച്ചു ലോകായുക്തയിലുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അന്തരിച്ച മുന്‍ എംഎല്‍എമാരായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും രാമചന്ദ്രന്‍നായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും നല്‍കിയിരുന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും നല്‍കി. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ഉത്തരവാദികളായ മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

◼️യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം ബെംഗ്ലൂരു വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും.

◼️ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചകള്‍ നടത്തണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യില്ല. പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

◼️യുക്രെയിനിലെ പ്രമുഖ നടി ഒകാന ഷ്വെറ്റ്സ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 67 വയസായിരുന്നു. കീവില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ റഷ്യന്‍ പട്ടാളം റോക്കറ്റാക്രമണം നടത്തിയതാണ് മരണത്തിനു കാരണം.

◼️ലോകത്തിന്റെ സുരക്ഷ തങ്ങളുടെ കൈയിലാണെന്ന് അമേരിക്കയും ചൈനയും. ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാരായ ജോ ബൈഡനും ഷി പിന്‍ ചിംഗും തമ്മില്‍ നടത്തിയ വീഡിയോകോള്‍ സംഭാഷണത്തിനുശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. യുക്രെയിന്‍ – റഷ്യ യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനനവും സുരക്ഷയുമാണ് ലോകം ആഗ്രഹിക്കുന്നതെന്ന് ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!