കെ റെയിലിനെതിരേ ജനരോഷം: പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അതിക്രമം

കെ റെയിലിനെതിരേ ജനരോഷം: പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അതിക്രമം

കെ റെയിലിനെതിരേ ജനരോഷം. കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അതിക്രമം. പ്രതിഷേധവുമായി ചങ്ങനാശേരിയില്‍ ഇന്നു ഹര്‍ത്താല്‍. മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടല്‍ തടഞ്ഞ സ്ത്രീകളടക്കമുള്ള നാട്ടുകാരെയാണ് പൊലീസ് കൈകാര്യം ചെയ്തത്. അറസ്റ്റു ചെയ്ത 23 പേരില്‍ മൂന്നു പേരെ വിട്ടയക്കാന്‍ വിസമ്മതിച്ചതോടെ ജനം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ക്കൊപ്പം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും എത്തി സംഘര്‍ഷാവസ്ഥയായി. ഇതോടെ പോലീസ് മൂവരേയും വിട്ടയച്ചപ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചങ്ങനാശേരിയില്‍ കെ റെയില്‍ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

◼️മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. രൂപേഷ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

◼️സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആഭ്യന്തര പരാതി സമിതികള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീകള്‍ അടക്കം പത്തിലേറെ പേര്‍ ജോലി ചെയ്യുന്ന തൊഴിലിടങ്ങളില്‍ പരാതി സമിതി ആവശ്യമാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തൊഴിലാളി ബന്ധമല്ലാത്തതിനാലാണ് പരാതി സമിതി ആവശ്യമില്ലാത്തതെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

◼️സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ പ്രമേയം പാസാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കണമെന്ന് നഗരസഭാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി.

◼️തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. കാരുണ്യ ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകളുടെ വിവരം തിരക്കി. മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. രാത്രി എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.

◼️കൊടുങ്ങല്ലൂര്‍ എറിയാട് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന തുണിക്കട ഉടമയായ യുവതിയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് (30) ആണ് പരുക്കേറ്റത്. വൈകുന്നേരം ഏഴിന് കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമണമുണ്ടായത്. കടയിലെ പഴയ ജീവനക്കാരനായ റിയാസിനെ പോലീസ് തെരയുന്നു.

◼️സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാടപ്പള്ളിയില്‍ നാട്ടുകാര്‍ക്കെതിരേ പൊലീസ് നടത്തിയ അതിക്രമത്തെ അദ്ദേഹം അപലപിച്ചു. സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

◼️കൗണ്‍സിലിംഗിനു വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ വൈദികന്‍ പോണ്ട്സണ്‍ ജോണിനെ ഓര്‍ത്തഡോക്സ് സഭ വൈദിക ചുമതലകളില്‍ നിന്നു നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!