ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരെ പരാമര്‍ശം; എസ്. ഹരിശങ്കറിന് നോട്ടിസ്

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരെ പരാമര്‍ശം; എസ്. ഹരിശങ്കറിന് നോട്ടിസ്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറല്‍ നോട്ടിസ് അയച്ചു. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം.ജെ. ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി. കോട്ടയം മുന്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30 നു നേരിട്ടു ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

◼️സംസ്ഥാന ബജറ്റ് ഇന്ന്. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാകും ഇത്. വരുമാനം വര്‍ധിപ്പിക്കാന്‍ സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ചേക്കും.

◼️കൂടത്തായ് കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. മൃതദേഹാവശിഷ്ടങ്ങളുടെ സാംപിളുകള്‍ ശാസ്ത്രീയ പരിശോധനക്കയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ചാംപ്രതി നോട്ടറി വിജയകുമാറിനെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പൊന്നാമറ്റത്തില്‍ ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ കൊലകേസുകളിലെ ജാമ്യാപേക്ഷകളാണു തള്ളിയത്. അന്നമ്മ തോമസിനെ വധിച്ച കേസില്‍ ഹൈക്കോടതി നേരത്തെ നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് പ്രത്യേക വിചാരണ കോടതി ഏപ്രില്‍ 15 വരെ സമയം അനുവദിച്ചു. ഹൈക്കോടതി നേരത്തെ ഏപ്രില്‍ 15 വരെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് ഒന്നുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

◼️ഗോവയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു. കൂറു മാറാതിരിക്കാന്‍ സത്യം ചെയ്യിച്ചും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചും സ്ഥാനാര്‍ഥികളെ സംരക്ഷിച്ച കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത നിരാശയാണ്.

◼️ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നത് 42 ശതമാനം വോട്ടോടെ. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.67 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2,55,66,645 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്.

◼️പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ കമ്മിറ്റിയില്‍ അംഗമായിരുന്ന അലക്സ് പി സുനില്‍. നാലര വര്‍ഷത്തോളം എംഎല്‍എമാരെ പ്രവര്‍ത്തിക്കാനോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനോ അനുവദിക്കാതെയാണ് അമരീന്ദര്‍ സിംഗ് ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◼️ആം ആദ്മി പാര്‍ട്ടിയുടെ ചരിത്ര വിജയം രാജ്യം മുഴുവന്‍ വ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ . ‘ആദ്യം ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും ഒരു വിപ്ലവം ഉണ്ടായി. താമസിയാതെ രാജ്യമെല്ലാം ഈ വിപ്ലവം വ്യാപിക്കും.’ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ അദ്ദേഹം പറഞ്ഞു.

◼️പഞ്ചാബിലെ അട്ടിമറി വിജയത്തിന് പിറകെ, ഗോവയിലും അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ രണ്ട് സീറ്റുകള്‍ ആംആദ്മി നേടി. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്.

◼️ജനങ്ങളുടെ വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത്. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

◼️ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശം നല്ലതാണെന്നും അതു നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണല്‍ സുശീല്‍ ചന്ദ്ര. ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടത്. ഭരണഘടന പ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ അത്തരലാണു നടന്നത്. മൂന്നു തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിനുശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാര്‍ലമെന്റും കാലാവധി കഴിയുന്നതിനുമുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാന്‍ കാരണമായത്.

◼️തോല്‍വിയില്‍നിന്നു പഠിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഞങ്ങള്‍ പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

◼️തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീര്യം ചോരില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തെരഞ്ഞെടുപ്പുഫലം പാഠമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ പരിശ്രമം വോട്ടാക്കാനായില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.

◼️കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തോല്‍വിയില്‍ എല്ലാ കോണ്‍ഗ്രസുകാരും ദുഖത്തിലാണെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

◼️യുക്രെയിനിലെ സുമിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുമായി രണ്ടു വിമാനങ്ങള്‍ ഇന്നു ഡല്‍ഹിയില്‍. 694 വിദ്യാര്‍ത്ഥികള്‍ ആണ് പോളണ്ട് വഴി എത്തുന്നത്.

◼️ഇസ്ലാമിക് സ്റ്റേറ്റിനു പുതിയ തലവനെ തെരഞ്ഞെടുത്തു. അബു അല്‍ ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറൈഷിയാണ് പുതിയ തലവന്‍. നേരത്തെ തലവനായിരുന്ന അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷി കൊല്ലപ്പെട്ടതിനാലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. അമേരിക്കന്‍ സൈന്യമാണ് ഇയാളെ വധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!