രാജ്യത്തിനുവേണ്ടി പോരാടുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുക്രെയ്ന്‍

രാജ്യത്തിനുവേണ്ടി പോരാടുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുക്രെയ്ന്‍

കീവ്: റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ഒപ്പം നില്‍ക്കുന്ന വിദേശികള്‍ക്ക് ഭാവിയില്‍ പൗരത്വം നല്‍കുമെന്ന് യുക്രെയ്ന്‍.

ഏകദേശം മുപ്പത് രാജ്യങ്ങളില്‍ നിന്നായി പതിനാറായിരത്തിലേറെ പേര്‍ ഇതുവരെ രാജ്യത്തിനൊപ്പം അണിചേര്‍ന്നിട്ടുണ്ടെന്നാണ് യുക്രെയ്ന്റെ കണക്ക്. യുക്രെയ്നില്‍ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരേ പോരാടാന്‍ വിദേശികളെ പ്രസിഡന്‍റ് വ്ളാദിമര്‍ സെലന്‍സ്കി ക്ഷണിച്ചിരുന്നു. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ യുക്രെയ്ന്‍ എംബസികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ റിക്രൂട്ട്മെന്‍റിലൂടെ ടെറിറ്റോറിയല്‍ ഡിഫെന്‍സിന്‍റെ ഇന്‍റര്‍നാഷണല്‍ ലീജിയണില്‍ പതിനാറായിരത്തിലേറെ പേര്‍ ചേര്‍ന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സംഘത്തില്‍ വിരമിച്ച സൈനികരും സാധാരണ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തില്‍ റഷ്യക്കെതിരെ പോരാടാന്‍ സ്വയം സന്നദ്ധരായി എത്തിയവരാണ് ഇക്കൂട്ടത്തില്‍ അധികവും.

തമിഴ്നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രനും ഇത്തരത്തില്‍ യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വകലാശാല വിദ്യാര്‍ഥിയാണ് ഈ 21കാരന്‍. തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലക്കാരനാണ് യുവാവ്. 2018ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സമയത്ത് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായ് നികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ ചേരുകയായിരുന്നു. വരുന്ന ജൂലൈയില്‍ സര്‍വകലാശാല പഠനം പൂര്‍ത്തിയാകും.

സൈന്യത്തിനൊപ്പം ചേരാനെത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശന വിസ നല്‍കുന്ന ഉത്തരവും യുക്രെയ്ന്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. യുക്രെയ്ന്റെ ഇന്റര്‍നാഷണല്‍ ഡിഫന്‍സ് ലീജിയണില്‍ ചേരാനുള്ള മാനദണ്ഡങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും ഉത്തരവില്‍ ഉണ്ടായിരുന്നു. ജോര്‍ജിയയുടെ മുന്‍ പ്രതിരോധ മന്ത്രി ഇറാക്കലി ഒക്രുവാഷ്‍വിലിയും ലാത്വിയയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും യുദ്ധം ചെയ്യാന്‍ സന്നദ്ധത അറിയിച്ച്‌ എത്തിയെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. യുദ്ധമുഖത്ത് യുക്രെയ്ന് വേണ്ടി നിലയുറച്ച വിദേശികള്‍ക്ക് ഭാവിയില്‍ യുക്രെയ്ന്‍ പൗരത്വം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് നല്‍കുമെന്ന് ആഭ്യന്തര സഹമന്ത്രി യെവ്‍ഹിന്‍ യെനിന്‍ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!