കോണ്‍ഗ്രസിലെ ഐക്യം ഗ്രൂപ്പ് വളര്‍ത്താനല്ലെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും

കോണ്‍ഗ്രസിലെ ഐക്യം ഗ്രൂപ്പ് വളര്‍ത്താനല്ലെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും

കോണ്‍ഗ്രസിലെ ഐക്യം ഗ്രൂപ്പ് വളര്‍ത്താനല്ലെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും. പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നു മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു. താനും മുരളീധരനും മാതൃകയാകുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

◼️റഷ്യന്‍ വിമാനങ്ങള്‍ക്ക് യുക്രൈനു മുകളിലൂടെ പറക്കുന്നതിന് നാറ്റോ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ യുദ്ധം നാറ്റോയ്ക്കെതിരേ ആകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. നോ ഫ്ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ യുദ്ധത്തിന്റെ ഗതി മാറും. ഉപരോധ പ്രഖ്യാപനം ഒരു തരത്തില്‍ യുദ്ധപ്രഖ്യാപനം തന്നെയാണെന്നും പുടിന്‍ പറഞ്ഞു. യുക്രെയിനുമേല്‍ വിമാനനിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു.

◼️എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരിക്കും. ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തും. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ രണ്ടു മുതല്‍ 18 വരെയുള്ള തീയതിയില്‍ നടത്തും. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. അധ്യാപകരുടെ പരിശീലന ക്യാംപുകള്‍ മെയ് മാസത്തില്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

◼️യുക്രൈനില്‍നിന്ന് ഡല്‍ഹിയില്‍ എത്തി നാട്ടിലേക്കുള്ള വിമാനത്തിനായി 40 മലയാളി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കേണ്ടി വന്നത് 11 മണിക്കൂര്‍. പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞാണ് പിആര്‍ഡി ഇവരെ മാറ്റി നിര്‍ത്തിയത്. അവശരായി യുക്രൈനില്‍ നിന്ന് എത്തിയ കുട്ടികള്‍ക്ക് കേരളാ ഹൗസിലേക്കും പ്രവേശനം കിട്ടിയില്ല. ഇവര്‍ക്കൊപ്പം എത്തിയ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അതാതു സര്‍ക്കാരുകള്‍ വിമാനത്തില്‍ കയറ്റി നാട്ടിലെത്തിച്ചിരുന്നു.

◼️ഓപ്പറേഷന്‍ ഗംഗയിലൂടെ ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചു.

◼️സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസിനാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരത്തിന് ഗായികകൂടിയായ ഡോ. വൈക്കം വിജയലക്ഷ്മി അര്‍ഹയായി. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം ഡോ. സുനിതാ കൃഷ്ണനും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധയും അര്‍ഹരായി.

◼️ഡിസിസി പുന:സംഘടന സംബന്ധിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ ഇന്നു വീണ്ടും ചര്‍ച്ച. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കാനാണ് കൂടിക്കാഴ്ച. ഒമ്പതു ജില്ലകളില്‍ ഇനിയും ധാരണയായിട്ടില്ല. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന്‍ ചര്‍ച്ച നടത്തും. മറ്റന്നാള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ പങ്കെടുക്കുന്നതിനാല്‍ ചര്‍ച്ചയും പ്രഖ്യാപനവും വൈകാനും സാധ്യതയുണ്ട്.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പാക്കേജാണ് നടപ്പാക്കുക. കോഴിക്കോട് സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

◼️കെ. റെയില്‍ പ്രതിഷേധത്തിനിടെ പോലീസുദ്യോസ്ഥനെ അസഭ്യം പറഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വേക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്തുണയുമായി എത്തിയതായിരുന്നു എംപി.

◼️ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജയനാണ് മരിച്ചത്. എട്ടു വര്‍ഷം മുമ്പ് മൂത്ത മകന്റെ വിവാഹത്തിന് ഒല്ലൂക്കര സഹകരണ ബാങ്കില്‍നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖംമൂലം ജോലിക്കു പോകാന്‍ കഴിയാതായി. കോവിഡ് അടക്കമുള്ള പ്രതിസന്ധി മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശ്ശിക എട്ടര ലക്ഷമായി. ജപ്തി നോട്ടീസ് കിട്ടിയതോടെ വിജയന്‍ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.

◼️നിര്‍മാണം പുരോഗമിക്കുന്ന സ്വന്തം വീടിനു മുകളില്‍നിന്ന് കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ കെ ഡി മഹേശന്‍(52) ആണ് മരിച്ചത്.

◼️ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയെന്നാരോപിച്ച് രണ്ടു കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ – മെയില്‍ ചെയ്ത ഫോട്ടയ്ക്കൊപ്പമുള്ള സന്ദേശത്തില്‍ ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇ – മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

◼️രവീന്ദ്രന്‍ പട്ടയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേവികുളം താലൂക്ക് ഓഫിസില്‍ ഹിയറിംഗ് ആരംഭിച്ചു. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളിലെ പട്ടയ ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വിചാരണ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വില്ലേജുകളില്‍ ഹിയറിംഗ് നടത്തും.

◼️കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ 15 പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ജാമ്യം കിട്ടി ഒരു വര്‍ഷത്തിനുശേഷമാണ് സിബിഐ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

◼️സിപിഎം കമ്മിറ്റികളില്‍ ഉള്‍പെടുത്താത്തതുമായി ബന്ധപ്പെട്ട് പി ജയരാജന്‍ സ്വന്തം നിലപാട് പറഞ്ഞിട്ടുണ്ടെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ”ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം” എന്നു കോടിയേരി പ്രതികരിച്ചു. ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ത്തന്നെ’ എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

◼️തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്. രാവിലെ 11 ന് തിരുവനന്തപുരത്തെ എകെജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്.

◼️കോഴിക്കോട് വടകരയില്‍ കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടുവയസുകാരനെ മൂന്നര മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. ഗോസായികുന്ന് സ്വദേശി ഷാഫിയുടെ മകന്‍ ഷിയാസാണ് പന്തെടുക്കാനുള്ള ശ്രമത്തിനിടെ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടയില്‍ കുടങ്ങിയത്.

◼️ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ ഹിന്ദു തീവ്രവാദികളെന്നു പരാമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണ അയ്യൂബ് വിവാദ പരാമര്‍ശം നടത്തിയത്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ഐടി സെല്‍ പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്.

◼️വാഹനങ്ങളില്‍ ഉടനേ ഇന്ധനം നിറച്ചോളൂവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

◼️യുക്രൈനില്‍നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വീണ്ടും അടിയന്തര യോഗം ചേര്‍ന്നു.

◼️യുക്രൈന്‍-റഷ്യ യുദ്ധം വീണ്ടും ശക്തമായി. യുക്രെയിനിലെ ചില പ്രദേശങ്ങളില്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും റഷ്യ ഷെല്ലാക്രമണം തുടര്‍ന്നു. വെടിനിര്‍ത്തല്‍ സമയം അവസാനിച്ചതോടെ റഷ്യ ആക്രമണം ശക്തമാക്കുകയും ചെയ്തു.

◼️യുക്രെയിനിലെ രണ്ടാമത്തെ തുറമുഖനഗരമായ മരിയോപോള്‍ പിടിച്ചെടുക്കാന്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനു റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണം തുടര്‍ന്നെന്ന് യുക്രെയിന്‍. എന്നാല്‍ യുക്രെയിന്‍ മനപ്പൂര്‍വം ഒഴിപ്പിക്കല്‍ വൈകിപ്പിച്ചെന്ന് റഷ്യ ആരോപിച്ചു. ഈ നഗരംകൂടി പിടിച്ചെടുത്താല്‍ യുക്രെയിന്റെ കടല്‍തീരവും തുറമുഖങ്ങളും റഷ്യയോടു ചേര്‍ന്നുകിടക്കുന്ന എല്ലാ പ്രദേശങ്ങളും റഷ്യയുടെ നിയന്ത്രണത്തിലാകും. ഇതേസമയം മെലിറ്റാപോളില്‍ റഷ്യന്‍ സൈന്യത്തിനെതിരേ യുക്രെയിന്‍ ജനത പ്രതിഷേധവുമായി രംഗത്തുവന്നു. ആകാശത്തേക്കു വെടിയുതിര്‍ത്താണ് റഷ്യന്‍ സേന യുക്രെയിന്‍ ജനതയെ നേരിട്ടത്.

◼️കാര്‍കീവ് മേഖലയിലെ പീസോചിനില്‍ കുടുങ്ങി കിടക്കിടന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലോടെയാണ് മലയാളികളും 298 വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്.

◼️എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവച്ച് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ സൈനിക സഖ്യമായ നാറ്റോയെ സെലന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുക്രെയിനെ ആക്രമിക്കാന്‍ നാറ്റോ റഷ്യക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

◼️ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബന്നറ്റ് മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്ക്കു തയാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!