യുക്രെയ്നിൽനിന്ന് യാതനകൾ അതിജീവിച്ച് സ്റ്റാൻലി തിരിച്ചെത്തി; ‘ക്രൈസ്തവചിന്ത’ ഭവനം സന്ദർശിച്ചു

ക്രൈസതവ ചിന്തയ്ക്ക് വേണ്ടി പത്രാധിപസമിതി അംഗം ഷാജി ആലുവിള സ്റ്റാൻലിയെ വീട്ടിലെത്തി അനുമോദിക്കുന്നു

പന്തളം: അനിശ്ചിതത്വത്തിന്റെ കാത്തിരിപ്പിനു ശേഷം യുക്രെയ്നിൽനിന്ന് പന്തളം സ്വദേശി സ്റ്റാൻലി ഇന്നലെ രാത്രി പതിനൊന്നു മണിക്ക് പന്തളത്തിനടുത്തുള്ള കുരമ്പാല ഗിൽഗാൽ ഭവനത്തിൽ സുഖമായി എത്തിച്ചേർന്നു.

‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി യുക്രെയ്നിൽ നിന്നും ഇന്നലെ തിരികെ വന്ന 295 വിദ്യാർത്ഥികളുടെ കൂട്ടത്തിലാണ് സ്റ്റാൻലിയും എത്തിയത്. ഡൽഹിയിൽ എത്തിയ വിദ്യാർത്ഥികളെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ്‌ വിമാനങ്ങളിൽ ആണ് കൊച്ചിയിൽ എത്തിച്ചത്.

എം.ബി.ബി.എസ്. ന് മൂന്നാം വർഷ വിദ്യാർത്ഥിയാണ് സ്റ്റാൻലി.റ്റി. സജി. റഷ്യയുടെ ആക്രമണം തുടങ്ങി രണ്ടു ദിവസത്തിനുശേഷം യൂണിവേഴ്‌സിറ്റി അടച്ചു. സൈറൺ മുഴങ്ങുമ്പോൾ ഹോസ്റ്റലിന്റെ എട്ടാം നിലയിൽ നിന്നും ഓടിയിറങ്ങി യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ ബങ്കറിൽ അഭയം തേടണം. അവിടെ ആഹാരമോ വെള്ളമോ കിട്ടാറില്ല. കയ്യിൽ കരുതിയ കുപ്പിവെള്ളം മാത്രമേ ആ സമയങ്ങളിൽ ആശ്രയമായി ഉണ്ടായിരുന്നുള്ളു. ആഹാരവും വെള്ളവുമില്ലാതെ വളരെ യാതന അനുഭവിച്ചു. 24 മുതൽ ഇവർ ഉറങ്ങിയിട്ടുമില്ല.

27 ന് ഇന്ത്യയില്‍ നിന്നും 24 വിദ്യാർത്ഥികളുടെ ഒരു സംഘം ബസ് മാർഗ്ഗം ചോപ് റെയിൽവേസ്റ്റേഷനിലെത്തി. അവിടെനിന്നും ടാക്സിയെടുത്ത് യുക്രെയ്ൻ അതിർത്തിയിലെത്തിച്ചേർന്നു. അവിടെനിന്നും രണ്ട്‌ കിലോമീറ്റർ നടന്ന് ഹംഗറി അതിർത്തിയിൽ എത്തിയെങ്കിലും പന്ത്രണ്ട് മണിക്കൂർ കാത്തുനിൽക്കണ്ടി വന്നു ഹംഗറിയിൽ പ്രവേശിക്കുവാൻ. മൈനസ് അഞ്ചു ഡിഗ്രി തണുപ്പും അറുപതുകിലോമീറ്റർ വേഗത്തിൽ അടിക്കുന്ന കാറ്റുമായിരുന്നു. ഇരിക്കുവാൻ പറ്റാതെ ഒരേയൊരു നിൽപ്പായിരുന്നു ആ ക്യൂവിൽ. അതിനാൽ പലരുടെയും കാലിൽ നീരും വേദനയുമായി.

അവിടേക്ക് പ്രവേശനം കിട്ടിയുടൻ ഹംഗറി സർക്കാർ വിദ്യാർത്ഥികളെ ഒരുദിവസം സുരക്ഷിതമായി അവിടെ പാർപ്പിച്ചു ഭക്ഷണവും വെള്ളവും നൽകി. അവരുടെ സഹകരണം വിലമതിക്കാൻ സാധിക്കാത്തതായിരുന്നുവെന്ന് സ്റ്റാൻലി പറയുന്നു. അവിടെയുള്ള മലയാളികൾ സ്വന്തം സഹോദരങ്ങളെ പോലെയാണ് കരുതുകയും സഹായിക്കയും ചെയ്തത്.

പിന്നീട്‌ ട്രെയിൻമാർഗ്ഗം ബുഡാപെസ്റ്റ് എത്തിയപ്പോൾ ഭാരത് സമാജ് പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുത്തി. അവരുടെ സ്നേഹവും സഹകരണവും സഹായങ്ങളും വിലപ്പെട്ടതായിരുന്നു.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വിമാനത്താവളത്തിൽ നിന്നും ഒമ്പത് മണിക്കൂർ യാത്രചെയ്ത് ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ അഞ്ചുമണിക്ക് എത്തി. ഡൽഹിയിൽ നിന്നും ഇന്നലെ രാത്രി പതിനൊന്നിന് പന്തളത്തുള്ള വീട്ടിൽ എത്തിച്ചേർന്നു. അതോടു കൂടി ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമം ആയി.

റഷ്യ വർഷിച്ച ബോംബിന്റെ സ്‌ഫോടനശക്തികൊണ്ട് സ്റ്റാലിൽ താമസിച്ച ഹോസ്റ്റൽ ആടി ഉലഞ്ഞു. അതിൽ മുന്നൂറോളം വിദ്യാർത്ഥികൾ താമസിച്ചിരുന്നു. ആർക്കും അപായങ്ങൾ ഉണ്ടായില്ലെങ്കിലും അതിന്റെ ഭീകരത മനസ്സിൽ നിന്നും വിട്ടുമാറുന്നില്ലന്നും സ്റ്റാൻലി ക്രൈസ്തവചിന്തയോട് പറഞ്ഞു.

ഡൽഹിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണൂർ സ്വദേശി ആകാശ്, എറണാകുളം സ്വദേശിനി അഷ്റ, കോട്ടയം സ്വദേശിനി ആസിയ, കൊട്ടാരക്കര സ്വദേശിനി ആർച്ച എന്നിവരും സുരക്ഷിതരായി വീടുകളിൽ എത്തിച്ചേർന്നു. സംസ്ഥാന സർക്കാരിനോടും, കേന്ദ്ര സർക്കാരിനോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് സ്റ്റാൻലിയും കുടുംബാംങ്ങളും പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇടപെടലുകള്‍ രക്ഷപെടുന്നതിന്റെ വേഗത കൂട്ടി. എന്നാൽ മരണമുഖത്തുനിന്നും രക്ഷപെട്ടെങ്കിലും യുക്രൈനിൽ അവർ അനുഭവിച്ച ദുരന്തം വലുതാണ്. അവിടെയുള്ള ഇന്ത്യൻ എംബസിയെ പറ്റി അവരുടെ പരാതി ഇങ്ങനെയാണ്.ഫോണ്‍ വിളിച്ചാൽ എടുക്കുകയോ, എടുത്താൽ രക്ഷപെടുവാനുള്ള മർഗ്ഗമോ പറയാൻ പോലും എംബസി ജോലിക്കാർ നിൽക്കാറില്ല. മനുഷ്യത്വരഹിതമായിരുന്നു അവരുടെ ഇടപെടൽ.

യുദ്ധം ഇനി രൂക്ഷമാകുന്നതിനു മുമ്പ് അവിടെയുള്ള എല്ലാ വിദ്യാർത്ഥികളെയും മറ്റ്‌ ഇന്ത്യക്കാരെയും ഏതുമാർഗ്ഗത്തിലൂടെയും എത്രയും പെട്ടെന്ന്‌ രക്ഷിക്കാൻ ശ്രമിക്കണമെന്നും സ്റ്റാൻലിൻ പറഞ്ഞു. യുദ്ധം അവസാനിച്ചാൽ പഠനം പൂർത്തീകരിക്കാൻ തിരികെ പോകാനാണ് സ്റ്റാന്‍ലിയുടെ ആഗ്രഹം.

പിതാവ് സജി ദീർഘ വർഷമായി ഡൽഹിയിൽ ബിസിനസ്സ് നടത്തുന്നു. ‘അമ്മ ലിറ്റി സജി. മറ്റുസഹോദരങ്ങൾ സ്റ്റെഫി, സ്റ്റീഫൻ. കാരയ്ക്കാട് ചർച്ച് ഓഫ് ഗോഡ് സഭയുടെ അംഗങ്ങൾ ആണ് സജി തെരകത്തിനാലും കുടുംബവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!