മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പിപിഇ കിറ്റുകളും മരുന്നുകളും വാങ്ങിയതില്‍ അഴിമതി: ലോകായുക്ത അന്വേഷണം തുടങ്ങി

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പിപിഇ കിറ്റുകളും മരുന്നുകളും വാങ്ങിയതില്‍ അഴിമതി: ലോകായുക്ത അന്വേഷണം തുടങ്ങി

കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മരുന്നുകളും അടക്കമുള്ളവ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാര്‍ച്ച് ഏഴിനു മുമ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നോട്ടീസയച്ചു. ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്.

◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം.

◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ – യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ ‘യുദ്ധമില്ലാ മാനുഷിക ഇടനാഴി’കളായി മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു.

◼️യുക്രെയിനില്‍നിന്ന് ഇതുവരെ 18,000 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 6,400 പേരെ ഇന്ത്യയില്‍ എത്തിച്ചു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി 30 വിമാന സര്‍വീസ് നടത്തി. അടുത്ത 24 മണിക്കൂറിനിടെ 18 വിമാന സര്‍വീസ്‌കൂടി നടത്തും.

◼️നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓര്‍ഡിന്‍സിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഉപലോകായുക്ത ഹാറൂണ്‍ എല്‍ റഷീദ്. വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കിയതുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴി കേള്‍ക്കുന്നതെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നല്‍കിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് പരമാര്‍ശം.

◼️സംസ്ഥാനത്തു പട്ടയം ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ വകുപ്പില്‍ പണപ്പിരിവു നടത്തുന്നുണ്ടെന്നു സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു വിമര്‍ശനം സിപിഎം സമ്മേളനത്തില്‍ ഉണ്ടായിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു.

◼️പൊലീസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുനയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും പേടി വേണ്ടെന്നും കോടിയേരി പറഞ്ഞു. സ്ത്രീ സമത്വത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖയ്ക്കെതിരേ ആരും സംസാരിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

◼️സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍ എത്തിയേക്കും. മുഹമ്മദ് റിയാസും എ എന്‍ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാന്‍, വി.എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി.കെ രാജേന്ദ്രന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

◼️കെപിസിസി, ഡിസിസി പുനസംഘടന ഹൈക്കമാന്‍ഡ് ഇടപെട്ട് നിര്‍ത്തിയതിനെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപംകൊള്ളുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സമവായ നീക്കങ്ങള്‍ സജീവമാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വിഡി സതീശനും തമ്മില്‍ ഇന്നു ചര്‍ച്ച നടത്തും. എന്നാല്‍ കെ.സി. വേണുഗോപാല്‍ – വി.ഡി. സതീശന്‍ ചേരിക്കെതിരെ കെ. സുധാകരനൊപ്പം രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൈകോര്‍ത്തു.

◼️സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.

◼️ഹരിപ്പാട് ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയില്‍ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട് തറയില്‍ കിഴക്കതില്‍ അഭിജിത്തിനെ (19 )ആണ് മാന്നാറിലെ ബന്ധു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിഷ്ണു എന്ന കൊച്ചു വിഷ്ണു (21) ആണ് കോടതിയില്‍ കീഴടങ്ങിയത്.

◼️ഇടുക്കി ജില്ലയില്‍ രണ്ടു മാസത്തിനകം വിമാനമിറങ്ങും. എന്‍.സി.സി കേഡറ്റുകള്‍ക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തില്‍ പണിയുന്ന എയര്‍ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. വനം വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ദഗതിയാലായിരുന്ന നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റര്‍ റണ്‍വേയുടെ പണികള്‍ പൂര്‍ത്തിയായി. വിമാനം പാര്‍ക്കു ചെയ്യാനുള്ള ഹാംഗറിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്.

◼️രാജ്യത്തെ കോവിഡ് കേസുകളില്‍ അമ്പതു ശതമാനവും കേരളം, മഹാരാഷ്ട്ര, മിസോറാം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഒരു സംസ്ഥാനത്തുമാത്രം പതിനായിരത്തിലേറെ രോഗികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

◼️ചോള കാലഘട്ടത്തിലെ സ്വര്‍ണവും ചെമ്പും കൊണ്ടു നിര്‍മ്മിച്ച ഒരു ബ്രേസ്ലെറ്റ് തമിഴ്നാട്ടിലെ മാളിഗൈ മേടില്‍നിന്ന് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. 7.920 ഗ്രാമാണു ഭാരം. 4.9 സെന്റീമീറ്റര്‍ നീളവും നാലു മില്ലിമീറ്റര്‍ കനവുമുണ്ട്. തകര്‍ന്ന് ദ്രവിച്ചു തുടങ്ങിയ നിലയിലാണ് ഇതു കണ്ടെത്തിയത്. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തലസ്ഥാനമായിരുന്നു ഗംഗൈകൊണ്ടചോളപുരം.

◼️ഇരുപത്തെട്ടുകാരിയും ദളിത് വനിതയുമായ ഡിഎംകെ പ്രവര്‍ത്തക ആര്‍. പ്രിയ ചെന്നൈ കോര്‍പ്പറേഷന്‍ മേയറാകും. ഇന്നാണു മേയര്‍ തെരഞ്ഞെടുപ്പ്. 333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറായിരിക്കും പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിനു മുമ്പ് ചെന്നൈ മേയറായ വനിതകള്‍.

◼️ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ബിജെപി റാലികളുടെ തിരക്കിലാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.

◼️യുക്രൈന്‍ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയ്ക്കു രക്ഷാ ദൗത്യത്തിന്റെ ഏകോപനത്തിനും ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും 24 കേന്ദ്ര മന്ത്രിമാര്‍. യുക്രെയിന്‍ അതിര്‍ത്തികളില്‍നിന്ന് കൂടുതല്‍ പേരെ കൊണ്ടുവരാന്‍ ഈ മാസം പത്തോടെ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകും. മുംബൈയിലും ദില്ലിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ എത്തിയാണ് സ്വീകരിക്കുന്നത്.

◼️പത്തു പേരടങ്ങുന്ന ചെറുസംഘങ്ങളായി പോകണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം ശക്തമായ ഹാര്‍കീവ് ഉള്‍പെടെയുള്ള യുക്രെയിന്‍ പ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് എംബസി പുറത്തിറക്കിയത്. സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കണം. ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കുക. എംബസി അധികൃതരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക. ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

◼️യുക്രെയിനെ നിരായൂധീകരിക്കുകയും നിഷ്പക്ഷ നിലയിലെത്തിക്കുകയും ചെയതിട്ടേ സൈനിക നടപടികള്‍ അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി സംസാരിക്കവേയാണ് പുടിന്‍ ഇങ്ങനെ പ്രതികരിച്ചത്.

◼️യുക്രൈന്‍ തലസ്ഥാനമായ കീവ് നഗരം കീഴടക്കാനുള്ള റഷ്യന്‍ പദ്ധതി അനന്തമായി നീളുന്നു. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യന്‍ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തില്‍ എത്താനായിട്ടില്ല. ഭക്ഷണവും വെള്ളവും ഇല്ലെന്നതാണ് പ്രധാന തടസം.

◼️യുദ്ധം എട്ടാം ദിവസവും തുടര്‍ന്ന റഷ്യയ്ക്ക് അഞ്ഞൂറോളം സൈനീകരെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒമ്പതിനായിരം പേരെ വകവരുത്തിയെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി ആവകാശപ്പെട്ടത്. യുദ്ധത്തിനിടെ മരിച്ചുവീഴുന്ന റഷ്യന്‍ സൈനികരെ കൈയോടെ ദഹിപ്പിക്കുന്ന ക്രിമിറ്റോറിയവുമായാണ് സൈന്യം എത്തിയിരിക്കുന്നതെന്ന് യുക്രൈനും നാറ്റോയും ആരോപിച്ചിരുന്നു.

◼️യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോടു പ്രതികരിച്ചു.

◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം നടത്തുന്ന അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ രക്തത്തില്‍ നാറ്റോയ്ക്കും പങ്കുണ്ടെന്ന് യുക്രെയിന്‍ ഉപപ്രധാനമന്ത്രി ഒള്‍ഹ സ്റ്റെഫാനിഷിന. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. യുക്രെയിനു മുകളിലൂടെ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതു വിലക്കാന്‍ നാറ്റോ തയാറാകാതിരുന്നതാണ് കൂട്ടക്കുരുതിക്കു കാരണമെന്നും അവര്‍ വിമര്‍ശിച്ചു.

◼️യുക്രൈന്‍- റഷ്യ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ , ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ എന്നിവര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!