🔳കോഴിക്കോട് – വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിന്റെ പുതുക്കിയ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നല്കി. കിഫ്ബിയില്‍നിന്നു പണം ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്കു പുതുക്കിയ ഭരണാനുമതി നല്‍കും. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് സമര്‍പ്പിച്ച ഡിപിആര്‍ ആണ് മന്ത്രിസഭ അംഗീകരിച്ചത്.
🔳മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും സൗജന്യങ്ങളും നല്കുന്നതു കുറ്റകരമാണെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും മറ്റും നല്‍കിയതിന്റെ പേരില്‍ മരുന്നു കമ്പനികള്‍ക്കു നികുതിയിളവ് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. അപ്പെക്സ് ലബോറട്ടറീസ് ഈയിനങ്ങളില്‍ ചെലവഴിച്ച അഞ്ചു കോടി രൂപയ്ക്കു നികുതിയിളവ് നിഷേധിച്ചതിനെതിരേ നല്കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
🔳മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവരുത്തിയാണ് നവാബ് മാലിക്കിനെ അറസ്റ്റു ചെയ്തത്.
🔳യുക്രെയിനില്‍ അടിയന്തരാവസ്ഥ. റഷ്യന്‍ മേഖലയിലേക്കു പോകുന്നതു വിലക്കി. റഷ്യയുമായി ഇനി ചര്‍ച്ചയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. റഷ്യയുടേയും അമേരിക്കയുടേയും വിദേശകാര്യ മന്ത്രാലയ മേധാവികള്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയും റദ്ദാക്കി. പഴയ റഷ്യന്‍ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് പുട്ടിന് നടത്തുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു. ഇതേസമയം, റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ ചൈന വിമര്‍ശിച്ചു.
🔳ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മൂന്നെണ്ണത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണു പ്രതികള്‍. രണ്ടെണ്ണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്ഗ്രസുകാരുമാണു പ്രതികള്‍. കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ഉള്പെടുത്താതെയാണു മുഖ്യമന്ത്രിയുടെ കണക്ക്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായി. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1516 കൊലപാതക കേസുകളേ ഉണ്ടായുള്ളൂ. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്കെതിരേ ഉണ്ടായ 86,390 അതിക്രമ കേസുകളില്‍ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകര്‍ന്നെന്ന യുഡിഎഫിന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 85 ലക്ഷം രൂപ അനുവദിച്ചു. പുതിയ കാര്‍ വാങ്ങാനുള്ള പണം നേരത്തെ അനുവദിച്ചിരുന്നു. ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്.
🔳കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പാളത്തിലെ അലൈന്റ്മെന്റില്‍ തകരാര്‍ കണ്ടെത്തിയ പത്തടിപ്പാലത്തു കൂടിയുള്ള മെട്രോ സര്‍വീസുകള്‍ കുറച്ചു. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇനി 20 മിനിറ്റ് ഇടവേളയില്‍ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സര്‍വീസ്. പത്തടിപ്പാലത്തെ തൂണ് ബലപ്പെടുത്തുന്നതിനാണ് നിയന്ത്രണം.
🔳കെപിഎസി ലളിത ഓര്‍മയായി. എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ലളിത അധ്യക്ഷയായിരുന്ന കേരള സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററിലും വടക്കാഞ്ചേരി നഗരസഭയിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ അനേകം പ്രമുഖരെത്തി.
🔳ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജനനേന്ദ്രിയം മുറിച്ചതിനു പിറകിലെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെയാണു ക്രൈംബ്രാഞ്ച് പ്രതിയാക്കിയതെങ്കിലും അവളാണ് അതു ചെയ്തതെന്നു കരുതുന്നില്ല. ഡിജിപി ബി. സന്ധ്യക്കുള്ള പങ്ക് അന്വേഷിക്കണം. ചില രേഖകള്‍ മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. ഗൂഢാലോചന നടത്തി കുറ്റകൃത്യം ചെയ്തവരെ കണ്ടുപിടിക്കണം. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
🔳സിപിഎമ്മുകാര്‍ കൊലയാളികളായ കേസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ മറച്ചുവച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനേയും കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണ്. ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവച്ചു. കണ്ണൂരില്‍ കല്യാണ വീട്ടില്‍ ബോംബെറിഞ്ഞു കൊലപാതകം നടത്തിയതും സിപിഎമ്മുകാരാണെന്നും സുരേന്ദ്രന് ഓര്‍മിപ്പിച്ചു.
🔳കിഴക്കമ്പലത്ത് കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ സംഘര്‍ഷം സൃഷ്ടിക്കുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്ത സംഭവത്തില്‍ 226 പേര്‍ക്കെതിരേ കുറ്റപത്രം. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പേര്‍ക്കെതിരെയാണ് കുറ്റപത്രം. പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത കേസില്‍ 175 പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു. കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
🔳മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. 2016 ല്‍ മലപ്പുറം കരിപ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു മാസം തടവിനും 5200 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്.
🔳ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയില്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.എം തോമസ് ഐസക് രചിച്ച ‘എന്തുകൊണ്ട് കെ റെയില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.
🔳പൊലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐക്കു ചോര്‍ത്തി നല്കിയ സംഭവത്തില്‍ പൊലീസുകാരനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പൊലീസുകാരന് പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരമാണ് ചോര്‍ത്തിക്കൊടുത്തത്.
🔳വയനാട് മേപ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. തോട്ടം ഉടമയ്ക്കും സൂപ്പര്‍വൈസര്‍മാരായ നിധിന്, ഷൗക്കത്തലി എന്നിവര്‍ക്കും എതിരേയാണ് കേസെടുത്തത്. കെണിയില്‍ കുടുങ്ങിയ അഞ്ചു വയസുള്ള ആണ് പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
🔳ക്രൈസ്തവ നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എസ്ഐയുസി ഒഴികേയുളള നാടാര്‍ സമുദായത്തെയാണ് പട്ടികയില്‍ ഉള്‍പെടുത്തുന്നത്. ഇതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും.
🔳ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതിന്റെ മനപ്രയാസത്തില്‍ ലോറി ഡ്രൈവറായ യുവാവ് ജീവനൊടുക്കി. ലോറി ഡ്രൈവറായ മലപ്പുറം വെട്ടം ആലിശ്ശേരിയിലെ മുതിയേരി ബിജുവാണ് ജീവനൊടുക്കിയത്. നാലുമാസം മുമ്പാണ് ബിജു ഓടിച്ചിരുന്ന ഫര്‍ണിച്ചര്‍ ലോറി, റോഡു മുറിച്ചു കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ ലോറിയില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
🔳വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വ്യവസായികള്‍ 18,000 കോടി രൂപ തിരിച്ചടച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരാണ് പണം തിരിച്ചടച്ചത്. സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4,700 കേസുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ അറിയിച്ചു.
🔳യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വിദേശകാര്യമന്ത്രാലയം ഊര്‍ജ്ജിതമാക്കി. 256 യാത്രക്കാരുമായി രണ്ടാമത്തെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തി. മൂന്നാമത്തെ വിമാനം ശനിയാഴ്ച എത്തും.
🔳ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസം തോറും 1000 രൂപ പ്രതിഫലം നല്‍കും. അമേത്തിയിലെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി. കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നതു തടയുമെന്നും യോഗി പറഞ്ഞു.
🔳തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടവുമായി കോണ്‍ഗ്രസ്. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് വാര്‍ഡുകളിലായി 592 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വമ്പന്‍ വിജയം നേടിയ ഡിഎംകെ മുന്നണിയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. സിപിഎം, വിസികെ, എംഡിഎംകെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളും ഡിഎംകെ സഖ്യത്തിലുണ്ടായിരുന്നു. നഗര പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് 368 സീറ്റു നേടി. 1374 കോര്പറേഷന് വാര്‍ഡുകളില്‍ 73 വാര്‍ഡുകളിലും മുനിസിപ്പാലിറ്റികളിലെ 3,843 വാര്‍ഡുകളില്‍ 151 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
🔳ബീഹാറില്‍ വീണ്ടും പശുസംരക്ഷകരുടെ കൊലപാതകം. സമസ്തിപൂര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പ്രവര്‍ത്തകനായ മുഹമ്മദ് ആലമിനെയാണ് പശുസംരക്ഷകരെന്നു പറയപ്പെടുന്ന സംഘം തല്ലിക്കൊന്നത്. മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കാനും ശ്രമമുണ്ടായി. മൃതദേഹത്തില്‍ ഉപ്പു വിതറി കുഴിച്ചിട്ടു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
🔳ചൈനീസ് ഗ്രാമത്തിലെ കുടിലിനുള്ളില്‍ യുവതിയെ ചങ്ങലക്കിട്ട സംഭവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവിശ്യാ മേധാവിയെയും പ്രവിശ്യാ ഗവര്‍ണറെയും പുറത്താക്കി. യുവതിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്കിയ മറ്റ് 15 ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു. സംഭവത്തില്‍ ഇതുവരെ ഒമ്പതു പേര് വലയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെയാണു നടപടി.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.