മാനന്തവാടി : ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ച് കുട്ടികള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങള്‍ വിവാദമാക്കുന്നത് വസ്തുതകള്‍ പൂര്‍ണ്ണമായും മനസിലാക്കാതെയാണെന്ന് മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്.
ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ ഈ വര്‍ഷം മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഷാളും മാസ്കും ഒരുമിച്ച് ധരിച്ച് ക്ലാസ്സില്‍ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഷാള്‍ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുള്ളതായി സിസ്റ്റര്‍ പറഞ്ഞു. യു. പി സ്കൂളില്‍ പഠിക്കുന്ന കുഞ്ഞു കുട്ടികള്‍ക്ക് ഷാളും മാസ്കും ഉപയോഗിച്ചുകൊണ്ട് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത് അസൗകര്യമായിരിക്കും എന്നാണ് ചൂണ്ടിക്കാട്ടിയത്.
പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും സ്കൂളില്‍ വന്നിട്ടില്ല. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് ഒരു മദ്രസ്സ അധ്യാപകനായ വ്യക്തി ഈ പരാതിയുമായി മുന്നോട്ടു വന്നത്.

സ്കൂളില്‍ കുട്ടികളുടെ സുരക്ഷയെക്കരുതി സ്വര്‍ണാഭരണങ്ങളുടെ ഉപയോഗവും വിലക്കിയിട്ടുണ്ട്. എങ്കിലും രക്ഷിതാക്കളുടെ താല്പര്യപ്രകാരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ അനുവാദം നല്കാറുള്ളതായി ഹെഡ്മിസ്ട്രസ് പറഞ്ഞു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്ന വസ്തുത മനസിലാക്കണമെന്ന് ഹെഡ്മിസ്ട്രസ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. വിവിധ മതവിഭാഗങ്ങളിലെ കുട്ടികള്‍ സഹോദര്യത്തോടെ പഠിക്കുന്ന സ്കൂളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കാനുള്ള ശ്രമം ഉണ്ടാവുന്നത് ദുഃഖകരമെന്ന് സിസ്റ്റര്‍ അറിയിച്ചു. സര്‍ക്കാരിന്റെയും കോടതിയുടെയും നിയമങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി അനുസരിച്ചായിരിക്കും; സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്പോട്ട് കൊണ്ടുപോകുന്നത്.
അധ്യാപകര്‍ക്ക് കേരള സര്‍ക്കാര്‍ യൂണിഫോം നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ മാന്യമായ ഏത് വേഷവും ധരിക്കാം എന്ന് നിയമവിദഗ്ധര്‍ പറയുന്നു. അധ്യാപകരായി സേവനം ചെയ്യുന്ന കന്യാസ്ത്രീകളുടെ വേഷവിധാനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍ക്കാരിന്റെ നയമായ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു ആരോപണം ഉയരുന്നത് ആദ്യമാണ്. ഇന്ത്യയിലെമ്പാടും വ്യാപിക്കുന്ന ഹിജാബ് വിവാദം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ചില തല്പരകക്ഷികള് ഈ സംഭവം വിവാദ വിഷയമാക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
സ്കൂളില്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച 2018ല്‍ കേരള ഹൈക്കോടതി വ്യക്തമായ വിധി പറഞ്ഞിട്ടുണ്ട്. സ്കൂള്‍ യൂണിഫോമിനോടൊപ്പം ശിരോവസ്ത്രവും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികള്‍ പിതാവ് മുഖേന നല്കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സുപ്രധാനമായ വിധിയുണ്ടായത്.
യൂണിഫോമിനോടോപ്പം ശിരോവസ്ത്രവും ഫുള്ക്കൈഷര്ട്ടും ധരിച്ച് കുട്ടികളെ ക്ലാസ്സില്‍ പ്രവേശിപ്പിക്കണമെന്ന് സ്കൂള്‍ അധികൃതരോട് നിര്‍ദേശിക്കാന്‍ ആവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ 2018 ലെ കോടതി വിധി. വസ്ത്രധാരണം സംബന്ധിച്ച് വ്യക്തികള്‍ക്ക് സ്വന്തം ആശയം പിന്തുടരാന് സ്വാതന്ത്ര്യമുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
വ്യക്തിപരമായി ഈ അവകാശം ലഭ്യമാണെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ഭരണനിര്‍വഹണ കാര്യങ്ങളില്‍ സമാനമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂളിന്റെ വിശാല അവകാശത്തിന്മേല് ഹര്‍ജിക്കാരുടെ വ്യക്തിപരമായ അവകാശം നടപ്പാക്കി കിട്ടണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.