നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി

മന്ത്രിമാര്‍ക്കു മാത്രമല്ല, നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എല്‍ഡി ക്ലര്‍ക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്തിനു പിറകെയാണ് പുതിയ നിയമന നീക്കം. ചിലയിടങ്ങളില്‍ ഇതിനകം നിയമനം നടത്തുകയും ചെയ്തു.

🔳ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളത്തിന്റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചു നല്‍കിയ കത്തിലാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തത്.

🔳നാളെ മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. എല്ലാ ക്ലാസുകളിലും വൈകുന്നേരം വരെ ക്ലാസ്. പാഠ്യഭാഗങ്ങള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി പരീക്ഷ നടത്താനാണു പരിപാടി.

🔳ഭൂമി തരംമാറ്റ അപേക്ഷയില്‍ തീര്‍പ്പാകാതെ മടുത്ത് സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെന്റ് ചെയ്തത്. സജീവന്റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

🔳കുടുംബത്തിലെ നാലു പേര്‍ വീട്ടിനകത്തു മരിച്ച നിലയില്‍. കൊടുങ്ങല്ലൂരില്‍ ഉഴവത്ത് വീട്ടിനകത്ത് വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തതാണെന്നാണു സംശയം. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണു മരിച്ചത്. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡ് വാതകം നിറഞ്ഞിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ജീവനൊടുക്കുകയാണെന്ന ആത്മഹത്യാ കുറിപ്പു കണ്ടെടുത്തിട്ടുണ്ട്.

🔳ഇന്ത്യ ചൈന ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫ്രന്‍സ് പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന വാക്കു പാലിക്കാത്തതാണ് പ്രധാന പ്രശ്നം. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

🔳പ്രതിപക്ഷ ഐക്യ നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും മുംബൈയില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും കാണും. ജനതാദള്‍ നേതാവ് എച്ച് ഡി ദേവഗൗഡയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കെസിആറിന്റെ നീക്കങ്ങളെ പിന്തുണച്ചിരുന്നു.

🔳കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് ഓടുപൊളിച്ചു രക്ഷപ്പെട്ടത്. ഇന്നലെ ചാടിപ്പോയ യുവാവിനെ രാത്രി ഷൊര്‍ണൂരില്‍നിന്ന് കണ്ടെത്തിയിരുന്നു. ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ചാണ് 21 കാരന്‍ ചാടിപ്പോയത്.

🔳കൊച്ചി മെട്രോ തൂണിനുണ്ടായ ചരിവു കണ്ടെത്താന്‍ വിദഗ്ധ പരിശോധന. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിനു സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആര്‍എല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തുന്നുണ്ട്. തകരാര്‍ ഗുരുതരമല്ലാത്തതിനാല്‍ മെട്രോ സര്‍വീസിനു തടസമില്ല.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ച് ആര്‍ ഡി എസിനെതിരെ എസ്സി എസ്ടി കമ്മിഷന്‍ അംഗവും സിപിഎം നേതാവുമായ എസ്. അജയകുമാര്‍. വീടു നിര്‍മിച്ചുകൊടുത്ത് ആദിവാസികളെ ചൂഷണം ചെയ്യുന്നതിനു കടിഞ്ഞാണിടണമെന്ന് എസ്. അജയകുമാര്‍ പറഞ്ഞു.

🔳കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പാര്‍ട്ടിയിലെത്തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രശ്നത്തില്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

🔳കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചു പങ്കെടുത്തതിന് സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരേ കേസ്. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ്.

🔳ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു നിയമം. മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്ന് സാബു ജേക്കബ്. ട്വന്റി ട്വന്റി പ്രവത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തര്‍വക്കെതിരെ കേസെടുത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു സാബു എം. ജേക്കബ്. സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ കേസെടുക്കാത്തത് എന്തുകൊണ്ടാണ്. പൊലീസിന്റെ അനുമതിയോടെയാണ് ചടങ്ങു നടത്തിയത്. സിപിഎം സമ്മേളനത്തിന് ഇല്ലാത്ത നിയമമാണ് ഇവിടെ നടപ്പാക്കുന്നതെന്നും സാബു ജേക്കബ്.

🔳സംസ്ഥാനത്ത് പുതിയതായി 267 മദ്യശാലകള്‍ തുറക്കാന്‍ നീക്കമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സര്‍ക്കാര്‍ നടപടിയില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി.

🔳പീഡനക്കേസ് പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട മൂന്നംഗ സംഘത്തിലെ രണ്ടു പേരെ മുനമ്പം പോലീസ് അറസ്റ്റു ചെയ്തു. എടവനക്കാട് ഓലിപ്പറമ്പില്‍ കുക്കു എന്ന സരുണ്‍ (28), ചെറായി തടലിപ്പറമ്പില്‍ ഡാനിയേല്‍ ആന്റണി (27) എന്നിവരാണ് പിടിയിലായത്. കുക്കു സരുണ്‍ കൊലക്കേസ് പ്രതിയാണ്. സൈജു ഒളിവില്‍ കഴിയുകയാണെന്നു തെറ്റിദ്ധരിച്ചാണ് മോചനദ്യവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയത്.

🔳റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ മോട്ടോര്‍ഷെല്‍ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് 70 വെടിവയ്പുകള്‍ നടത്തിയെന്നാണ് യുക്രൈയിന്‍ സൈന്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!