കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരമായി മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ സുധാകരന്‍

കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരമായി മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ സുധാകരന്‍

🔳കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരവുമായി കോണ്‍ഗ്രസ്. കര്‍ഷക സമരത്തിന്റെ മാതൃകയില്‍ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് പറയാനാകുമോ? കുറ്റിയടിക്കുന്നത് സര്‍വ്വേയ്ക്കല്ല, ഭൂമി ഏറ്റെടുക്കാനാണ്. സര്‍വ്വേ തടയില്ല. പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല. സുധാകരന്‍ പറഞ്ഞു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം പുറത്തിറക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക.

🔳കെഎസ്ഇബിയിലെ ഇടതു യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പിലേക്ക്. സമര സമിതി നേതാക്കളും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി. അശോകുമായി ഇന്നു ചര്‍ച്ച നടത്തിയശേഷം തീരുമാനമുണ്ടാകും. വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തിന് എസ്ഐഎസ്എഫ് സുരക്ഷ വേണ്ടെന്ന യൂണിയനുകളുടെ തീരുമാനം നടപ്പാക്കാനാണു നീക്കം.

🔳വിഭാഗീയത അവസാനിച്ചെങ്കിലും ചില ജില്ലകളില്‍ പ്രശ്നങ്ങളുണ്ടെന്ന് സിപിഎം കരട് റിപ്പോര്‍ട്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് സംഘടനാ പ്രശ്നങ്ങള്‍. സിപിഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖയും റിപ്പോര്‍ട്ടിലുണ്ട്.

🔳പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചവരില്‍നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ഈടാക്കിയ പിഴത്തുക തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് കോടതിയുത്തരവ്. 274 പേര്‍ക്കെതിരേ നല്‍കിയ നോട്ടീസ് പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

🔳ഭാരതീയ ജനതാപാര്‍ട്ടി അംഗങ്ങള്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍. സാലിഹ് അല്‍ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ച് കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ക്കു കത്ത് നല്‍കിയത്. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

🔳ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ദിലീപാണെന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് ആരോപണം.

🔳പാലക്കാട് ചെറാട് മലയില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അഗ്‌നിശമന സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമിച്ചതു വിവാദത്തില്‍. നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമനം നടത്തിയ സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയുടെ നിയമനത്തിനു നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനെ നവമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതിനെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കൊപ്പം എംഎല്‍എയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.

🔳ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പിവി ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ ട്വന്റി 20 പ്രവര്‍ത്തകര്‍. പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതെന്ന് അവര്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി.വി ശ്രീനിജന്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. ഇതിനെതിരേ ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിലും കഴിഞ്ഞ ശനിയാഴ്ച വിളക്കണയ്ക്കല്‍ സമരം നടത്തി. സമരത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

🔳യുക്രൈനിലേക്ക് എയര്‍ ഇന്ത്യ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 22, 24, 26 തീയതികളിലാണ് സര്‍വ്വീസ്. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

🔳നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മാനേജിംഗ് ഡയറക്ടറായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചിത്ര രാമകൃഷ്ണ, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍, ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍ എന്നിവര്‍ രാജ്യം വിടുന്നതു വിലക്കിയിട്ടുണ്ട്.

🔳ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്നാണു സര്‍ക്കാര്‍ വാദം. ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

🔳മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് സംഭവം. ചായക്കടക്കാരനായ ലക്ഷ്മണനാണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് അറിയിച്ചു.

🔳കിഴക്കന്‍ യുക്രെയിനില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചു. ആളപായമില്ല. റഷ്യ പിന്തുണയ്ക്കുന്ന വിമത വിഭാഗത്തിന്റെ മേഖലയിലാണ് സ്ഫോടനമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!