കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായം പോലെയാണെന്ന് കെ. സുധാകരന്‍

കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായം പോലെയാണെന്ന് കെ. സുധാകരന്‍

🔳കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായം പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരിലെ കല്യാണവീട്ടിലുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചു കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും കൊലയാളി സംഘവും സിപിഎമ്മിനുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീട്ടിലെ സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ബോംബ് നിര്‍മിക്കാനുള്ള സ്ഫോടക വസ്തുക്കള്‍ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ അക്ഷയും സുഹൃത്തുക്കളായ മിഥുനും മറ്റൊരാളും ചേര്‍ന്ന് താഴെ ചൊവ്വയിലെ പടക്ക കടയിലെത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ യുക്രെയിനിലുണ്ട്.

🔳വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റലിക്കാരിയായ ഭാര്യ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഭാര്യ ജ്യോതി എന്ന ജസീന്ത, മുഹമ്മദ് യൂസഫ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണ് റദ്ദാക്കിയത്. 2015 ഓക്ടോബറിലായിരുന്നു വിനോദ് കുമാര്‍ വെട്ടേറ്റു മരിച്ചത്. ജസീന്തയ്ക്കും കഴുത്തിനു വെട്ടേറ്റിരുന്നു. കുടുംബ സുഹൃത്തായ മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ ജസീന്ത കൊലപാതകം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കേസെടുത്തത്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ജസിന്ത അറസ്റ്റിലായതു മുതല്‍ ജയിലിലാണ്.

🔳കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കൈക്കൂലിയായി 15,000 രൂപ കൈപറ്റിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ഉദ്യോഗസ്ഥനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറിനെയാണ് അറസ്റ്റു ചെയ്തത്. നാല്‍പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

🔳മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് എഡിജിപി ശ്രീജിത്ത് മടക്കി. മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായി പറയുന്നില്ല. ഡിഎഫ്ഒ രഞ്ചിത്ത്, മുന്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുരാജ് എന്നിവരുടെ പങ്ക്, ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടു മടക്കിയത്.

🔳നിരോധിത വനമേഖലയായ മലമ്പുഴ ചേറാട് കൂമ്പാച്ചിമലയില്‍ അതിക്രമിച്ചു കയറിയതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുത്തു. ആറു മാസംവരെ തടവോ 25,000 പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കേസാണിത്. കേസ് ഒഴിവാക്കാമെന്ന് ആദ്യം ധാരണയായിരുന്നെങ്കിലും കൂടുതല്‍ പേര്‍ മലകയറാനെത്തിയതോടെയാണ് കേസെടുക്കാന്‍ വനംവകുപ്പു തീരുമാനിച്ചത്.

🔳കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമരു തുരന്ന് ചാടിപ്പോയ സ്ത്രീയെ മലപ്പുറത്തുനിന്നു കണ്ടെത്തി. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലപാതകം നടന്ന വാര്‍ഡില്‍നിന്നാണ് ചാടിപ്പോയത്. മറ്റൊരു വാര്‍ഡില്‍നിന്ന് ഒരു പുരുഷനും ചാടിപ്പോയിരുന്നു.

🔳തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക.

🔳സോളാര്‍ മാനനഷ്ട കേസ് വിധിക്കെതിരായ അപ്പീലിന് വി.എസ്. അച്യുതാനന്ദന്‍ 15 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരമായി ഉമ്മന്‍ചാണ്ടിക്കു വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാണ് 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉപാധിവച്ചത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവക്കേണ്ടെത്.

🔳കണ്ണൂര്‍ മാതമംഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ . സിഐടിയു സമരം തൊഴില്‍ സംരക്ഷണത്തിനാണ്. കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. ജയരാജന്‍ പറഞ്ഞു. സിഐടിയു കടപൂട്ടിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും അതു പര്‍വതീകരിക്കരുതെന്നും മന്ത്രി പി രാജീവ്. പ്രാദേശിക വിഷയങ്ങള്‍ തൊഴിലാളികള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആര്‍ട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെ എസ് യുവിന്. എംബിബിഎസിനു സീറ്റുകിട്ടിയ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കോളജ് വിട്ടതോടെ നാമനിര്‍ദേശപത്രിക അസാധുവായതിനാലാണ് കെഎസ് യുവിന് ആര്‍ട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്. 40 വര്‍ഷത്തിനു ശേഷമാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തുന്നത്.

🔳പത്തനംതിട്ട വയ്പൂരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

🔳ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ ബാലുശ്ശേരിയില്‍ പൊലീസിന്റെ പിടിയിലായി. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ പാടിയില്‍ ജാസിര്‍(39) എന്നിവരെയാണ് പിടികൂടിയത്.

🔳തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും വമ്പന്‍ സാവ് വലയില്‍ കുടുങ്ങി കരയ്ക്കടിഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ സ്രാവിനെ കടലിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞ സ്രാവിനെ കടലിലേക്കു തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

🔳കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ രണ്ടിടങ്ങളില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. കുടകില്‍ ഹിജാബ് ധരിച്ചെത്തിയ 30 വിദ്യാര്‍ത്ഥിനികള്‍ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതാതെ മടങ്ങിപ്പോയി. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികളും പരീക്ഷ ബഹിഷ്‌കരിച്ചു.

🔳സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാന്‍ പത്താന്‍ (37) എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ചുവീഴ്ത്തിയശേഷം കുത്തിക്കൊന്നത്.

🔳വിദേശ ജയിലുകളില്‍ എണ്ണായിരം ഇന്ത്യക്കാര്‍. ഇവരില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളിലാണ്. ബഹറിനിലെ ജയിലുകളില്‍ 178 ഇന്ത്യക്കാരുണ്ട്. 1,570 ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളിലുള്ളത്. 1,292 ഇന്ത്യന്‍ തടവുകാര്‍ യുഎഇയിലെയും 460 തടവുകാര്‍ കുവൈറ്റിലെയും 439 തടവുകാര്‍ ഖത്തറിലെയും 49 പേര്‍ ഒമാനിലെയും ജയിലുകളില്‍ കഴിയുന്നുണ്ട്.

🔳അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അര്‍ദ്ധരാത്രിയില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ച സ്ത്രീ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ചു. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തിയ സ്ത്രീകളെ അര്‍ധരാത്രി അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!