ഹിജാബ് വിവാദത്തിനിടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ഹിജാബ് വിവാദത്തിനിടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ഹിജാബ് വിവാദത്തിനിടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താന്‍ ഇത് ആവശ്യമാണെന്നു ഹര്‍ജിയില്‍ പറയുന്നു. നിഖില്‍ ഉപാധ്യായ എന്നയാളാണു ഹര്‍ജി സമര്‍പ്പിച്ചത്.

🔳രാജ്യത്ത് 22,842 കോടി രൂപയുടെ വായ്പാ തട്ടിപ്പ്. എബിജി ഷിപ് യാര്‍ഡ് കമ്പനിയാണ് തട്ടിപ്പു നടത്തിയത്. എസ്ബിഐ അടക്കമുള്ള 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് തട്ടിപ്പിന് ഇരയായത്. കമ്പനി ഡയറക്ടര്‍മാരായ റിഷി അഗര്‍വാള്‍, സന്തനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരടക്കം എട്ടു പ്രതികള്‍ക്കെതിരേ സിബിഐ കേസെടുത്തു. സൂറത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍വച്ച് ഏറ്റവും വലിയ തട്ടിപ്പുകേസാണിത്.

🔳ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാളെ ആരംഭിക്കുന്ന ക്ലാസ് ഉച്ചവരെ മാത്രം. ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ക്കുവീതമാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരംവരെ ക്ലാസ് നടത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും അധ്യാപക സംഘടനാ നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

🔳ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസിനു മുകളില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. കോട്ടയം കുറുപ്പന്തറയിലാണു സംഭവം. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഡീസല്‍ എഞ്ചിനുള്ള ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ തടസ്സമില്ല. എന്നാല്‍, ഇലക്ട്രിക് എഞ്ചിനുകള്‍ ഘടിപ്പിച്ച ട്രെയിനുകളുടെ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇലക്ട്രിക്ക് എന്‍ജിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്നു വീണതോടെയാണ് ഇലക്ട്രിക് ലൈന്‍ പൊട്ടിയത്.

🔳അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രന്റെ വിദ്യാഭ്യാസ യോഗ്യത കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. എംഎ എക്കണോമിക്സ് ബിരുദധാരിയായ ഇയാള്‍ വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെ എംബിഎ ബിരുദവും നേടി. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താറുണ്ട്. വിനീതയെ കൊന്ന് മോഷ്ടിച്ച സ്വര്‍ണമാല പണയംവച്ചു ലഭിച്ച 32,000 രൂപ ഓണ്‍ലൈന്‍ ട്രേഡിംഗിലാണ് നിക്ഷേപിച്ചത്. അഞ്ചാമത്തെ കൊലപാതകമാണെന്ന വിവരം പോലീസിനെ ഞെട്ടിച്ചിരിക്കേയാണ് പ്രതിക്ക് ഇത്രയും വിദ്യാഭ്യാസയോഗ്യതയുണ്ടെന്നു പോലീസ് കണ്ടെത്തിയത്.

🔳തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇടവിട്ടുള്ള ശക്തമായ മഴ. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലെ വനമേഖലകളിലും മഴ ലഭിക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതല്‍ ശക്തമായ മഴയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

🔳അടുത്ത മാസം മുതല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാനിരിക്കേ, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ പരീക്ഷകളുടെ തീയതികള്‍ മാറ്റി. മാര്‍ച്ച് രണ്ടിനു നടത്തേണ്ട മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27 ലേക്കും മൂന്നാം തീയതിയിലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ ആറാം തീയതിയിലേക്കും നാലാം തീയതിയിലെ ലാബ് അസിസ്റ്റന്റ് പരീക്ഷ 12 ാം തീയതിയിലേക്കും മാറ്റി. മാര്‍ച്ച് എട്ടാം തീയതിയിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ ആറാം തീയതിയിലേക്കും ഒമ്പതാം തീയതിയിലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ 23 ലേക്കും മാറ്റി. മാര്‍ച്ച് 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ 25 ലേക്കും 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ 24 ലേക്കും 14 ാം തീയതിയിലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ 25 ലേക്കും മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ 13 ലേക്കും 19 ലെ എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്കും 22 ലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ 26 ലേക്കും മാറ്റിവച്ചു.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്നു രക്ഷിച്ച അരുവിക്കര എസ് ഐ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. ബഹളത്തിനിടയില്‍ തറയില്‍ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരണ്‍ ശ്യാം മര്‍ദ്ദനം തടഞ്ഞത്.

🔳ഹിജാബിനുവേണ്ടി വാദിക്കുന്നവര്‍ക്കു പിറകില്‍ മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ശൈലിയിലേക്ക് മാറിയെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തില്‍ ഗവര്‍ണര്‍ പറഞ്ഞതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!