🔳കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ല. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്.
🔳ഇടതുമുന്നണിക്ക് രാഷ്ട്രീയ വ്യതിയാനം ഉണ്ടായാല്‍ തുടര്‍ന്നും തിരുത്തുമെന്ന് സിപിഐ. മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇതെന്നും ചൈനയുടെ സമീപനത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്നും സിപിഐയുടെ രാഷ്ട്രീയ രേഖയില്‍ പറയുന്നു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളിലെ റിപ്പോര്‍ട്ടിങ്ങിനായി തയ്യാറാക്കിയ രേഖയില്‍ കെ റെയില്‍ പദ്ധതിയെ സിപിഐ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.
🔳മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി ന്യായികരിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി രംഗത്ത്. സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്ന് സുധാകരന് അഭിപ്രായപ്പെട്ടു. നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
🔳സ്വപ്നാ സുരേഷിന് സ്പെയ്സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്കി. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശയില്‍ ഒരു വര്‍ഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്.
🔳ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍. കശ്മീര്‍ മുതല്‍ കേരളം വരെയും പശ്ചിമ ബംഗാള്‍ മുതല്‍ ഗുജറാത്ത് വരെ വൈവിധ്യങ്ങളുടെ മനോഹാരിതയാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും വയനാട് എം പി കൂടിയായ രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു.
🔳ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണെന്നു സതീശന് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ കേരളവും ബംഗാളും കശ്മീരുമാകാന് യുപിക്ക് ഭാഗ്യം ലഭിക്കട്ടെ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
🔳സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കില്‍ യുപി, കേരളം പോലെയാകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. യുപി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് ജയിലില്‍ പോയിട്ടില്ലെന്നും അഞ്ച് വര്‍ഷത്തിനിടെ യുപിയില്‍ വര്‍ഗീയ ലഹള ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ കൊല നടന്നിട്ടില്ലെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
🔳യോഗിക്കെതിരെ വീണ്ടും പിണറായി. കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണെന്നും അതുകൊണ്ട് കേരളത്തിനെതിരെ ദുഷ്പ്രചാരണം നടത്തുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും അതിന്റെ തികട്ടലാണ് യോഗിയുടെ പരാമര്‍ശത്തിലൂടെ പുറത്തുവരുന്നത് എന്നും പിണറായി പറഞ്ഞു. പുരോഗതി അളക്കുന്ന ഏത് മാനദണ്ഡത്തിലും കേരളം മുന്നിലാണ്. എന്നിട്ടും ഉത്തര്‍ പ്രദേശ് കേരളം പോലെ ആകരുതെന്ന് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
🔳വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
🔳വടക്കാഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎസ് ഔസേപ്പിനെയാണ് അന്വേഷണ വിധേയമായി കെഎസ്ആര്‍ടിസി സിഎംഡി സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സസ്പെന്ഷന് നടപടി.
🔳കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തല്ക്കാലം മതാചാരവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും. ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യയനമാകും തിങ്കളാഴ്ച തുടങ്ങുക.
🔳ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ട് ശതമാനത്തോളം പോളിംഗ്. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗില്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
🔳കുടുംബാധിപത്യം രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും അപകടകരമാണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെയും പ്രധാനമന്ത്രി മോദിയുടെയും വിമര്‍ശനത്തിന് മറുപടിയുമായ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുടുംബമുണ്ടാകുക കുടുംബസ്ഥനാവുക എന്നതില്‍ അഭിമാനിക്കുന്ന ആളാണെന്നും കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳കര്‍ഷകസമരത്തിനിടെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതെന്നതാണ് ശ്രദ്ധേയം.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.