കാറിന്റെ എല്ലാ സീറ്റിലുമുള്ള യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന നിയമം കേന്ദ്രം നിര്‍ബന്ധമാക്കുന്നു.

കാറിന്റെ എല്ലാ സീറ്റിലുമുള്ള യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന നിയമം കേന്ദ്രം നിര്‍ബന്ധമാക്കുന്നു.

🔳കാറിന്റെ എല്ലാ സീറ്റിലുമുള്ള യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന നിയമം കേന്ദ്രം നിര്‍ബന്ധമാക്കുന്നു. ഡ്രൈവറും മുന്നിലെ സീറ്റിലുള്ള യാത്രക്കാരനും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നത്. അപകടങ്ങളില്‍ പിന്‍സീറ്റിലുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനാണ് എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.

🔳ഞായറാഴ്ചകളിലെ ലോക് ഡൗണിനു സമാനമായ നിയന്ത്രണം പിന്‍വലിച്ചു. സ്‌കൂളുകളില്‍ ഫെബ്രുവരി 28 മുതല്‍ വൈകുന്നേരംവരെ ക്ലാസുകള്‍ നടത്തണം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ വിശേഷങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം പുറത്തിറക്കും.

🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കലാണു പ്രധാന കടമ്പയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആര്‍ തയാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയത്. വായ്പാ ബാധ്യതകൂടി പരിശോധിച്ചേ അനുമതി നല്‍കൂവെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

🔳സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ വിളിച്ചു വരുത്തിയ യുവതിയെ മൊഴിയെടുക്കാതെ രണ്ടു മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയെന്നു യുവതിയുടെ അഭിഭാഷക ആരോപിച്ചു. പൊലീസിന്റെ ഇത്തരം മോശം സമീപനമാണ് സ്ത്രീകളെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. പത്തു കൊല്ലം മുമ്പ് കൊച്ചിയിലെ ഒരു വീട്ടില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി.

🔳മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാന്‍ നേവിയുടെയും കരസേനയുടേയും ശ്രമം. ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് ചെറാട് സ്വദേശി ബാബു കുടുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനുസരിച്ച് സൈനിക വിഭാഗങ്ങളിലെ വിദഗ്ധര്‍ അര്‍ധരാത്രിയോടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര ദുരന്തനിവാരണ സേനയുമുണ്ട്. കാലില്‍ പരിക്കുള്ള യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷിക്കാനുള്ള ശ്രമം അതിശക്തമായ കാറ്റുമൂലം പരാജയപ്പെട്ടു. രണ്ടു ദിവസംമുമ്പ് രണ്ടു സുഹൃത്തുക്കളുമൊന്നിച്ചാണു മല കയറിയത്. മലയിറങ്ങുന്നതിനിടെ പാറയിടുക്കിലേക്കു യുവാവ് വീണു. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

🔳കൊവിഡ് മരണകണക്കില്‍ ഇരട്ടിപ്പുണ്ടായെന്നു ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ മെമ്മോ. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് പൂഴ്ത്തിവച്ച മരണ കണക്കുകള്‍ ഒറ്റയടിക്ക് കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നപ്പോള്‍ ആരോഗ്യ വകുപ്പു സെക്രട്ടറിയുടെ ഓഫിസിനടക്കം ഉണ്ടായ പിഴവിനാണ് ഡിഎംഒമാര്‍ക്കു നോട്ടീസ് ലഭിച്ചത്.

🔳കൊവിഡ് ഡ്യൂട്ടിക്കു ഹാജരാകാത്തതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ജി.എല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

🔳ചിന്നക്കനാലില്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ വനംവകുപ്പിന്റെ നീക്കം. ഒഴിഞ്ഞുപോകുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് വനംവകുപ്പിന്റെ വാഗ്ദാനം. ആദിവാസികള്‍ക്കു താമസിക്കാന്‍ നല്‍കിയ ഭൂമിയാണ് മൂന്നൂറ്റൊന്ന് കോളനി. ആനശല്യമുള്ള മേഖലയായതിനാല്‍ ആദിവാസികള്‍ സ്ഥലമുപേക്ഷിച്ചു. മറ്റുള്ളവരെകൂടി ഒഴിപ്പിച്ച് ഇവിടെ ആനപ്പാര്‍ക്ക് പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ വനംവകുപ്പ് പറയുന്നത്.

🔳ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 52 വിക്ഷേപണം ഫെബ്രുവരി 14 ന് രാവിലെ 5.59 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. ഇതിനു പുറമേ രണ്ട് ചെറു ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി സി 52 ബഹിരാകാശത്ത് എത്തിക്കും.

🔳കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ പ്രതിഷേധസമരങ്ങള്‍ അക്രമാസക്തമായി. ഹൈസ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്നു ദിവസത്തേക്ക് അവധി നല്‍കി. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

🔳അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികരും മരിച്ചെന്നു സേന സ്ഥിരീകരിച്ചു. ഞായറാഴ്ച പട്രോളിംഗിനിടെ കെമങ് മേഖലയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ലിഫ്റ്റ് സംവിധാനം സജ്ജമാക്കിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. ഇന്നലെ ഏഴു സൈനികരുടേയും മൃതദേഹം കണ്ടെത്തി.

🔳അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായി വര്‍ധിച്ചെങ്കിലും ആഭ്യന്തരവിപണിയില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാലാണ് വില വര്‍ധന തടഞ്ഞിരിക്കുന്നത്.

🔳അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഗൗതം അദാനി ഒന്നാമതെത്തി. ബ്ലൂംബര്‍ഗ് അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തു പേരില്‍ ഗൗതം അദാനി ഇടംനേടി. ഗൗതം അദാനിക്കിപ്പോള്‍ 8,850 കോടി ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. അദാനിയും അംബാനിയും തമ്മില്‍ 60 കോടി ഡോളറിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1200 കോടി ഡോളറിന്റെ വളര്‍ച്ചയാണ് അദാനി നേടിയത്.

🔳നേപ്പാളിന്റെ അതിര്‍ത്തി ഗ്രാമം ചൈന പിടിച്ചെടുത്തു. നേപ്പാളിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഹുംല മേഖലയിലാണു ചൈനയുടെ കൈയേറ്റം. നേപ്പാള്‍ സര്‍ക്കാരിന്റെ പൊലീസ് ഉദ്യോഗസ്ഥരും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം സ്ഥിരീകരിച്ചു. അതിര്‍ത്തി ഗ്രാമമായ ലാലുങ്‌ജോംഗ് ചൈനയുടെ നിയന്ത്രണത്തിലാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും വിശുദ്ധമായി കരുതുന്ന കൈലാസ പര്‍വതത്തിനടുത്ത ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുറത്തുള്ളവര്‍ക്കു ചൈന വിലക്ക് ഏര്‍പ്പെടുത്തി. ചൈനഅനധികൃത മതില്‍ പണിതിട്ടുണ്ട്. കനാലും റോഡും നിര്‍മിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലും ചൈനയിലും കമ്യൂണിസ്റ്റു പാര്‍ട്ടി ഭരണമാണ്.

🔳ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗം മേധാവി സാനാവുള്ള ഗഫാരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ സ്ഫോടന പരമ്പരയുടെ ഉത്തരവാദികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചു. സ്ഫോടനങ്ങളില്‍ 13 യുഎസ് സൈനികരടക്കം 183 പേരാണു കൊല്ലപ്പെട്ടത്.

🔳പാര്‍ലമെന്റില്‍ ജീവനക്കാരി ബലാല്‍സംഗം ചെയ്യപ്പെട്ടതിന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പാര്‍ലമെന്റില്‍ പരസ്യമായി മാപ്പു പറഞ്ഞു. 2019 ലാണ് ബ്രിട്ടാനി ഹിഗിന്‍സ് എന്ന ജീവനക്കാരി മേലുദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തെന്നു പരാതിപ്പെട്ടത്. പ്രക്ഷോഭങ്ങളെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് വനിതാ ജീവനക്കാരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി കണ്ടെത്തി. സര്‍ക്കാര്‍ മാപ്പു പറയണമെന്നും റിപ്പോര്‍ട്ടു ശിപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി മാപ്പുപറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!