കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും മരണം റിപ്പോര്‍ട്ടു ചെയ്യുന്നതിലും കേരളം ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലുമാണ് രോഗവ്യാപനം കൂടുതല്‍. രോഗവ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും കേരളമാണു മുന്നില്‍. ടിപിആര്‍ 47 ശതമാനമാണ്. ഒക്ടോബര്‍ മുതല്‍ രേഖപ്പെടുത്താത്ത 24,730 മരണങ്ങളാണ് കേരളം കൂട്ടിച്ചേര്‍ത്തത്. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
🔳കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുനര്‍നിയമിക്കാന്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്ന് രാജ്ഭവന്. മുഖ്യമന്ത്രിയുടെ നിയമോപദേശകന് നേരിട്ടെത്തി ആവശ്യപ്പെട്ടെന്നും രാജ്ഭവന് വിശദീകരിച്ചു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു നിയമനമെന്ന സര്‍ക്കാരിന്റെ വാദം രാജ്ഭവന് തള്ളി. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന്റെ രേഖ ലോകായുക്തയില്‍ സമര്‍പ്പിച്ചെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു.
🔳ലോകായുക്ത ഇന്നു പരിഗണിക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേര്‍ക്കുമെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്. രാജ് ഭവന് പുറത്തിറക്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായന്ന പരാതിയുമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ സമീപിച്ചത് രണ്ടു പേര്മാത്രം. പരിശോധനകള്‍ക്കും തെളിവെടുപ്പിനുമായി ഫോണ്‍ കൈമാറേണ്ടിവരുമെന്നു വിദഗ്ധ സമിതി മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടിസ് നല്കി ഒരു മാസം കഴിഞ്ഞിട്ടും പരാതിക്കാര്‍ രണ്ടു പേരേയുള്ളൂ. രണ്ടുപേര്‍ ആരെന്ന് വെളിപെടുത്തിയിട്ടില്ല.
🔳കര്‍ഷക സമരം നയിച്ച കിസാന്‍ മോര്‍ച്ച ബിജെപിക്കെതിരെ പ്രചാരണത്തിന്. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് കിസാന്‍ മോര്‍ച്ച പ്രചാരണത്തിനിറങ്ങുന്നത്.
🔳ലോകായുക്ത ഭേദഗതിയെ സിപിഐ എതിര്‍ക്കും. ജനങ്ങളോടു യുദ്ധം ചെയ്ത് കെ റെയില്‍ പദ്ധതി നടപ്പാക്കേണ്ടതില്ല. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണു ഈ തീരുമാനങ്ങളെടുത്തത്. ലോകായുക്താ ഭേദഗതി നിര്‍ദേശം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതിരുന്നതിന് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമുണ്ടായി. പാര്‍ട്ടി സെന്ററിനെ അറിയിച്ചെന്നും വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിച്ചില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
🔳സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്നു മുതല്‍ ഏഴാം തീയതി വരെ പ്രവേശനം. ഓള് ഇന്ത്യ ദന്തല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ വര്‍ക്കല ശ്രീശങ്കര ദന്തല്‍ കോളജില്‍ പ്രവേശനം ഇല്ല.
🔳കോതമംഗലം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെയെന്ന് അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
🔳തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കു സൗജന്യ പാസ് തുടരും. ഒരു വീട്ടിലെ ഒരു വാഹനത്തിനു മാത്രം സൗജന്യ പാസെന്ന നിയന്ത്രണം ടോള്‍ പ്ലാസ അധികൃതര്‍ മാറ്റി. നിയന്ത്രണത്തിനെതിരെ ടോള്‍ പ്ലാസയ്ക്കുമുന്നില് പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് ഉപരോധ സമരം നടത്തിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വേ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
🔳ഭൂരഹിതര്‍ക്ക് ലൈഫ് മിഷന് പദ്ധതി പ്രകാരം വീട് വയ്ക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന് 13 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. അടൂരിലുള്ള കുടുംബ സ്ഥലമാണ് സര്‍ക്കാറിനു കൈമാറിയത്.
🔳കാലടി സര്‍വ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു കത്ത്. അക്കാദമിക് കൗണ്‍സിലെ നാലംഗങ്ങളും, വകുപ്പ് മേധാവികളുമായി 18 പേരാണ് കത്തയച്ചത്. കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍വ്വകലാശാലയില്‍ വിസിയും പ്രൊ വിസിയും ഇല്ല.
🔳തൃശൂരില്‍ വിസ തട്ടിപ്പുകേസിലെ പ്രതി പിടിയില്‍. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് മരത്താക്കര സ്വദേശിയില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത മൂവാറ്റുപുഴ മുളവൂര്‍ മാളിക്കുന്നേല് വീട്ടില്‍ ജോബി എന്ന മുപ്പത്തൊന്നുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
🔳സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മത പത്രം നിര്‍ബന്ധമാക്കണോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സംഘമായുള്ള പരിപാടികളും, മത്സരങ്ങളും അനുവദിക്കണോ എന്നും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സാമൂഹിക അകലം എന്നതിനു പകരം ശാരീരിക അകലം എന്ന പദം ഉപയോഗിക്കണം.
🔳ലോക്സഭയിലെ പ്രസംഗത്തിന് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കേ, രാഹുലിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ഭരണഘടനയുടെ ആശയം ഊന്നിപ്പറഞ്ഞ് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിന് ട്വീറ്റ് ചെയ്തു.
🔳പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും. പ്രധാനമന്ത്രി തിങ്കളാഴ്ച മറുപടി നല്‍കും. തമിഴ്നാട്ടില്‍ നീറ്റ് ഒഴിവാക്കാന്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണ്ണര്‍ മടക്കിയ വിഷയം ഡിഎംകെ അംഗങ്ങള്‍ ഇരു സഭകളിലും ഉന്നയിക്കും. ഇന്നലെ ഡിഎംകെ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.
🔳സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാര്‍ക്കു ലഭിക്കില്ലെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.
🔳ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ അമേരിക്ക വധിച്ചു. ഐഎസ് തലവനായ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് അബു ഇബ്രാഹിമിനെ വകവരുത്തിയത്.
🔳ഫേസ് ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാര്‍ക് സക്കര്‍ബര്‍ഗിന് ഇരുപതിനായിരം കോടി ഡോളറിന്റെ നഷ്ടം. ഓഹരി മൂല്യം 20 ശതമാനത്തിലേറെ ഇടിഞ്ഞതാണു കാരണം. മെറ്റ പ്ലാറ്റ്ഫോം കമ്പനിയുടെ നാലാം പാദവാര്‍ഷിക ഫലം പുറത്തുവന്നതോടെയാണ് ഓഹരി വില തകര്‍ന്നത്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.