വണ്‍ ഇന്ത്യ വണ്‍ പെന്‍ഷൻ കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷൻ കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷൻ മുദ്രാവാക്യത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് കണ്ടെത്തല്‍. ഇന്റലിജന്‍സ് വകുപ്പ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. ഈ രഹസാന്വേഷണ റിപ്പോര്‍ട്ടിന് പഴക്കുമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചര്‍ച്ചയാകുകയാണ്. ഈ കൂട്ടായ്മയെ നിയന്ത്രിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍എസ്എസിന്റെ പ്രത്യേക വിഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏകീകൃത പെന്‍ഷനെന്ന ആശയത്തിലെ ജനകീയത മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ദീര്‍ഘകാലത്തേക്കുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് ഈ മൂവ്‌മെന്റിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം പൊതുസമൂഹത്തില്‍ ആര്‍എസ്എസുകാരനെന്ന ലേബല്‍ ഇല്ലാത്ത ആര്‍എസ്എസില്‍ ശക്തമായ വേരുകളുള്ള ആളുകളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ വിരോധികളായവരെ പോലും ഭാവിയില്‍ ഈ മൂവ്‌മെന്റിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. വളരെ തുച്ഛമായ പെന്‍ഷന്‍ തുക മാത്രം കൈപ്പറ്റുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ പുതിയൊരു രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും മാസത്തില്‍ 10,000 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പതിനായിരത്തില്‍ പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന വാദം. 2018 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 119 ആണ്. അവരുടെ കൈകളിലാണ് ഇന്ത്യന്‍ ആസ്തിയുടെ 77 ശതമാനവും ഉള്ളത്. അവരുടെ വരുമാനത്തിന് കേവലം ഒരു ശതമാനം സെസ്സ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയില്‍ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പൗരന്മാര്‍ക്കും 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുമെന്നിരിക്കെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷൻ ഈ ആവശ്യമുന്നയിക്കാത്തത് മുതലാളിത്ത കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനം പോലും ഉണ്ടാവാതിരിക്കാന്‍ അതീവ ജാഗ്രതയുള്ളതുകൊണ്ടാണെന്നും സൂചനയുണ്ട്.

2013 നു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷനാണ് നിലവിലുള്ളത്. റിട്ടയര്‍മെന്റ് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ ജീവനക്കാരനും തന്റെ അടിസ്ഥാന ശമ്പളവും ഡിഎയും കൂടിയ തുകയുടെ 10 ശതമാനം പെന്‍ഷന്‍ വിഹിതമായി അടയ്ക്കണം. ഈ വസ്തുതയും സംഘടന മറച്ച് വയ്ക്കുന്നു. കേവലം 19,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ക്ലാര്‍ക്ക് പോലും മാസം തോറും 2280 രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. ഇത്രയും തുക സര്‍ക്കാര്‍ ജോലി ഇല്ലാത്തവര്‍ക്കു വേണ്ടി ആവിഷ്‌കരിച്ചിട്ടുളള വിവിധ പെന്‍ഷന്‍ പദ്ധതികളിലൊന്നില്‍ പ്രതിമാസം നിക്ഷേപിച്ചാല്‍ ഏവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകുമെന്നതും ഇവര്‍ മറച്ചുവയ്ക്കുന്നു.

സ്വാമിനാഥന്‍ കമ്മിഷന്‍ റിപോര്‍ട്ട് പ്രകാരം ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബിജെപി സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെക്കുറിച്ച് അറിയാതെ പോലും ഒരക്ഷരം പുറത്തുവരാതിരിക്കാന്‍ അസാമാന്യ മെയ് വഴക്കമാണിവര്‍ കാണിക്കുന്നതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇല്ലാത്ത ശത്രുവിനെയും അയഥാര്‍ഥ കാരണങ്ങളെയും ചൂണ്ടികാണിച്ച് ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയെന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെയും കാണുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കലും അവരെ പൊതു ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തലും കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമാണ്. ഈ താല്‍പ്പര്യങ്ങളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയിലൂടെ നിറവേറ്റപ്പെടുന്നതെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് വിശദീകരിക്കുന്നു.

ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും മാസത്തില്‍ 10,000 രൂപ പെന്‍ഷന്‍. ഇതിന് വേണ്ടത് 10,000 ല്‍ അധിക പെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പെന്‍ഷനില്‍, അധികം വരുന്ന തുക പിടിച്ചെടുക്കുകയും, 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുന്നു.

ഇന്ത്യന്‍ ഭരണകൂടം കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍, ദയാരഹിതമായി നടപ്പിലാക്കിയതിന്റെ ഭാഗമായി തൊഴില്‍ രഹിതരായവര്‍ , തൊഴില്‍ നഷ്ടപ്പെട്ടവര്‍, പാപ്പരായ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമടക്കം ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്ന മുഴുവനാള്‍ക്കും ഈ വാഗ്ദാനം ഏറെ സ്വീകാര്യമാവും. അവരുടെ പ്രയാസത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അവര്‍ തിരച്ചറിയാതെ പോവുകയും തൊഴില്‍ രഹിതന്റെ ശത്രു തൊഴിലെടുക്കുന്നവനും 60 വയസ്സ് കഴിഞ്ഞ് ജീവിക്കാന്‍ പ്രയാസപ്പെടുന്നവന്റെ ശത്രു ഉയര്‍ന്ന പെന്‍ഷന്‍ പറ്റുന്നവനുമായി മാറും. യഥാര്‍ത്ഥ ശത്രു മറഞ്ഞിരിക്കും.


MATRIMONY
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!