പഞ്ചാബില്‍ വാഗ്ദാനപ്പെരുമഴ; ഫോണ്‍, സ്‌കൂട്ടി, പണം, ഗ്യാസ് സിലിണ്ടര്‍ എന്നിവ സൗജന്യം; സുപ്രീം കോടതിയില്‍ കേസ്

പഞ്ചാബില്‍ വാഗ്ദാനപ്പെരുമഴ; ഫോണ്‍, സ്‌കൂട്ടി, പണം, ഗ്യാസ് സിലിണ്ടര്‍ എന്നിവ സൗജന്യം; സുപ്രീം കോടതിയില്‍ കേസ്

18 കഴിഞ്ഞ സ്ത്രീകള്‍ക്കെല്ലാം പ്രതിമാസം 1000 രൂപ നല്‍കുമെന്നാണ് എ.എ.പി യുടെ വാഗ്ദാനം. ഈ കാര്യത്തില്‍ ഒരുപടി മുന്‍പിലാണ് ശിരോമണി അകലിദള്‍. അവരാകട്ടെ 2000 രൂപയാണ് കൊടുക്കാമെന്ന് പറയുന്നത്. കോണ്‍ഗ്രസാകട്ടെ ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് അവരുടെ വാഗ്ദാന പെരുമഴ.

2000 രൂപയ്ക്കു പുറമേ പ്രതിവര്‍ഷം എട്ട് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ഭാഗ്യമതികള്‍. അവര്‍ക്ക് കിട്ടാന്‍ പോകുന്നത് സ്‌കൂട്ടിയാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ക്ക് കിട്ടും 20,000 രൂപ. പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15,000 രൂപയും എട്ടാം ക്ലാസ് കടന്നവര്‍ക്ക് 10,000 രൂപയും അഞ്ച് കഴിഞ്ഞവര്‍ക്ക് 5000 രൂപയും കൊടുക്കുമത്രേ. ജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഈ പറഞ്ഞതൊക്കെ.

ഏതാണ്ടിതേ വാഗ്ദാനങ്ങളാണ്‌ കോണ്‍ഗ്രസ് യു.പി.യിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 12-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ബിരുദ പഠനം നടത്തുന്നവര്‍ക്ക് സ്‌കൂട്ടി, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വര്‍ഷത്തില്‍ എട്ട് ഗ്യാസ് സിലിണ്ടര്‍, ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഇങ്ങനെ പോകുന്നു യു.പി യിലെ വാഗ്ദാനം.

വോട്ട് കിട്ടാനായി രാഷ്ട്രീയപാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന ഈ വാഗ്ദാനങ്ങളെ സുപ്രീം കോടതി ഗൗരവമായി കാണുകയാണ്. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിക്കഴിഞ്ഞു. സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി തേടിയിട്ടുണ്ട്.

ബജറ്റ് തുകയെക്കാള്‍ വലിയ തുകയുടെ സൗജന്യ വാഗ്ദാനങ്ങളാണ് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിലെ സ്ഥിരം പൊതുതാല്‍പര്യ ഹര്‍ജിക്കാരനായ ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായാണ് ‘ഫ്രീ ബീസ്’ വിഷയത്തിലും പരാതി നല്‍കിയത്.
പൊതു ഖജനാവിലെ ഫണ്ടുപയോഗിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് വിവിധ ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!