ഹൈക്കോടതി വിലക്കി, സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. അമ്പതു പേരില്‍ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങളും ഹൈക്കോടതി വിലക്കി. ഇടക്കാല ഉത്തരവിലൂടെയുള്ള വിലക്ക് ഒരാഴ്ചത്തേക്കാണ്. സിപിഎം കാസര്‍കോട്ട് ജില്ലാ സമ്മേളനം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. തൃശൂരിലെ സമ്മേളനം ഇന്നുച്ചയോടെ അവസാനിപ്പിക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇന്നു വൈകീട്ട് സമ്മേളനം അവസാനിപ്പിക്കാനിരുന്നതാണ്. കാസര്‍കോട് കളക്ടര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു.
🔳സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സമ്പൂര്‍ണ അടച്ചില്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയ നയമാണ് കേരളം നടപ്പാക്കുന്നത്. വ്യാപാര, ഗതാഗത മേഖല അടക്കം സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുമെന്നതിനാലാണ് അടച്ചിടല്‍ ഒഴിവാക്കുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലുമായി അഞ്ചു കോടിയിലധികം ഡോസ് വാക്സിനേഷന് നല്കി. 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്കി. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 33 ശതമാനം പേര്‍ക്ക് വാക്സിന് നല്കി. 15 നും 17 നും ഇടയ്ക്കു പ്രായമുള്ള 61 ശതമാനം പേര്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്. മന്ത്രി അറിയിച്ചു.
🔳നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പോലീസ് തെരുവിലിറങ്ങി പരിശോധന നടത്തും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത്യാവശ്യ റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി.
🔳അഭ്യന്തര വിമാനയാത്രകളില്‍ ഇനി ഒറ്റ ഹാന്‍ഡ് ബാഗ് മാത്രം. വിമാനത്താവളത്തിലേയും വിമാനത്തിലേയും തിരക്കും സുരക്ഷാ ഭീഷണിയും കുറയ്ക്കാനാണ് ഈ നിയന്ത്രണം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
🔳സിപിഎമ്മിനെ കേള്‍ക്കാതെയാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോടതി ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.
🔳ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സാമാന്യ യുക്തിയുള്ള ആര്‍ക്കും ഹൈക്കോടതി പറഞ്ഞതു മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സിപിഎം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൊലയ്ക്കു കൊടുക്കുകയാണ്. സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ നീക്കം ചെയ്തു. അതേസമയം രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചു മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും. തമിഴ്നാട്ടിലും ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
🔳പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി സിപിഎം ജനങ്ങളെ കൊലയ്ക്കു കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സമ്മേളനം വിജയിപ്പിക്കാന്‍ ജനങ്ങളുടെ ജീവന് പന്താടുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് സുരേന്ദ്രന് ആരോപിച്ചു.
🔳കോവിഡ് മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തു.
🔳പിറകിലെ ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകര്‍ത്തു. നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ലോറി മണിക്കൂറിനകം പിടികൂടുകയും ചെയ്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകള്‍, പാനലുകള്‍ പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ തകര്‍ന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയതാണു കാരണം. പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
🔳കുതിരാനിലെ രണ്ടാം തുരങ്കവും തുറന്നെങ്കിലും ടോള്‍ പിരിവ് ഉടനേ ആരംഭിക്കില്ല. പണി പൂര്‍ത്തിയാകാത്തതിനാല്‍ ദേശീയപാത അതോറിറ്റി കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഇതു നല്‍കാതെ ടോള്‍ പിരിവ് സാധ്യമല്ല. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു ദേശീയപാത അതോറിറ്റി നല്കിയ വിവരാവകാശ രേഖയിലാണ് ഈ വിവരം. ദേശീയപാത രണ്ടര കിലോമീറ്റര്‍, സര്‍വീസ് റോഡ് ആറു കിലോമീറ്റര്‍, എട്ടു കിലോമീറ്റര്‍ കാന, എട്ടു കള്‍വര്‍ട്ടുകള്‍ വീതികൂട്ടല്‍, 12 ബസ് ഷെല്‍ട്ടറുകള്‍, എട്ടു ജംഗ്ഷനുകളുടെ വികസനം എന്നീ പണികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
🔳ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ അരൂരില്‍ പ്രവര്‍ത്തനം തുടങ്ങും. 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയാണ് ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നത്.
🔳കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കേ, ഫെബ്രുവരി ഒന്നു വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല.
🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്പെഷല്‍ സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിക്കുക.
🔳യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ അടക്കമുള്ളവര്‍ക്കെതിരെ വധ ശ്രമത്തിനു കേസെടുത്തു. കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു മര്‍ദനം.
🔳ട്യൂഷനു പോകുകയായിരുന്ന പതിനഞ്ചുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് മൂഴിക്കല്‍ റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് പിടിയിലായത്.
🔳ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെത്തുടര്‍ന്ന് കളിപ്പാട്ട വ്യാപാരശാലയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ റെയ്ഡ്. നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.
🔳സിനിമാ രംഗത്തുള്ള സ്ത്രീകളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രനിയമനിര്‍മാണം വേണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ നിയമമന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗസമിതി പഠിച്ചുവരികയാണെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകൂടി കിട്ടിയശേഷം സമഗ്രനിയമനിര്‍മാണം ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു. നിയമനിര്‍മ്മാണത്തിനു് മുമ്പ് തങ്ങളെ കേള്‍ക്കണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
🔳അമര്‍ ജവാന് ജ്യോതി ഓര്‍മയായി. ആ ജ്യോതി ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോടു ചേര്‍ത്തു. യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും പേരു കൊത്തി വച്ച ദേശീയ യുദ്ധസ്മാരകത്തിലായതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
🔳പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റേറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് 43 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്.
🔳ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താന്‍തന്നെയാകുമെന്ന സൂചന നല്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രകടന പത്രിക പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ സൂചന നല്‍കിയത്. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസില്‍ നിങ്ങള്‍ വേറെ ആരുടേയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന മറുചോദ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.
🔳ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ പാമ്പ്. ജസ്റ്റീസ് എന്‍.ആര്. ബോര്‍കറിന്റെ ചേംബറില്‍നിന്നാണ് പാമ്പിനെ പിടികൂടിയത്.
🔳സുപ്രീം കോടതിക്കു മുന്നില്‍ നോയിഡ സ്വദേശി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. രാജ്ബാര്‍ ഗുപ്ത എന്നയാളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
🔳മഹാത്മാഗാന്ധിയെ അപഹസിച്ച ആള്‍ദൈവം കാളിചരണ്‍ മഹാരാജ് റിമാന്‍ഡില്‍. താനെ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. സമാനമായ കേസില്‍ റായ്പൂരിലെ ജയിലില്‍ കഴിയവേയാണ് താനെ കോടതി ശിക്ഷ വിധിച്ചത്.
🔳ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഉത്പല്‍ പരീക്കര്‍ ബിജെപിയില്‍നിന്നു രാജിവച്ചു. പനാജി നിയമസഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണു രാജി. സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഉത്പല്‍ അറിയിച്ചു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.