🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. മൂന്നു ദിവസത്തെ ശരാശരി രോഗവ്യാപനം 30 ശതമാനത്തില്‍ കൂടുതലായ ഈ ജില്ലകളില്‍ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈനായി മാത്രമേ യോഗങ്ങളും പരിപാടികളും നടത്താവൂ.
🔳പന്ത്രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന് കുത്തിവയ്പ്പ് മാര്‍ച്ച് മാസത്തോടെ ആരംഭിക്കും. പതിനഞ്ച് വയസിനു മുകളിലുള്ള കൗമാരക്കാരിലെ വാക്സിനേഷന് അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. വാക്സിനേഷന് ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി.
🔳കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ സജീവമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
🔳ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എസ്ഡിപിഐ ആലപ്പുഴ മുന്‍സിപ്പല്‍ ഏരിയ പ്രസിഡന്റ് ഷെര്‍നാസ് (39) ആണ് അറസ്റ്റില്‍ ആയത്. കേസില്‍ ഇതുവരെ 19 പേര് അറസ്റ്റിലായി. മുഖ്യ പ്രതികളടക്കം കൂടുതല്‍ പേര് ഇനിയും അറസ്റ്റിലാകാനുണ്ട്.
🔳തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ നഴ്സുമാര്‍ ജനുവരി 31 ന് അനിശ്ചിതകാല സമരം തുടങ്ങും. നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ടിനെതിരെയുള്ള നടപടി പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
🔳കോട്ടയത്ത് യുവാവിനെ കൊന്ന് ഗുണ്ട മൃതദേഹം പോലീസ് സ്റ്റേഷനിലിട്ട സംഭവത്തിനു പിറകേ, ഗുണ്ടാവേട്ടയുടെ കണക്കു പുറത്തുവിട്ട് മുഖംരക്ഷിക്കാനുള്ള ശ്രമവുമായി പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 14,014 ഗുണ്ടകളെ പിടികൂടിയെന്നാണ് പോലീസിന്റെ അവകാശവാദം. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും പോലീസ്.
🔳സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ആശങ്ക മാറ്റാനെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷം ഡിപിആര്‍ പഠിച്ച് പോസിറ്റീവായ നിലപാടിലേക്കു വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
🔳കുടുംബശ്രീ തെരഞ്ഞെടുപ്പിനു കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കി ദുരന്തനിവാരണ വകുപ്പ്. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇളവ് നല്കി.
🔳കോട്ടയത്ത് പത്തൊമ്പത് വയസുകാരന് ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനിലിട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കഞ്ചാവു കടത്തിന് കേസുണ്ടെന്ന് കോട്ടയം എസ്പി അറിയിച്ചു.
🔳കോട്ടയം അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 12 യാത്രക്കാര്‍ക്കു പരിക്ക്. മാട്ടുപെട്ടിയിലേക്കു പോകുകയായിരുന്ന ബസാണ് ഇന്നു പുലര്‍ച്ചെ രണ്ടരയോടെ മറിഞ്ഞത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳മലപ്പുറം മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്തു വയസുകാരന് മരിച്ചു. കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ അഫ്നാനാണ് മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുത്ത് കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റില്‍. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണു കേസ്. 2016 ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ സന്ധ്യക്കെതിരേ രണ്ടു പോക്സോ കേസുകളുണ്ട്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
🔳കൊല്ലം കിഴക്കേ കല്ലടയില്‍ അടിപിടി കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരും പ്രതിയുടെ കുടുംബാംഗങ്ങളും തമ്മില്‍ കയ്യാങ്കളി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പൊലീസ് വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മര്‍ദനം അഴിച്ചുവിടുകയും ചെയ്തെന്നാണ് പ്രതിയുടെ കുടുംബാംഗങ്ങളുടെ പരാതി.
🔳മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വന്‍ മയക്കുമരുന്നു വേട്ട. മലപ്പുറത്ത് മൂന്നു കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാള്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായി. ചട്ടിപ്പറമ്പ് സ്വദേശി മജീദാണ് പിടിയിലായത്. തൃശൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. തൃശൂര്‍ പഴുവില്‍ സ്വദേശി മുഹമ്മദ് ഷെഹിന് ഷായെ 33 ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാര്‍ കിഴക്കേനടയില്‍വച്ചാണ് അറസ്റ്റു ചെയ്തത്. ഈ മയക്കുമരുന്നിന് രണ്ടു ലക്ഷത്തോളം രൂപ വിലവരും.
🔳പ്രണയത്തകര്‍ച്ച കാരണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വിതുരയിലെ ആദിവാസി ഊരുകളില്‍ സമഗ്ര പദ്ധതി നടപ്പാക്കാന്‍ പൊലീസ്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കും. വവിധ വകുപ്പുകളുമായി ചേര്‍ന്നായിരിക്കും പദ്ധതി. ലഹരി സംഘങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങിയതായും ഊരു സന്ദര്‍ശിച്ച റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
🔳യൂട്യൂബില്‍ നോക്കി മോഷണം പഠിക്കുകയും തൊഴിലാക്കുകയും ചെയ്ത പ്രതി പിടിയില്‍. മലപ്പുറം വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന് വീട്ടില്‍ വിവാജ(36)നെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് വടക്കുംപ്പാടത്തെ വീടിന്റെ ജനല്‍ കമ്പി മുറിച്ച് അകത്തു കടന്ന് രണ്ടു പവന് സ്വര്‍ണവും 20,000 രൂപയും വിവാജ കവര്‍ന്നിരുന്നു.
🔳പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടു വയസുകാരിയോടു ഡിജിപി അനില്‍കാന്ത് ക്ഷമ ചോദിച്ചെന്നു കുട്ടിയുടെ പിതാവ് ജയചന്ദ്രന്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ടപ്പോഴാണ് ക്ഷമപറഞ്ഞതെന്നു ജയചന്ദ്രന്. എന്നാല്‍ ഡിജിപിയെ കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ പറഞ്ഞിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസ്. സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
🔳സുപ്രീം കോടതിയിലെ ഓണ്‍ലൈന്‍ ഹിയറിംഗ് അലങ്കോലമായി. അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണു ഹിയറിംഗില്‍ പങ്കെടുത്തത്. മിക്കവര്‍ക്കും റേയ്ഞ്ച് ഇല്ലാത്തതിനാല്‍ ഹിയറിംസ് ഇടക്കിടെ തടസപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ഹിയറിംഗില്‍ പങ്കെടുക്കുന്നതു നിരോധിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് പറയുകയും ചെയ്തു.
🔳പഞ്ചാബിലെ നിയമസഭാ വോട്ടെടുപ്പു തിയ്യതി 20 ലേക്കു മാറ്റി. രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ചാണ് ഫെബ്രുവരി 14 നു നടത്താനിരുന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നീട്ടിയത്. ഗുരു രവി ദാസ് ജയന്തി ആഘോഷം നടക്കുന്നതിനാലാണ് വോട്ടെടുപ്പു മാറ്റിവച്ചത്.
🔳നിയമഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും ബിജെപി മന്ത്രിസഭയില്‍നിന്നു പുറത്താക്കല്‍. മന്ത്രി ഹരക് സിംഗ് റാവത്തിനെയാണു മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പുറത്താക്കിയത്. ഹരക് സിംഗ് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു നടപടി.
🔳ഉത്തരാഖണ്ഡില്‍ മഹിളാ കോണ്‍ഗ്രസ് അധ്യഷ സരിത ആര്യയെ കോണ്‍ഗ്രസ് പുറത്താക്കി. നൈനിറ്റാള്‍ സീറ്റ് നല്കാതിരുന്നതിനാല് സരിത ആര്യ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനിരിക്കെയാണ് നടപടി.
🔳രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിപ്പപ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സായുധ സേനയുടെ 75 വിമാനങ്ങള്‍ ഡല്‍ഹിയിലെ രാജ്പഥിനു മുകളിലൂടെ വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കും. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75 ആകൃതിയില്‍ പറക്കും. ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി, നാവികസേന എന്നിവയുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുക.
🔳റിപ്പബ്ളിക് ദിനാഘോഷ പരേഡിനു കേരളത്തിനു പുറമേ, പശ്ചിമ ബംഗാളിന്റെയും ടാബ്ലോ കേന്ദ്രം നിരസിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രമേയമാക്കിയാണ് ടാബ്ലോ ആസൂത്രണം ചെയ്തത്. ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മവാര്‍ഷികം കൂടിയാണ്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.