കെ റെയില്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതാണെന്നും ജപ്പാനില്‍നിന്ന് വായ്പയെടുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍.

കെ റെയില്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതാണെന്നും ജപ്പാനില്‍നിന്ന് വായ്പയെടുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍.

🔳കെ റെയില്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതാണെന്നും ജപ്പാനില്‍നിന്ന് വായ്പയെടുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം നടത്തിയ ഇടപെടലുകള്‍ മൂലമാണ് ഡിപിആര്‍ പുറത്തുവിട്ടത്. കെ റെയില്‍ പണിയാന്‍ എത്ര ടണ്‍ കരിങ്കല്ലും മെറ്റലും മണ്ണും മണലും വേണം. ഇക്കാര്യം ഡിപിആറിലുണ്ടോ. ദിവസേന 80,000 യാത്രക്കാരുണ്ടാകുമെന്നാണു ഡിപിആറിലെ പ്രതീക്ഷ. അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിനിനു പ്രതീക്ഷിക്കുന്നത് മുപ്പതിനായിരം യാത്രക്കാരെയാണ്. അദ്ദേഹം പറഞ്ഞു.

🔳കെ റെയില്‍ രഹസ്യരേഖയാക്കി സൂക്ഷിച്ച ഡിപിആര്‍ നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളുടെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ വിവരങ്ങളുമുണ്ട്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുക. കെ റെയിലിനു 13 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവും നിര്‍മ്മിക്കണം. ഇരുവശത്തും അതിര്‍ത്തി വേലികള്‍ സ്ഥാപിക്കും. 20 മിനിറ്റ് ഇടവിട്ട് പ്രതിദിനം 37 സര്‍വീസ് നടത്തും. 3776 പേജുള്ള ഡിപിആറില്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറു കോടി രൂപയാണ്.

🔳സംസ്ഥാനത്തു ടിപിആര്‍ 20 നു മുകളിലുള്ള പ്രദേശങ്ങളില്‍ മതപരമായ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിലേറെയാണെങ്കില്‍ പൊതുപരിപാടികള്‍ പാടില്ല. ഓണ്‍ലൈനായി മാത്രമേ നടത്താവൂവെന്നും നിര്‍ദേശം.

🔳കേരളത്തിലെ കോടതികളില്‍ നാളെ മുതല്‍ നേരിട്ടു വാദം കേള്‍ക്കില്ല. ഓണ്‍ലൈനായി മാത്രമാണു കോടതികള്‍ പ്രവര്‍ത്തിക്കുക.

🔳കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. അമ്പതിലേറെ പേര്‍ യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല.

🔳സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ്. ഐ.ബി സതീഷ് എംഎല്‍എ, ഇ ജി മോഹനന്‍ എന്നവിര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചെങ്കിലും സിപിഎം ജില്ലാ പ്രതിനിധി സമ്മേളനം തുടരുകയാണ്.

🔳സംസ്ഥാനത്ത് പകുതിയിലധികം കൗമാരക്കാരും കൊവിഡ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായത്. കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകള്‍ക്ക് ക്ഷാമമില്ല. സര്‍ക്കാരും ആരോഗ്യവകുപ്പും സജ്ജമാണ്. ആരോഗ്യമന്ത്രി പറഞ്ഞു.

🔳കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഈ മാസാവസാനംവരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. നാളെ സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.

🔳കുന്നത്തുനാട് എംഎല്‍എ ശ്രീനിജനും കിറ്റക്സ് തൊഴിലാളികളും തമ്മില്‍ തര്‍ക്കം. പെരിയാര്‍വാലി കനാലിലെ വെള്ളം കിറ്റെക്സ് ദുരുപയോഗിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ശ്രീനിജനും സംഘവും എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്സ് തൊഴിലാളികള്‍ ആശുപത്രിയിലെത്തി.

🔳രണ്ടാം പിണറായി സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ചു കൊല്ലം പിന്നിട്ട സര്‍ക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. വിമര്‍ശനം വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

🔳എറണാകുളം ഞാറയ്ക്കല്‍ പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന വി.ആര്‍. ജോസഫ് (51) ആണ് മരിച്ചത്. തല മുതല്‍ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങള്‍ മണ്‍കുഴിയിലായ നിലയിലായിരുന്നു മൃതദേഹം. കൊലപാതമല്ല, കുഴിയില്‍ വീണുണ്ടായ അപകടമാകാം മരണകാരണമെന്നു പൊലീസ് സംശയിക്കുന്നു.

🔳തലശേരി രൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയേയും പാലക്കാട് രൂപതാ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനേയും നിയമിച്ചു. ഇരുവരും അതതു രൂപതകളില്‍ സഹായമെത്രാന്മാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

🔳ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആര്‍എംപി പ്രവര്‍ത്തകരായ ഒന്‍പതു പേരെയാണ് തെളിവില്ലാത്തതിനാല്‍ വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. ടിപി വധകേസില്‍ കെ.സി രാമചന്ദ്രനെ അറസ്റ്റ് ചെയ്ത 2012 മെയ് പതിനഞ്ചിനു രാത്രിയാണ് വീട് ആക്രമിക്കപ്പെട്ടത്.

🔳ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എ കൈവശംവച്ച അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരനെകൂടി കേള്‍ക്കണമെന്നും കോടതി. ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

🔳നടിയെ ആക്രമിച്ച കേസില്‍ പുതിയ സംഭവവികാസങ്ങള്‍ക്കിടെ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിക്ക് ഉറക്കമില്ല. ദിവസങ്ങളായി ഉറങ്ങാന്‍ കഴിയുന്നില്ല. തൃശൂര്‍ മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ചികില്‍സ തേടുകയും ചെയ്തു.

🔳മയക്കുമരുന്നുമായി മൂന്നു യുവാക്കളെ കനകക്കുന്ന് പോലീസ് പിടികൂടി. കായംകുളം സ്വദേശി മുഹമ്മദ് നൗഫല്‍(24), പ്രവീണ്‍(24) ശ്യാം ദാസ്(29), എന്നിവരെയാണ് എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടിയത്.

🔳ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിന് ഇത്തവണയും ദേശപ്പകര്‍ച്ചയില്ല. കഴിഞ്ഞ തവണത്തേതുപോലെ ഭക്ഷ്യക്കിറ്റുകള്‍ നല്‍കും. 30,000 ഭക്ഷ്യക്കിറ്റുകള്‍ ഫെബ്രുവരി 10 നകം തയ്യാറാക്കും. ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും ഈ മാസം 18 മുതല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ല. താമര, ചെത്തി, മന്ദാരം എന്നീ പൂക്കളും മാലകെട്ടാത്ത തുളസിയും മാത്രമേ ക്ഷേത്രത്തില്‍ സ്വീകരിക്കൂ.

🔳അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവ് സനലിനെ പോലീസ് തെരയുന്നു. നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. പൊള്ളലേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പീഡനംമൂലം ഭാര്യയും മകളും ഭര്‍ത്താവിനരികില്‍നിന്ന് അകന്നു കഴിയുകയായിരുന്നു.

🔳പന്നിയെ കെണിവച്ചു പിടിച്ച് കറിവച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.

🔳തൃശൂരില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് തൃശൂരിലെ തെക്കുംകരയില്‍ സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്.

🔳തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഒരു വര്‍ഷത്തിലേറെ കാലാവധിയുള്ളതും രണ്ടു വര്‍ഷത്തിനകം കാലാവധി അവസാനിക്കുന്നതുമായ രണ്ടു കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഇനി 5.1 ശതമാനമാണ്. ഇതുവരെ അഞ്ചു ശതമാനമായിരുന്നു പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 5.5 ശതമാനം പലിശ ഇനി 5.6 ശതമാനമായിരിക്കും.

🔳പഞ്ചാബിലെ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു. 86 സ്ഥാനാര്‍ത്ഥികള്‍, ഛരണ്‍ജിത്ത് സിംഗ് ഛന്നിയും സിദ്ദുവും മത്സരത്തിന്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്.

🔳ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്ന് ഇനി ആരും തങ്ങളുടെ പാര്‍ട്ടിയിലേക്കു വരേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി വിട്ടുവന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സ്വീകരണം നല്‍കിയശേഷമാണ് അഖിലേഷ് ഈ നിലപാട് പ്രഖ്യാപിച്ചത്.

🔳ഗെയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഇഎസ് രംഗനാഥനെതിരെ സിബിഐ കേസ്. ഗെയിലിന്റെ പെട്രോ കെമിക്കല്‍ ഉല്‍പനങ്ങള്‍ വില കുറച്ചുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേസ്. കേസില്‍ നാലാം പ്രതി മലയാളിയായ എന്‍ രാമകൃഷ്ണന്‍ നായരാണ്.

🔳ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത തുടരുകയാണെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവനെ. ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോമും പുറത്തിറക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!