മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയി

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയി

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയി. 29 നു തിരിച്ചെത്തും. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു ചികില്‍സ.

🔳സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍. അമേരിക്കയിലേക്കു തിരിക്കുന്നതിനു മുന്‍പു യാത്രപറയാന്‍ കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിള്ച്ച് സംസാരിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

🔳തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പും പിഎസ്സി പരീക്ഷാ തട്ടിപ്പും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാറശാലയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ബിജെപി ജില്ലയില്‍ നടത്തുന്ന മുന്നേറ്റത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

🔳സംസ്ഥാനത്തെ സ്‌കൂളുകള്‍ 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടയ്ക്കും. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതി. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംവിധാനമൊരുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം. രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല.

🔳സിപിഎം ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റി. കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണു തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.

🔳ബിഷപ് ഫ്രാങ്കോയെ കുറ്റമുക്തനാക്കിയ കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം രണ്ടു ദിവസത്തിനകം. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണു കോടതി വിധിന്യായത്തില്‍ പറയുന്നത്. പലതവണയായി ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ ആരോപണവും നിലനില്‍ക്കില്ല. കന്യാസ്ത്രീയും ബിഷപ്പും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാരതര്‍ക്കത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ടതാണ് ബലാല്‍സംഗക്കേസെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്നു വിധിന്യായത്തില്‍ പറയുന്നു.

🔳’ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി. അതില്‍ ഏറെ സന്തോഷമുണ്ടെ’ന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം ചെയ്തെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

🔳കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്‍. ഒരിക്കല്‍ കോടതി വിധിക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജയരാജന്‍ പ്രതികരിച്ചു.

🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരണവുമായി മലയാള സിനിമയിലെ നടിമാര്‍. ‘അവള്‍ക്കൊപ്പം എന്നും’ എന്ന കുറിപ്പോടെ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

🔳പുതുവര്‍ഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ് ഐയ്ക്കെതിരായ നടപടി പിന്‍വലിച്ചു. കോവളത്ത് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിയ സംഭവത്തിലെ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.

🔳സിപിഎം പരസ്യമായി ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം നീക്കം നടക്കുമ്പോള്‍ സിപിഎം ചൈനക്കൊപ്പം നില്‍ക്കുന്നത് ഗൗരവതരമായ കാര്യമാണ്. തുടര്‍ച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.

🔳കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ നാഗര്‍കോവില്‍-കോട്ടയം ്(16366), കോട്ടയം-കൊല്ലം (06431), കൊല്ലം – തിരുവനന്തപുരം (06425), തിരുവനന്തപുരം – നാഗര്‍കോവില്‍ (06435). പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍(06023), കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍ – മംഗളൂരു (06477), മംഗളൂരു-കണ്ണൂര്‍ (06478), കോഴിക്കോട് – കണ്ണൂര്‍ (06481), കണ്ണൂര്‍ – ചര്‍വത്തൂര്‍ (06469), ചര്‍വത്തൂര്‍-മംഗളൂരു (06491), മംഗളൂരു-കോഴിക്കോട് (16610) എന്നിവയാണു റദ്ദാക്കപ്പെട്ട ട്രെയിനുകള്‍.

🔳കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശികളായ ഭര്‍തൃമതികളായ രണ്ടു സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ ഡിസംബര്‍ 26 ന് രാത്രി നാടുവിടുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം ബി.എസ്. മന്‍സില്‍ ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട് കുറ്റാലത്തെ റിസോര്‍ട്ടില്‍നിന്നു പിടിയിലായത്.

🔳കേന്ദ്ര ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനം തുടങ്ങുക. ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

🔳വിവാഹിതരായ ഹിന്ദു യുവാക്കള്‍ക്കു കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് മിലിന്ദ് പരാണ്ഡെ. ഹിന്ദു സമൂഹം ജനസംഖ്യയില്‍ കുറഞ്ഞുവരികയാണ്. ഇതു നിലനില്‍പ്പിന് തന്നെ ഭീഷണിയായെന്നും പരാണ്ഡെ മധ്യപ്രദേശില്‍ പ്രസംഗിക്കവേ പറഞ്ഞു. വിഎച്ച്പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തിലായിരുന്നു ഈ ഉദ്ബോധനം.

🔳ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നു രാജിവച്ച് എത്തിയ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ക്കു സമാജ് വാദി പാര്‍ട്ടി നല്‍കിയ സ്വീകരണ സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 2,500 പേര്‍ക്കെതിരേയാണു കേസെടുത്തത്.

🔳ഉത്തര്‍പ്രദേശില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപി വിട്ടുപോകുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് ദളിത് സ്നേഹപ്രകടനം. ബിജെപി ദളിത് വിരുദ്ധരാണെന്ന് ആരോപിച്ചാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. സ്വന്തം മണ്ഡലമായ ഗൊരഖ്പുരിലെ വോട്ടറുടെ വീട്ടിലെത്തിയാണ് ആദിത്യനാഥ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

🔳ഉത്തരകൊറിയയുടെ ഹാക്കര്‍ ആര്‍മി കഴിഞ്ഞവര്‍ഷം ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ ഏഴ് ആക്രമണങ്ങള്‍ നടത്തി നാലായിരം ലക്ഷം ഡോളര്‍ കൈക്കലാക്കി. ബ്ലോക്ക്‌ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!