ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ വിധി നാളെ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ വിധി നാളെ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ കേസില്‍ വിധി പറയും. ആറ് വകുപ്പുകളാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ 2018 ജൂണിലാണ് കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. കുറുവിലങ്ങാട്ടെ മഠത്തിലെും മറ്റിടങ്ങളിലും വച്ച്‌ 2014 മുതല്‍ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്.

അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണു ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. വൈക്കം ഡിവൈ എസ് പിയായിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

അടച്ചിട്ട കോടതി മുറിയില്‍ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 2019 ഏപ്രില്‍ ഒമ്ബതിനു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബര്‍ 29നാണു പൂര്‍ത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനല്‍കിയത്. പ്രതിഭാഗം ഒന്‍പതു സാക്ഷികളെയാണു വിസ്തരിച്ചത്.

,122 രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അഡ്വ ജിതേഷ് ജെ ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.

പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോയെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതു പോലെ കുറ്റപത്രം വൈകുന്നതിലും പ്രതിഷേധമുയര്‍ന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സേവ് ഔര്‍ സിസ്റ്റേഴ്‌സ് കൂട്ടായ്മ എന്ന പേരില്‍ പരസ്യപ്രതിഷേധം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!