ഗവർണർക്ക് നൽകിയ കത്ത് സമ്മർദ്ദം കൊണ്ടെഴുതിയത് ; മനസ് പതറുമ്പോൾ കൈ വിറച്ചിട്ടുണ്ടാകാം: കേരള  വി.സി മഹാദേവൻ പിള്ള

ഗവർണർക്ക് നൽകിയ കത്ത് സമ്മർദ്ദം കൊണ്ടെഴുതിയത് ; മനസ് പതറുമ്പോൾ കൈ വിറച്ചിട്ടുണ്ടാകാം: കേരള വി.സി മഹാദേവൻ പിള്ള

🔳രാഷ്ട്രപതിക്കു ഡി- ലിറ്റ് നിഷേധിച്ചുകൊണ്ട് ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയതാണെന്ന് കേരള സര്‍വ്വകലാശാല വിസി. മനസ് പതറുമ്പോള്‍ കൈവിറച്ചിട്ടുണ്ടാകാം. അതൊരു കുറവായി കാണുന്നില്ലെന്നു വി.പി മഹാദേവന്‍ പിള്ള.

🔳കേരള സര്‍വകലാശാലയുടെ അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ യോഗം ചര്‍ച്ച ചെയ്യും. വി.സി നല്‍കിയ കത്ത് തെറ്റുകളുള്ളതും നിലവാരമില്ലാത്തതുമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. സമ്മര്‍ദംമൂലമാണു കത്തെഴുതിയതെന്ന് വി.സി പ്രതികരിക്കുകയും ചെയ്തിരുന്നു.

🔳കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി ലിറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയതില്‍ സന്തോഷം. താന്‍ ചാന്‍സലറായി തുടര്‍ന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും പൊറുപ്പിക്കില്ല. അദ്ദേഹം പറഞ്ഞു.

🔳കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യാത്രകളും ആല്‍ക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കണം. സംസ്ഥാനത്തെ കോവിഡ് മരണം അമ്പതിനായിരം കവിഞ്ഞു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ബാധകമാണെന്നു മന്ത്രി പറഞ്ഞു.

🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഞ്ജലി. ഇടുക്കിയില്‍നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. പാലക്കുളങ്ങരയിലെ വീടിനു സമീപം സിപിഎം വാങ്ങിയ എട്ടു സെന്റ് സ്ഥലത്ത് ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

🔳ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലേയും സംഘര്‍ഷം. സംഘര്‍ഷംമൂലം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. മലപ്പുറം ചെറുകോട് കോണ്‍ഗ്രസ് – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരത്തെ കെ സുധാകരന്റെ വീട്ടിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. കൊല്ലം പള്ളിമുക്കിലും കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകളും തകര്‍ത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. വടകര എംയുഎം സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി.

🔳ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം ആരോപണം തരംതാഴ്ന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ കെ സുധാകരനുള്‍പ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. ചെന്നിത്തല പറഞ്ഞു.

🔳ധീരജ് കൊലക്കേസില്‍ സിപിഎം നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരപരാധികളെ അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യാദൃശ്ചികമായി ഉണ്ടായ കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രിന്റേയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും മേല്‍ മെക്കിട്ടുകേറേണ്ടെന്നും സതീശന്‍.

🔳പോലീസുദ്യോഗസ്ഥരെ വകവരുത്താന്‍ പ്രതി ദിലീപ് ഗൂഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. എറണാകുളം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുന്നത്. പോലീസാണു കേസിലെ പരാതിക്കാര്‍. ഇന്നലെ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

🔳അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 20 ഓഡിയോ റെക്കോഡുകള്‍ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളുമുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന്റെ തെളിവുകളും കൈമാറി. കൂടുതല്‍ പേര്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

🔳അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചുള്ള കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചത്തേക്കു മാറ്റി. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു. സീനിയര്‍ അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കണം എന്നാണു ദിലീപ് ആവശ്യപ്പെട്ടത്.

🔳ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യമായ സമയത്ത് വേണ്ട പിന്തുണ നല്‍കാന്‍ സമൂഹത്തിനും സിനിമാലോകത്തിനും സാധിച്ചോയെന്നതടക്കമുള്ള ചോദ്യങ്ങളുമായി വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല നടിക്കുള്ള പിന്തുണയെന്നും അവര്‍ വ്യക്തമാക്കി.

🔳ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നു തുടങ്ങും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗ സംഘം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. മകരവിളക്ക് ഉത്സവം നടക്കുന്ന വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

🔳കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് സീറോമലബാര്‍ സഭാ സിനഡ്. ഭൂമിയും കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അനുഭാവപൂര്‍വ്വം കണക്കിലെടുക്കണം. സര്‍ക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടാണ് ഈ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നതെന്നും സഭാ സിനഡ്.

🔳പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികവേഴ്ച നടത്തിയ കേസില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന നിരീക്ഷണത്തോടെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്.

🔳മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു കൊവിഡ്. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ്.

🔳സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയില്‍ വീഴ്ച വന്നിട്ടില്ലെന്നും അവര്‍ മാവോ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെന്നും പി മോഹനന്‍ പറഞ്ഞു.

🔳കേരള പൊലീസ് നടത്തിയ ഓപറേഷന്‍ കാവല്‍ റെയ്ഡില്‍ പിടിയിലായത് 13,032 ഗുണ്ടകള്‍. 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്‍പതുവരെയുളള കണക്കാണിത്. പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.

🔳പാലക്കാട് പുതുപ്പെരിയാരത്തു ദമ്പതികളെ വെട്ടികൊലപ്പെടുത്തിയ മകന്‍ വായിലും മുറിവുകളിലും കീടനാശിനി ഒഴിച്ചിരുന്നെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മ ദേവി വെള്ളം ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകന്‍ സനല്‍ അരിവാളും കൊടുവാളും ഉപയോഗിച്ച് അമ്മയെ വെട്ടിവീഴ്ത്തി. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളുണ്ട്. നടുവിനു പരിക്കേറ്റ് കിടപ്പായിരുന്ന അച്ഛന്‍ ചന്ദ്രന് 26 വെട്ടേറ്റു. സനലിനു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടന്നു പൊലീസ്. മയക്കുമരുന്നിന് അടിമയാണോയെന്നും പരിശോധിയ്ക്കും.

🔳ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കളും മന്ത്രിമാരുമായ സ്വാമി പ്രസാദ് മൗര്യ, റോഷന്‍ലാല്‍ വര്‍മ എന്നിവരും രണ്ട് എംഎല്‍എമാരും പാര്‍ട്ടിവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി ക്കു തിരിച്ചടി. ബിജെപി ഭരണത്തില്‍ ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുകയാണെന്നും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും മന്ത്രിസ്ഥാനം രാജിവച്ച സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഒപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.

🔳കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യാ- ചൈന സൈനിക കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച ഇന്ന്. ഹോട്ട്സ്പ്രിംഗ് മേഖലയിലെ സൈനിക പിന്‍മാറ്റമാകും പ്രധാന ചര്‍ച്ച. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിര്‍മ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്ടിച്ചത് സമാധാനശ്രമങ്ങള്‍ക്ക് കല്ലുകടിയാകുമെന്ന് കരുതിയിരിക്കെയാണ് ചര്‍ച്ച.

🔳ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി. ഹോട്ടലുകളിലും ബാറുകളിലും ഭക്ഷണ പാനീയങ്ങള്‍ വിളമ്പുന്നതു നിരോധിച്ചു.

🔳വീടു നിര്‍മ്മിക്കാന്‍ പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഐപിസി 304 ബി പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

🔳മധ്യപ്രദേശില്‍ ചത്ത കുരങ്ങന്റെ സംസ്‌കാരത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആയിരത്തിയഞ്ഞൂറോളം പേര്‍. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലെ ദാലുപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ നിരവധിപേര്‍ ഒളിവിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!