കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോടു മറുപടി പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോടു മറുപടി പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

🔳കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോടു മറുപടി പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങള്‍ക്കും കേരള ഘടകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം.

🔳കെ റെയില്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാകില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി ദൂരീകരിക്കും. എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നത ഇല്ലെന്നും രാജന്‍ പറഞ്ഞു.

🔳മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ റെയിലിനു ബദലായി മുന്നോട്ടുവച്ച സബര്‍ബന്‍ ആശയം റെയില്‍വെ ബോര്‍ഡ് നിരാകരിച്ച പദ്ധതി. നിലവിലുള്ള റെയില്‍ പാളത്തെ ആശ്രയിച്ച് പദ്ധതി നടപ്പാക്കുന്നതിലായിരുന്നു എതിര്‍പ്പ്. സില്‍വര്‍ ലൈനിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെയാണ് സബര്‍ബന്‍ റെയിലിനെ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചത്.

🔳കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അവലോകന യോഗം നടത്തിയതിനു പിറകേ, ഇന്ന് സംസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം. രാവിലെ 11 നു ചേരുന്ന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്ന് ഓണ്‍ലൈന്‍ യോഗം നടത്തും.

🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചത്. കൗമാരക്കാരുടെ വാക്സിനേഷന്‍ ത്വരിതപ്പെടുത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറു ലക്ഷത്തോളമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

🔳നടന്‍ ദിലീപിനെതിരായ പുതിയ കേസില്‍ പോലീസ് മേധാവികളെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസന്വേഷണ ചുമതലയുണ്ടായിരുന്ന എഡിജിപി ബി സന്ധ്യ, എസ്പി സുദര്‍ശന്‍, എ.വി. ജോര്‍ജ്, ബൈജു പൗലോസ്, സോജന്‍ എന്നിവര്‍ക്കെതിരെ ഗൂഡാലോചന നടത്തി. ലോറി ഇടിപ്പിച്ചു കൊല്ലുമെന്നും കൈവെട്ടുമെന്നും ദിലീപ് പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് കേസിന് ആധാരം. ദിലീപും സഹാദരനും പ്രതികളാണ്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയശേഷം ദിലീപിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യാനാണു നീക്കം.

🔳സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെ. ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റിയിലാണു തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

🔳പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ രണ്ടു പുലിക്കുട്ടികള്‍. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളുടെ തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. തള്ളപ്പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കൂടു സ്ഥാപിച്ചിട്ടുണ്ട്.

🔳കേരളത്തില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ഇന്നു മുതല്‍. ഇന്നലെ ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് ഇന്നു വാക്സീന്‍ നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാംഡോസ് വാക്സീന്‍ എടുത്ത് ഒമ്പതു മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദി 150 കര്‍ഷകരെ കൊന്നെന്ന് എഴുതിയ കാര്‍ തിരുവനവന്തപുരത്തെ പട്ടത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ യുപി രജിസ്‌ട്രേഷനുള്ള വാഹനമാണിത്. പട്ടം റോയല്‍ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

🔳പാലക്കാട് അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇന്നു മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കും. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കൊവിഡ് ക്ലിനിക്ക്, പള്‍മണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒപികളാണ് ആരംഭിക്കുന്നത്.

🔳നീറ്റ് പിജി കൗണ്‍സിലിംഗ് ബുധനാഴ്ച മുതല്‍. സുപ്രിം കോടതി ഉത്തരവനുസരിച്ച് മുന്നാക്ക സംവരണം പാലിച്ചുകൊണ്ടാണു പ്രവേശനം.

🔳രാഷ്ട്രപതിക്കു ഡിലിറ്റ് നല്‍കാന്‍ വിയോജിപ്പ് അറിയിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നല്‍കിയ കത്തു ചോര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കാനില്ലെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇങ്ങനെ തുടരുന്നതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു.

🔳ഒമിക്രോണ്‍ ബാധിച്ചെന്നു നടി ശോഭന. മുന്‍കരുതലുകള്‍ എടുത്തിട്ടും ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍. എല്ലാവരും വാക്സിനെടുക്കണമെന്നും ശോഭന ഇന്‍സ്റ്റാഗ്രാമിലൂടെ ഓര്‍മിപ്പിക്കുന്നു.

🔳യാത്രക്കാരിയോട് ബസില്‍ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.പി. അനിലിനെയാണ് പിരിച്ചുവിട്ടത്. 2020 ഡിസംബര്‍ 25 നു യാത്രക്കാരി നല്‍കിയ പരാതിയില്‍ വെള്ളൂര്‍ പൊലീസ് കേസെടുത്തിരുന്നു.

🔳ആലുവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പൊലീസ് പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

🔳വിവാഹത്തിനു കാസര്‍കോട്, മംഗലാപുരം മേഖലയിലെ ഹൈന്ദവ ആരാധനാ മൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടിയ വരനും വധുവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ദക്ഷിണ കന്നഡ പൊലീസാണു കേസെടുത്തത്. വരന്‍ ഉമറുല്ല ബാഷിത്ത് കാസര്‍കോട് ഉപ്പള സ്വദേശിയാണ്.

🔳നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിഘടിച്ചുതന്നെ മല്‍സരിക്കും. കോണ്‍ഗ്രസും ഒറ്റയ്ക്കു മല്‍സരിക്കുമെന്ന നിലപാടിലാണ്. ബിജെപിക്കെതിരെ വിശാലമുന്നണി എന്ന ആശയംപോലും പ്രതിപക്ഷകക്ഷികളുടെ അജണ്ടയില്‍ ഇല്ല. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയ എസ് പിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബിഎസ്പിയും വ്യക്തമാക്കി.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പഞ്ചാബില്‍ നേരിടേണ്ടിവന്ന സുരക്ഷവീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളെ കാണാനുള്ള അദ്ദേഹത്തിന്റെ ജനാധിപത്യ അവകാശത്തെയാണ് ഈ സംഭവം ഹനിച്ചതെന്ന് ലണ്ടന്‍ സിഖ് അസോസിയേഷന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!