🔳കേരളത്തില്‍ ഒന്നും നടക്കില്ലെന്നു ശാപവാക്കുകള്‍ ഉരുവിട്ടവര്‍ക്കു വികസനംകൊണ്ട് മറുപടി നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും. നാടിനെ അഭിവൃദ്ധിയിലേക്കു നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണ്. എതിര്‍പ്പുകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
🔳കമ്മീഷന്റെ കാര്യത്തില്‍ ഡോക്ടറേറ്റ് നേടിയയാളാണ് മുഖ്യമന്ത്രിയെന്നും കൊക്കില്‍ ജീവനുണ്ടെങ്കില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരേ പോരാടാന്‍ ദൈവമായിട്ടു കൊണ്ടുതന്ന ആയുധമാണ് കെ റെയിലെന്നും പിണറായിയേയും പോലീസിനേയും നേരിടുമെന്നും സുധാകരന്.
🔳മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. 1,600 കോടി രൂപയുടെ അഴിമതി മറച്ചുവയ്ക്കാനാണ് അഞ്ഞൂറു ഫയലുകള്‍ ആരോഗ്യവകുപ്പ് മുക്കിയത്. പിണറായിക്കുവേണ്ടിയാണ് ടീച്ചറമ്മ ഈ കൊള്ളയെല്ലാം നടത്തിയത്. കെ റെയിലിനെതിരേ ശക്തമായ സമരം നടത്തുമെന്നും സുരേന്ദ്രന്.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തിനു മേധാ പട്കര്‍ ഇന്നു കോഴിക്കോട്ടെത്തും. കാട്ടില്‍പീടികയില്‍ പദ്ധതിയുടെ പേരില്‍ കുടിയിറക്കുന്നതിനെ ചെറുക്കാന്‍ പ്രതിരോധസമിതിയുടെ നേതൃത്വത്തിലുള്ള സമരം രാവിലെ എട്ടരയ്ക്ക് മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും.
🔳കണ്ണൂര്‍ മാടായിപ്പാറയില്‍ പിഴുതെറിഞ്ഞ സില്‍വര്‍ ലൈന്‍ സര്‍വ്വേകല്ലിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്. ചെറുകുന്ന് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസ്. പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
🔳ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി പത്തു മുതല്‍. മാര്‍ച്ച് പത്തിനാണു വോട്ടെണ്ണല്‍. യുപിയില്‍ ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളിലായാണു വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 നും മണിപ്പൂരില്‍ ഫെബ്രുവരി 24 നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ്.
🔳പഞ്ചാബില്‍ പ്രധാനമന്ത്രിക്കു സുരക്ഷാ വീഴ്ച ആരോപണം നേരിടുന്ന ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റി. പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. സുരക്ഷ വീഴ്ചയില്‍ ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായക്കു കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
🔳കൊവിഡ് കരുതല്‍ ഡോസ് വാക്സിനേഷന് നാളെ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് ഒമ്പതു മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. ഓണ്‍ ലൈന്‍ ബുക്കിംഗ് ഇന്നുമുതല്‍.
🔳സംസ്ഥാനത്തെ പോലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും നിയമനം നല്കാന് സര്‍ക്കാര്‍ പോലീസ് മേധാവികളുടെ അഭിപ്രായം തേടി. പരിശോധിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയേയും പരിശീലന ചുമതലയുള്ള എഡിജിപിയേയും ചുമതലപ്പെടുത്തി.
🔳കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കുട്ടിയെ തട്ടിയെടുത്തത് ആസൂത്രിതമായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു.
🔳തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചര്‍ച്ചയായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
🔳കസാഖിസ്ഥാനില്‍ ഇന്ധനവില വര്‍ധനയക്കെതിരേ ജനങ്ങളുടെ കലാപം അടിച്ചമര്‍ത്താന്‍ റഷ്യന്‍ പട്ടാളം രംഗത്ത്. കലാപത്തിനിടെ കസാഖിസ്ഥാന്‍ സര്‍ക്കാര്‍ രാജിവച്ചു. ഏറ്റുമുട്ടലില്‍ കസാഖിസ്ഥാന്‍ പോലീസ് അടക്കം നൂറിലേറെ പേര് കൊല്ലപ്പെട്ടിരുന്നു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.