ബി.ജെ.പിയ്ക്ക് ബദല്‍ കോണ്‍ഗ്രസോ സിപിഎമ്മോ ?

ബി.ജെ.പിയ്ക്ക് ബദല്‍ കോണ്‍ഗ്രസോ സിപിഎമ്മോ ?


കെ.എന്‍. റസ്സല്‍

സി.പി.എം ഇപ്പോഴും ഉരുവിടുന്ന ഒരു പഴഞ്ചന്‍ പല്ലവിയുണ്ട്. ബി.ജെ.പി.യ്‌ക്കെതിരെ അഖിലേന്ത്യാ തലത്തില്‍ ഒരു ബദല്‍ സംവിധാനം രൂപപ്പെടുത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ ആകൂവെന്ന്. ബി.ജെ.പിയ്ക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ ‘ചരിത്ര വിഡ്ഡിത്തരങ്ങള്‍’ പറഞ്ഞുകൊണ്ടിരുന്നില്ലെങ്കില്‍ സി.പി.എം, സി.പി.എമ്മല്ലായെന്ന് വരും.

പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഒറ്റയ്ക്ക് ഭരിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. ത്സാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മുന്നണി ഭരണത്തിലുമാണ് കോണ്‍ഗ്രസ്.
മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് പ്രതിപക്ഷ പാര്‍ട്ടി. 16 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യ്‌ക്കെതിരെ പടനയിക്കുന്ന ഏക കക്ഷിയാണ് കോണ്‍ഗ്രസ്.

ഈ പ്രസ്ഥാനത്തെ മാറ്റിനിര്‍ത്തി ഒരു അഖിലേന്ത്യാ ബദലിനെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ല. ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനെ ശക്തമാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
താമസിയാതെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് ഒഴികെ നാലിടത്തും കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ എതിരാളി. സര്‍വ്വേ ഫലങ്ങളില്‍ (ചിലപ്പോള്‍ തെറ്റിയെന്നു വരാം) പഞ്ചാബ് കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് കാണുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

പാര്‍ലമെന്റില്‍ മൂന്ന് എം.പി.മാരുള്ള കക്ഷിയാണ് ഇന്ത്യയില്‍ പുതിയ പ്രധാനമന്ത്രിയെ സൃഷ്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. ബംഗാളില്‍ സി.പി.എം ഭരിച്ചത് 34 വര്‍ഷമാണ്. ഇന്നവിടെ സി.പി.എമ്മിന് എം.എല്‍.ഏമാര്‍ ഉണ്ടോ എന്ന് സംശയമാണ്. മമതാ ബാനര്‍ജിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാന്‍ ഒരു പക്ഷേ സി.പി.എമ്മിന് കൈ പൊക്കേണ്ട ഗതികേട് വരില്ലെന്നാര് കണ്ടു.
ത്രിപുരയെ സി.പി.എം. മറന്നതു പോലെയായി. ലോറിയെ ‘മറിച്ചിടാന്‍’ റോഡിന് നടുവില്‍ നാലുകാലില്‍ വയര്‍ വീര്‍പ്പിച്ച് മസിലുപിടിച്ചു നിവര്‍ന്ന് നില്‍ക്കുന്ന തവളയെപ്പോലെയാണ് ഇന്ന് സി.പി.എം.

പറയുന്നതില്‍ വീമ്പിളക്കുന്നതില്‍ സ്വല്‍പം മര്യാദ വേണ്ടെ. ജനങ്ങളെ ‘വെടക്കാക്കി’ തനിക്കാക്കാന്‍ ശ്രമിക്കുകയല്ലെ. ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസല്ലാതെ പിന്നെ ഏത് കക്ഷിയാണ് രാജ്യത്തുള്ളത്. ബിനോയി വിശ്വം പറഞ്ഞത് എത്രയോ ശരിയാണ്. കോണ്‍ഗ്രസില്ലാതെ എന്ത് മായാജാലത്തിലൂടെയാണ് സിപിഎം ബി.ജെ.പിയെ ഭരണത്തില്‍ നിന്നും പിഴുതെറിയുമെന്ന് പറയുന്നത്. ബംഗാളിലും തമിഴ് നാട്ടിലും നിലനില്‍പ്പിനായി കോണ്‍ഗ്രസിനെ വാരിപ്പുണര്‍ന്നിട്ടാണ് സി.പി.എം. കോണ്‍ഗ്രസിനെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്യുന്നത്.

കേരളത്തിലെ സി.പി.എം. നേതൃത്വത്തിന് ഭരണസുഖം നുകരാനാണ് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കേരളത്തില്‍ നേരിടുന്നത്. ഇത് ചെന്നുകൊള്ളുന്നത് മതേതര ഭാരതത്തിന്റെ നെഞ്ചത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!