പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കു ബദലായി സബര്‍ബന്‍ റെയില്‍ പദ്ധതി മുന്നോട്ട് വച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കു ബദലായി സബര്‍ബന്‍ റെയില്‍ പദ്ധതി മുന്നോട്ട് വച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

🔳പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കു ബദലായി സബര്‍ബന്‍ റെയില്‍ പദ്ധതി മുന്നോട്ട് വച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ മതി. പദ്ധതി നടപ്പാക്കാന്‍ 10,000 കോടി രൂപ മാത്രമേ ചെലവ് വരൂ. എന്നാല്‍ കെ റെയിലിന് 1383 ഹെക്ടര്‍ സ്ഥലവും രണ്ടു ലക്ഷം കോടി രൂപയും വേണ്ടിവരും. ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തില്‍ എത്തിയോ വാക്സിന്‍ സ്വീകരിക്കാം. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് വിതരണം തുടങ്ങുന്നത്.

🔳കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികള്‍ സ്വന്തം വീട്ടില്‍തന്നെ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഫലപ്രദമാണ് ഗൃഹചികിത്സയെന്നും മന്ത്രി.

🔳സംസ്ഥാന ആരോഗ്യവകുപ്പിന്റെ കോവിഡ് കാലത്തെ അഴിമതി ഫയലുകള്‍ കണ്ടെത്താനായില്ല. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് ടെണ്ടറില്ലാതേയും ചട്ടങ്ങള്‍ ലംഘിച്ചും വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ വിവാദമായിരുന്നു. ഫയലുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അഞ്ഞൂറോളം ഫയലുകള്‍ കാണാനില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

🔳നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണമുണ്ടോയെന്ന് പ്രോസിക്യൂഷനോടു ഹൈക്കോടതി. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനുള്ള നീക്കമായേ അതിനെ കാണാനാകൂ. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

🔳ആലുവാ യുസി കോളജ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി ഒമ്പതരവരെ തിരിച്ചെത്താന്‍ സാവകാശം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം. അവധി ദിവസങ്ങളിലടക്കം ഹോസ്റ്റലില്‍ തിരികെ കയറുന്ന സമയം ഒമ്പതരയാക്കണം. നിലവില്‍ ആറരയ്ക്കു മുമ്പേ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തണമെന്നാണു നിയമം.

🔳സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സിസിടിവി പ്രവര്‍ത്തനമടക്കം എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിക്കും. ജോലിക്കെത്തുന്ന ജീവനക്കാര്‍ കൃത്യമായ ഐഡി കാര്‍ഡുകള്‍ ധരിച്ചിരിക്കണം. കോട്ടയം മെഡിക്കല്‍ കോളജില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്ന സാഹചര്യത്തിലാണ് നടപടികള്‍. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

🔳കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റിലായി. ഗാര്‍ഹികപീഡനം, ബാലപീഡനം, വഞ്ചനാകുറ്റം എന്നിവയ്ക്കാണ് അറസ്റ്റ്. ഏഴു വയസുള്ള മകനെ ഉപദ്രവിക്കാറുണ്ടെന്നും 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്നും നീതു പരാതി നല്‍കിയിരുന്നു.

🔳ബംഗളൂരുവില്‍ കാറിനു പിറകില്‍ ലോറി ഇടിച്ചു നാലു മലയാളികള്‍ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളായ ഐടി ജീവനക്കാരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ഫാസില്‍, കൊച്ചി സ്വദേശി ശില്‍പ എന്നവര്‍ ഉള്‍പെടെ നാലു പേരാണു മരിച്ചത്.

🔳2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന്, മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ റിപ്പോര്‍ട്ട്. ജര്‍മനിയെയും ബ്രിട്ടനെയും മറികടന്ന് ഇന്ത്യ ലോക മൂന്നാം നമ്പര്‍ ആവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോഴത്തെ 2.7 ലക്ഷം കോടിയില്‍നിന്ന് 2030ല്‍ 8.4 ലക്ഷം കോടി ആവുമെന്നാണ് മാര്‍ക്കിറ്റ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!