കൊവിഡ് നിയന്ത്രണങ്ങൾ : പൊതു പരിപാടികളിൽ അടച്ചിട്ട ഹാളുകളിൽ 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും പങ്കെടുക്കാം.

കൊവിഡ് നിയന്ത്രണങ്ങൾ : പൊതു പരിപാടികളിൽ അടച്ചിട്ട ഹാളുകളിൽ 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും പങ്കെടുക്കാം.

🔳കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തു കൂടുതല്‍ നിയന്ത്രണങ്ങള്‍. കല്ല്യാണം, മരണാനന്തരചടങ്ങുകള്‍, സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് അടച്ചിട്ട സ്ഥലങ്ങളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേരും മാത്രമേ പങ്കെടുക്കാവൂ. രാത്രികാല കര്‍ഫ്യൂ തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.

🔳കെ റയില്‍ പദ്ധതിക്കു മൂന്നു ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് സാമൂഹികാഘാത പഠനം. കണ്ണൂര്‍ ജില്ലയിലേതിന് നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും എറണാകുളം ജില്ലയില്‍ ആലുവ, കണയന്നൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലുമാണ് സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം.

🔳കെ റെയിലിനെതിരേ സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡഎഫ് യോഗം ഇന്ന്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഇന്നു 11 ന് കക്ഷിനേതാക്കളുടെ യോഗമാണ് നടക്കുക. സില്‍വര്‍ ലൈനിനെതിരേ കടുത്ത സമരത്തിനിറങ്ങാനാണ് ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം.

🔳സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. നിയമനകാര്യം പിന്നീടു തീരുമാനിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് നടപടി. ഒരു വര്‍ഷവും അഞ്ചു മാസവും സസ്പെന്‍ഷനിലായിരുന്നു. അടുത്ത ജനുവരിവരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.

🔳മകരവിളക്കിനു മൂന്നുദിവസം മുന്‍പ് എത്തുന്നവരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കും. 12 മണിക്കൂറില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാട് സര്‍ക്കാര്‍ തള്ളി. മൂന്നു വര്‍ഷത്തിനു ശേഷം പമ്പ ഹില്‍ ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിനും അനുമതി നല്‍കി.

🔳കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ കരസേന ദേശീയപതാക ഉയര്‍ത്തി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ചിത്രങ്ങള്‍ ട്വിറ്റു ചെയ്തു. ഗാല്‍വനില്‍ ചൈന പതാക ഉയര്‍ത്തിയെന്ന് അവകാശപ്പെട്ട് ഫോട്ടോ ട്വീറ്റ് ചെയ്തതിനു പിറകേയാണ് ഇന്ത്യന്‍ സേന പതാക ഉയര്‍ത്തിയത്. ചൈനയുടെ ചിത്രങ്ങള്‍ ഗാല്‍വന്‍ താഴ്വരയിലേതല്ലെന്നും ആരോപണമുണ്ട്.

🔳കൊച്ചി മെട്രോയില്‍ സന്നദ്ധ സേനാംഗങ്ങള്‍ക്ക് അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ച് ലോക്നാഥ് ബെഹ്റ. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് ഇളവ്. ഈ മാസം 15 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

🔳പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ സുനീഷാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ബാലനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

🔳ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധങ്ങളോ കൊലപാതകങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.

🔳ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. ‘മതഭീകരതെക്കിരേ’ എന്ന മുദ്രാവാക്യവുമായാണു സമരം. പ്രതിഷേധവും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

🔳കെ റയില്‍, സില്‍വര്‍ ലൈന്‍ എന്നീ പേരിലറിയപ്പെടുന്ന പദ്ധതിയുടെ കമ്മീഷനിലാണ് മുഖ്യമന്ത്രി പിണറായിയുടെ കണ്ണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കെ റെയിലിന്റെ സര്‍വേ കുറ്റികള്‍ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

🔳കണ്ണൂര്‍ മടായിപ്പാറയില്‍ കെ റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞ നിലയില്‍. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

🔳ട്രെയിനില്‍ പൊലീസുകാരന്‍ നെഞ്ചില്‍ ചവിട്ടി മര്‍ദ്ദിച്ചയാള്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി. പൊന്നന്‍ എന്ന് വിളിക്കുന്ന ഷമീര്‍ സ്ത്രീപീഡനക്കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഒളിവിലാണെന്നും കൂത്തുപറമ്പ് സ്റ്റേഷനില്‍ മൂന്നു കേസുണ്ടെന്നും പൊലീസ്.

🔳വിദ്യാഭ്യാസ നയരൂപീകരണ സമിതി യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ക്യുഐപി അംഗങ്ങള്‍ അല്ലാത്ത സംഘടനകളുമായി ഇന്നു യോഗം നടത്തുന്നതിലും പരീക്ഷ തീയതികള്‍ തീരുമാനിക്കും മുന്‍പ് സമിതി യോഗം വിളിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

🔳പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ‘കിംഗി’നോടു കാര്യങ്ങള്‍ തിരക്കട്ടെയെന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെ രാജാവെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സതീശന്റെ ആരോപണങ്ങള്‍ക്ക് ‘മറുപടി അര്‍ഹിക്കുന്നില്ല’ എന്നു പച്ചമലയാളത്തില്‍ പറയുകയുംചെയ്തു. പ്രതിപക്ഷനേതാവ് എല്ലാം മുഖ്യമന്ത്രിയോടു ചോദിക്കട്ടെ, വി.ഡി സര്‍ക്കാരിന്റെ അടുത്ത ആളല്ലേ എന്നും പറഞ്ഞു. ഗവര്‍ണര്‍ക്ക് രാജാവിനേക്കാള്‍ രാജഭക്തിയാണെന്നും ബിജെപി എഴുതിക്കൊടുക്കുന്നതു വായിക്കുന്ന നിലയിലേക്കു തരംതാഴ്ന്നെന്നും വി.ഡി. സതീശന്‍ തിരിച്ചടിച്ചു.

🔳ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിത്യച്ചെലവിനായി കടമെടുക്കുന്നു. കോവിഡ്മൂലം വരുമാനം കുറഞ്ഞതാണു കാരണം. സംസ്ഥാന സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടു കോടി രൂപ അനുവദിച്ചു. നിത്യചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും പണമില്ലാത്തതിനാല്‍ പത്തു കോടി രൂപയാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടത്.

🔳കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുളള ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ സിഐടിയു പ്രതിഷേധം. സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും ഫുഡ് സ്ട്രീറ്റിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

🔳ബൈക്ക് നിര്‍ത്താതെപോയതിന് ലാത്തിയെറിഞ്ഞു വീഴ്ത്തി മര്‍ദിച്ചെന്ന് പോലീസിനെതിരേ മുഖ്യമന്ത്രിക്കു യുവാവിന്റെ പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകന്‍ അമല്‍ബാബുവാണ് പുന്നപ്ര പൊലീസിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ 31 നു രാത്രി ഒമ്പതരയോടെ സഹോദരിയുമൊത്തു പോകുമ്പോള്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. സഹോദരിയെ ഭര്‍തൃവീട്ടില്‍ വിട്ട് മടങ്ങിവരുമ്പോള്‍ പൊലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി, മര്‍ദിച്ചു. ബൈക്കില്‍നിന്നു വീണ് കാല്‍മുട്ടിന് പരിക്കേറ്റിട്ടും ചികില്‍സ തന്നില്ല. മദ്യപിച്ച് വാഹനം ഓടിച്ചെന്നു കേസെടുത്ത് വിട്ടയച്ചെന്നും പരാതിയില്‍ പറയുന്നു.

🔳കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കുമായി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് തങ്ങളെ പൊള്ളാച്ചി സബ് ജയിലിലേക്ക് മാറ്റും.

🔳തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അതിവേഗത്തില്‍ ഓടിച്ച ബൈക്ക് മരത്തിലിടിച്ച് മൂന്നു കൗമാരക്കാര്‍ മരിച്ചു. ബിനീഷ് (16), മുല്ലപ്പന്‍ (16), സ്റ്റെഫിന്‍ (16) എന്നിവരാണു മരിച്ചത്.

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. സുഹൈലിനൊപ്പം അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം.

🔳ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉറപ്പായെന്ന് പ്രതിരോധ കുത്തിവയ്പിനുള്ള സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എന്‍.കെ. അറോറ. പ്രധാന നഗരങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമാണ്. മൂന്നാം തരംഗത്തിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!