ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു.

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു.


ഷാജി ആലുവിള

ഇന്ത്യയിൽ മുൻവർഷങ്ങളെക്കാൾ ക്രൈസ്തവർക്ക് നേരെ അധികം ആക്രമണങ്ങള്‍ വർധിക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. ആറുവർഷത്തിനുള്ളിൽ ഇരട്ടിയായിട്ടാണ് ഉപദ്രവങ്ങൾ വർധിച്ചത്.

2015 ൽ 142 ആക്രമണവും, 2016 ൽ 226 ഉം, 2017 ൽ 248 മായി വര്‍ദ്ധിച്ചു. 2018 ൽ 292 ൽ എത്തി. 2019 ൽ 328 ആക്രമണങ്ങൾ ആണ് അരങ്ങേറിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ഭരിക്കുന്ന ഉത്തർപ്രദേശിൽ ആണ് ഈ വർഷം ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 99 ആക്രമണങ്ങള്‍ അവിടെ നടന്നു. ചത്തീസ്ഗഢ് 89, കർണാടക 58, ജാർഖണ്ഡ് 44, മധ്യപ്രദേശ് 38, ബീഹാറിൽ 29 തമിഴ്‌നാട്ടിൽ 20 എന്നിങ്ങനെയാണ് മറ്റ് സ്‌റ്റേറ്റുകളിൽ അക്രമങ്ങൾ നടന്നത്.

ഒക്ടോബർ മാസത്തിൽ നടന്ന 77 അക്രമങ്ങളെ കേന്ദ്രീകരിച്ച് നവംബർ 12 ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നാഷണൽ കോ-ഓർഡിനേറ്റർ എ. സി. മൈക്കിളിന്റെ നേതൃത്വത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷന് നിവേദനം നൽകിയിരുന്നു. ഒക്ടോബർ മാസം വരെ 382 അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും വെറും 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്‌. മതപരിവർത്തനം ആരോപിച്ചാണ് കൂടുതലും ആക്രമണങ്ങൾ നടന്നത്.

മദർ തെരേസ സ്ഥാപിച്ച സന്യാസസഭയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുൾപ്പടെ പല ചാരിറ്റി സംഘടനകളുടെ വിദേശ സഹായം നേടുന്നതിനുള്ള ലൈസൻസ് പുതുക്കിനൽകാത്ത വാർത്തയും പുറത്തുവന്നുകൊണ്ടിരിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അംഗീകാരം പുതുക്കി നൽകാത്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഡിസംബർ 31 വരെ വിദേശസഹായം സ്വീകരിക്കാം. തുടർന്ന് പ്രശ്നം പരിഹരിക്കുന്നതുവരെ ഇടപാടുകൾ നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ചിലമാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ കോതമംഗലത്തിനടുത്ത് മൂന്ന് ക്രിസ്തീയ ദേവാലയങ്ങൾക്കു നേരെ തുടർച്ചയായ ആക്രമണം ഉണ്ടായത്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അതിക്രൂരമായ അക്രമണങ്ങളാണ് നടന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതക്കെതിരായി നിരന്തരമായി ഉയർന്നുകൊണ്ടിരിക്കുന്ന ഭീഷണിയുടെ ഏറ്റവും ഒടുവിലത്തെ ആക്രമണമായി വേണം ഇതൊക്കെ കാണുവാൻ. മാനവികതയെ തന്നെ ശത്രുപക്ഷത്ത് നിർത്തുന്ന ക്രൂരതകൾ ആണ് ഇൻഡ്യയിൽ വർദ്ധിച്ചു വരുന്നത്. അപകടപരമായ സ്ഥിതിവിശേഷമാണ് ക്രൈസ്തവർ ഇന്ത്യയിൽ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പത്രമാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!