പുതുവത്സരാഘോഷത്തിന്റെ മറവിൽ അഴിഞ്ഞാട്ടവും മദ്യ-മയക്കുമരുന്ന് പാർട്ടികളും അനുവദിക്കരുത്

പുതുവത്സരാഘോഷത്തിന്റെ മറവിൽ അഴിഞ്ഞാട്ടവും മദ്യ-മയക്കുമരുന്ന് പാർട്ടികളും അനുവദിക്കരുത്

കൊച്ചിയിലെ ഡി.ജെ. ദുരന്തത്തിന്റെയും കിഴക്കമ്പലം അക്രമത്തിന്റെയും പശ്ചാത്തലത്തിലും ഒമിക്രോൺ പടരുന്ന സാഹചര്യത്തിലും ഡിസംബർ 31-ന് രാത്രി പത്തിനുശേഷം ജനുവരി രണ്ടുവരെ രാത്രികാലനിയന്ത്രണം പ്രഖ്യാപിച്ചത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയുടെ ലേബർ ക്യാമ്പിലെ അന്തേവാസികൾ ആദ്യം പരസ്പരവും തുടർന്ന് പോലീസിനുനേരെയും ഒരു രാത്രി മുഴുവനായും നടത്തിയ അക്രമം അസാധാരണമായ സംഭവമാണ്. അക്രമികളിൽ പലരും മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നെന്ന സംശയം പലകോണുകളിൽനിന്നും ഉയർന്നിട്ടുണ്ട്. എന്തും സംഭവിച്ചേക്കാമെന്ന നടുക്കംപകർന്ന ആ കൊടിയ അതിക്രമം ലഹരിയുപയോഗിക്കുന്ന ആൾക്കൂട്ടങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അരാജകത്വത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മയക്കുമരുന്നുപയോഗത്തിന്റെയും വിപണനത്തിന്റെയും താവളങ്ങളിലൊന്നായി കേരളം മാറിയിട്ട് കുറേക്കാലമായി. ഇതരസംസ്ഥാന തൊഴിലാളികളിൽ ചിലരെയും കങ്കാണിമാരെയും അവരറിയാതെയും അറിഞ്ഞും കണ്ണികളാക്കി മയക്കുമരുന്ന് കടത്തിയ ഒട്ടേറെ കേസുകൾ അടുത്തകാലത്തുണ്ടായി. കഞ്ചാവിന്റേതായ അധോതലവും വിലകൂടിയ എം.ഡി.എം.എ.യെപ്പോലുള്ളവയുടെ ഉന്നതലോകവുമുണ്ടെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും പോലീസിന്റെ നർക്കോട്ടിക് വിരുദ്ധവിഭാഗവും സദാ രംഗത്തുണ്ടെങ്കിലും മയക്കുമരുന്നുപയോഗവും വിപണനവും ഭയാനകമായതോതിൽ വ്യാപിച്ചുകൊണ്ടിരിക്കുകതന്നെയാണ്.

കേരളം വലുപ്പത്തിലും ജനസംഖ്യയിലും താരതമ്യേന ചെറുതാണെങ്കിലും മയക്കുമരുന്ന് കേസുകളിൽ നാലാമത്തെയോ അഞ്ചാമത്തെയോ സ്ഥാനത്താണ്. നീണ്ട കടൽത്തീരമുള്ളതിനാൽ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന്‌ മയക്കുമരുന്ന് ഇവിടേക്ക് എത്തുന്നു. കരമാർഗം കാരിയർമാർ വഴിയും വൻതോതിൽ ഇവ കടത്തുന്നു. ലോക്ഡൗണിന് മുമ്പത്തെവർഷം 9245 കേസിലായി 2800 കിലോഗ്രാമോളം കഞ്ചാവാണ് സംസ്ഥാനത്ത് പിടിച്ചത്. 2020-ൽ ലോക്ഡൗണിൽ കേസ്‌ 4968 ആയി കുറഞ്ഞെങ്കിലും പിടിയിലായത് 3209 കിലോഗ്രാമാണ്. ലോക്ഡൗണിന് അയവുവന്ന ഈ വർഷം ആദ്യത്തെ ഒമ്പതുമാസത്തിനിടയിൽ തന്നെ 3913.2 കിലോഗ്രാമാണ് പിടിയിലായത്. കഴിഞ്ഞവർഷം 564 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചതെങ്കിൽ അതിന്റെ അഞ്ചുമടങ്ങോളമാണ് ഈ വർഷം പിടിച്ചെടുത്തത്. ഇവിടെ വിതരണം ചെയ്യപ്പെട്ടതും ഉപയോഗിച്ചതും ഇതിന്റെ എത്രയോ അധികമായിരിക്കുമെന്നത് നിസ്സംശയമാണ്. സംസ്ഥാനത്ത് അടുത്തകാലത്ത് മയക്കുമരുന്ന് കേസുകളുടെ എണ്ണം രണ്ടുവർഷംമുമ്പത്തെ അപേക്ഷിച്ച് കുറവാണെന്നത് ഉപയോഗത്തിലെയോ വിപണനത്തിലെയോ കുറവിനെയല്ല കാണിക്കുന്നത്, മറിച്ച് മയക്കുമരുന്ന് മാഫിയയുടെ തന്ത്രങ്ങൾ കൂടുതൽ നിഗൂഢവും വിദഗ്ധവുമായി എന്നതിനെയാണ്.

പ്രതിരോധസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് മയക്കുമരുന്ന് ഇറക്കുമതിനടത്തി, വിപണനംനടത്തി അരാജകത്വം സൃഷ്ടിക്കുകയാണ് മാഫിയകൾ. തീവ്രവാദഗ്രൂപ്പുകളും മയക്കുമരുന്നുവിപണിയുടെ ഗുണഭോക്താക്കളാണ്. നമ്മുടെ സമൂഹത്തിന്റെ ഭാവിയെ തകർക്കുകയെന്ന പരോക്ഷലക്ഷ്യത്തോടെയാണ് ഇക്കൂട്ടർ പുതുതലമുറയെ മയക്കുമരുന്നിന്റെ ഇരകളും അടിമകളുമാക്കാൻ ശ്രമിക്കുന്നത്. കൊച്ചിയിൽ അടുത്തകാലത്തുനടന്ന ഡി.ജെ. പാർട്ടികളും അതിന്റെ ഭാഗമായിനടന്ന മയക്കുമരുന്നുപയോഗവും മറ്റ് അനിഷ്ടസംഭവങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട വൻകിടക്കാരുടെ അധോലോകത്തിലേക്കാണ് വിരൽചൂണ്ടിയത്. പക്ഷേ, അതിന്റെ കണ്ണികളെയാകെ അറത്തുമാറ്റുകയെന്ന ലക്ഷ്യത്തിലേക്കെത്താൻ കഴിയുന്നില്ലെന്നതാണ് ദുരവസ്ഥ. പോലീസിൽ ഓരോ സ്റ്റേഷൻ പരിധിയിലും മയക്കുമരുന്നുവിരുദ്ധ സ്ക്വാഡുകൾ രൂപവത്‌കരിച്ച് സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സൂക്ഷ്മമായ പ്രവർത്തനം നടത്തണം.

പുതുവത്സരാഘോഷം അതിരുകടക്കുകയും പലവിധ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നത് അടുത്തകാലത്തെ ദുരനുഭവങ്ങളാണ്. കോവിഡ് മഹാമാരിക്കാലമാണെന്ന ബോധംപോലുമില്ലാതെ ലഹരിക്കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ദല്ലാളന്മാരും അവർക്ക് താവളമൊരുക്കാൻ ചില വൻകിട ഹോട്ടൽ-റിസോർട്ടുകളും തയ്യാറാവുന്നുണ്ടെന്നാണ് ഈയിടെ കൊച്ചിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവം തെളിയിച്ചത്. പുതുവത്സരാഘോഷത്തിൽ അത്തരം ലഹരിക്കൂട്ടായ്മകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നുറപ്പാക്കണം. കൊച്ചിയിലെ ഡി.ജെ. ദുരന്തത്തിന്റെയും കിഴക്കമ്പലം അക്രമത്തിന്റെയും പശ്ചാത്തലത്തിലും ഒമിക്രോൺ പടരുന്ന സാഹചര്യത്തിലും ഡിസംബർ 31-ന് രാത്രി പത്തിനുശേഷം ജനുവരി രണ്ടുവരെ രാത്രികാലനിയന്ത്രണം പ്രഖ്യാപിച്ചത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പുതുവത്സരാഘോഷത്തിന്റെ മറവിൽ അഴിഞ്ഞാട്ടവും മദ്യ-മയക്കുമരുന്ന് പാർട്ടികളും ഒരുകാരണവശാലും അനുവദിക്കരുത്.

കടപ്പാട്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!