എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച് സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച് സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച് സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതും ജീപ്പുകള്‍ നശിപ്പിച്ചതും.

🔳എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് കൂടുതല്‍ നടപടിക്ക് സാധ്യത. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്.

🔳കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബര്‍ ക്യാംപില്‍ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണെന്ന് സംഘടന ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും തൊഴിലുടമയ്ക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എന്നാൽ ജോലി സമയം കഴിഞ്ഞ് ജീവനക്കാരെ അവരുടെ താമസ സ്ഥലത്ത് പൂട്ടിയിടണമോ എന്ന് കിറ്റക്സ് മാനേജ്‌മെന്റ് ചോദിച്ചു.

🔳കമ്പനിയിലെ ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. 40ല്‍ താഴെ പേര്‍ മാത്രമാണ് സംഭവത്തിലെ കുറ്റക്കാരെന്നാണ് സാബു ജേക്കബിന്റെ വിശദീകരണം. എന്നാല്‍, പൊലീസ് 156 പേരെ പിടിച്ച് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ച ആളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി ഏല്‍പ്പിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും സാബു പറഞ്ഞു.

🔳കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവര്‍ അതിഥികളൊ അതൊ അക്രമകാരികളോയെന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാല്‍ അക്രമകാരികളായവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ അക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳കിഴക്കമ്പലം സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. പൊലീസുകാര്‍ക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും എന്ന കാപ്സ്യൂള്‍ വന്നോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പൊലീസ് ജീപ്പിന് മുകളില്‍ അക്രമികള്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം. ഈ ചവിട്ടി നില്‍ക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചവരുടെ നെഞ്ചിലാണെന്നും ചിത്രത്തിനോട് ചേര്‍ത്ത് അദ്ദേഹം കുറിച്ചു.

🔳കലാപകാരികള്‍ കിഴക്കമ്പലം കത്തിച്ചപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉത്തരേന്ത്യന്‍ ഗോസായിമാരെ ലോ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കുന്ന സ്ഥാനങ്ങളില്‍ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോര്‍പ്പറേഷന്‍ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

🔳കുട്ടികള്‍ക്ക് കൊവിഡ് വാക്സീന്‍ നല്‍കാനുള്ള തീരുമാനം അശാസ്ത്രീയമെന്ന് എയിംസിലെ സീനിയര്‍ എപ്പിഡമോളജിസ്റ്റ്. ജനുവരി മൂന്ന് മുതല്‍ 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയിംസിലെ സാംക്രമികരോഗ വിദഗ്ധന്റെ പ്രതികരണം. ഇത് കൊണ്ട് അധികമായി ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഡോ. സഞ്ജയ് കെ റായ് പറഞ്ഞു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൊവാക്സിന്‍ പരീക്ഷണങ്ങളുടെ എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ഡോ. സഞ്ജയ്.

🔳ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നു. ഒമിക്രോണ്‍ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

🔳സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🔳15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

🔳ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

🔳എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കൊലപാതകത്തിനായി 7 പേരെ നിയോഗിച്ചു. ഡിസംബര്‍ 15 ന് വീണ്ടും യോഗം ചേര്‍ന്നു. ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാന്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രണം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

🔳ന്യൂനപക്ഷ വര്‍ഗീയത , ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടും പരസ്പര പൂരകങ്ങളാണെന്ന് മുഖ്യമന്ത്രി പറയുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാണ്. ആക്രമണം നടത്തിയാല്‍ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വര്‍ഗീയത പ്രചരിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. എന്നാല്‍ ഈ വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.

🔳ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നുവെന്നും ഇവരെ അകറ്റി നിര്‍ത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കേരളം കലങ്ങട്ടെ, ലഹളകള്‍ ഉണ്ടാകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസ്സ് ഹിന്ദു വര്‍ഗീയത വളര്‍ത്തുമ്പോള്‍ മുസ്ലിം വര്‍ഗീയത ശക്തിപ്പെടുത്തുകയാണ് ലീഗെന്നാണ് കോടിയേരിയുടെ ആരോപണം.

🔳രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടനകള്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കര്‍ണാടകയില്‍ മാത്രം ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ 39 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

🔳കോഴിക്കോട്ടെ കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തിലെ നിര്‍മാണത്തിലെ അപാകതകള്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം തുടങ്ങാന്‍ കോണ്‍ഗ്രസ്. മദ്രാസ് ഐഐടി റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പുറത്തുവിടാത്തതതില്‍ ദുരുഹതയുണ്ടെന്നെന്നാണ് ആരോപണം. ജനുവരി 5ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെട്ടിടം വളഞ്ഞ് പ്രതിഷേധിക്കും.

🔳നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്നലെ മണ്ഡല പൂജ നടന്നു. രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല തീര്‍ത്ഥാടനം സമാപിച്ചത്. ഡിസംബര്‍ 30നാണ് ആണ് മകരവിളക്കിനായി നട ഇനി തുറക്കുക.

🔳ബിഹാറിലെ മുസാഫര്‍പുരില്‍ നൂഡില്‍സ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാത്രി 10 മണിയോട് കൂടിയായിരുന്നു സംഭവം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം അഞ്ച് കിലോമീറ്ററിലധികം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

🔳ആളുകളെ മതപരിവര്‍ത്തനംചെയ്യാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ ‘തന്ത്രത്തിന്റെ’ ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാര്‍ഗിലെ സെന്റ് ജോണ്‍സ് കോളേജ് കവലയിലാണ് സംഭവം. സാന്താക്ലോസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേര്‍ന്നാണ് കോലം കത്തിച്ചത്. സാന്താക്ലോസ് മൂര്‍ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ കോലം കത്തിച്ചത്.

🔳കോണ്‍ഗ്രസ് വിടുന്നെന്ന ഊഹാപോഹങ്ങളെ തള്ളി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. താന്‍ 24 കാരറ്റ് കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടിയുമായി
പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍ നാഥ് എന്ന് വിളിക്കണമെന്ന് കോണ്‍ഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുള്‍ഡോസര്‍ നാഥ് അല്ലെങ്കില്‍ ബുള്‍ഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

🔳ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വിവാദത്തില്‍. എംപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. നേരത്തെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

🔳അഫ്ഗാനിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു. കൂടാതെ, സംസ്ഥാന സമാധാന മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം, തെരഞ്ഞെടുപ്പു പരാതി കമ്മീഷന്‍ എന്നിവയും പിരിച്ചുവിട്ടു. തങ്ങള്‍ ഈ മണ്ണില്‍ ഉള്ളിടത്തോളം കാലം ഈ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് താലിബാന്‍ ഉപവക്താവ് ബിലാല്‍ കരിമി പറഞ്ഞത്. ഇനി എപ്പോഴെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!