കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി

കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി

🔳കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കെ-റയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

🔳രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെയും മറ്റ് സൈനികരെയും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അനുസ്മരിച്ചു.

🔳കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. താന്‍ പറഞ്ഞതായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചനയായിരുന്നു കൃഷിമന്ത്രി ഇന്നലെ നല്‍കിയത്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങള്‍ പക്ഷേ ചിലര്‍ക്ക് ഇഷ്ടമായില്ല. സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലായതിനാല്‍ അവര്‍ക്കായി മുന്‍പോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.

🔳കൊവിഡിനെതിരെ വാക്സീന്റെ ബൂസ്റ്റര്‍ ഡോസിനുള്ള തന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ രാഹുല്‍, രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സീനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂസ്റ്റര്‍ ഡോസിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു.

🔳എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. ഇന്‍സ്പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔳എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാര്‍ തകര്‍ത്തത് മൂന്ന് പൊലീസ് ജീപ്പുകള്‍. ഇതില്‍ ഒന്ന് പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവര്‍ക്കിടയില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. 100 പേരെ എങ്കിലും ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യലഹരിയിലായിരുന്ന തൊഴിലാളികളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറല്‍ പൊലീസ് സൂപ്രണ്ട് കെ കാര്‍ത്തിക് പറഞ്ഞു. അഞ്ച് മണിക്കൂറോളം എറണാകുളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ കലാപ സമാനമായ അവസ്ഥയായിരുന്ന കിഴക്കമ്പലത്ത് നടന്നത്.

🔳കിറ്റക്സിലെ ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കമ്പനി ചെയര്‍മാര്‍ സാബു ജേക്കബ്. തീര്‍ത്തും അപ്രതീക്ഷിതമായും യാദൃശ്ചികമായുമാണ് ഇന്നലെ രാത്രിയിലെ സംഘര്‍ഷമുണ്ടായതെന്നും ഒരു കൂട്ടം തൊഴിലാളികള്‍ ലഹരിമരുന്ന് ഉപയോഗിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും സാബു പറഞ്ഞു. കമ്പനിയുടെ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘര്‍ഷമെന്നും എന്നാല്‍ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കമ്പനി അടച്ചു പൂട്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നീക്കമെന്നും സാബു ആരോപിച്ചു.

🔳കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. എല്ലാവരും അക്രമികളല്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാല്‍ മതിയെന്നും സ്പീക്കര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരെയും ആക്രമിക്കരുത്. കേരളത്തില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം അക്രമികളെന്ന നിലയില്‍ കാണരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

🔳കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ കിറ്റക്‌സ് മാനേജ്‌മെന്റിനും പങ്കുണ്ടെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കെ റെയില്‍ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതയില്ല. അതുകൊണ്ട് ആശങ്കകള്‍ പരിഹരിച്ച് മാത്രമെ സര്‍ക്കാര്‍ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു പറഞ്ഞു. ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ കെ റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചിരുന്നു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കുമ്പോഴാണ് തുടര്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നതെന്ന് ശ്രദ്ധേയമാണ്.

🔳സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാന്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രചാരണ തന്ത്രവുമായി കെ റെയില്‍. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് കോടികളുടെ നഷ്ടപരിഹാരം ഒരുമിച്ച് നല്‍കുമെന്നാണ് പ്രചാരണം. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയവരെ അണിനിരത്തിയാണ് കെ. റെയിലിന്റെ നീക്കങ്ങള്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ജനരോഷവും വിവിധ സ്ഥലങ്ങളില്‍ കല്ലിടലിനെതിരേ പ്രതിഷേധവും ശക്തമായതാണ് പ്രചാരണം നടത്താന്‍ കെ-റെയിലിനെ പ്രേരിപ്പിച്ചത്.

🔳സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ്. കേരളത്തില്‍ വര്‍ഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ക്ക് വില കൊടുക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് പറഞ്ഞു. ബിജെപിയും നരേന്ദ്രമോദിയും ദില്ലിയില്‍ കാണിക്കുന്നതിനേക്കാള്‍ മോശമായ വര്‍ഗീയതയാണ് സിപിഎം കേരളത്തില്‍ കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സമുദായങ്ങളെ ഭിന്നപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ആരോപിച്ചു.

🔳കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തര്‍ക്കമുള്ളത്. മറ്റു പ്രധാന വിഷയങ്ങളില്‍ ധാരണയായിട്ടുണ്ട്. തര്‍ക്കവിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും. ജനുവരി 3 ന് ചര്‍ച്ച നടത്താമെന്നാണ് നിലവില്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

🔳പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ നാല് ഗുണ്ടകള്‍ പൊലീസിന്റെ പിടിയിലായി. ഫൈസല്‍ , റിയാസ് , ആഷിഖ് . നൗഫല്‍ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരെ പോത്തന്‍കോട് പൊലീസിന് കൈമാറി.

🔳എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി വേട്ട. എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്‍ (20) എന്നിവര്‍ അറസ്റ്റിലായി. നിസാമുദ്ദീന്‍ മംഗളാ എക്‌സപ്രസില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ട്രെയിനില്‍ കയറിയത്.

🔳സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. കമലിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്. ഗായകന്‍ എം ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനാകും. കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ എം ജി ശ്രീകുമാര്‍ ചുമതലയേല്‍ക്കും. ഇതാദ്യമായാണ് ഇരുവരും സര്‍ക്കാരിന്റെ കീഴില്‍ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്.

🔳ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തുടര്‍ന്ന് നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

🔳സ്വകാര്യ സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷം പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലുളള സംഘം തടഞ്ഞു. ഹരിയാനയിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. ജയ്ശ്രീരാം, ഭാരത് മാതാ കീ ജയ് വിളികളോടെ സ്‌കൂളിലെത്തിയ സംഘം ക്രിസ്തുമസ് ആഘോഷം തടയുകയായിരുന്നു. ഗുര്‍ഗാവിലെ പട്ടൗടി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. കുട്ടികളെ മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് ക്രിസ്മസ് ആഘോഷം തടഞ്ഞത്.

🔳ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിന് എതിരായ പോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. 1984 ല്‍ സമാധാന നൊബേല്‍ നല്‍കി ലോകം ആദരിച്ച വ്യക്തിയാണ് ഡെസ്മണ്ട് ടുട്ടു

🔳അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ലാസ് വേഗാസിന്റെ കിഴക്കായി നെവാഡ-അരിസോണ അതിര്‍ത്തിയിലാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ ഇതുവരെ റെക്കോഡ് ചെയ്തതില്‍ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് സംഭരണിയില്‍ രേഖപ്പെടുത്തിയത്. ജലസംഭരണിയിലെ ജലനിരപ്പ് കുറയുന്നത് വന്‍തോതില്‍ കുടിവെള്ള പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തീരുമെന്നാണ് വിദ്ഗധരുടെ നിഗമനം.

🔳കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലും ഇറ്റലിയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,04,611 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലെ പല രാജ്യങ്ങളിലെയും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ജനുവരി ആദ്യ ആഴ്ചയോടെ ഒമിക്രോണ്‍ കൂടുതല്‍ പിടിമുറുക്കുമെന്നും ഇതോടെ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!