പൊലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുമായി സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍

പൊലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുമായി സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍

🔳പൊലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുമായി സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. പല കേസുകളിലും രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും നല്‍കുന്ന പേരുകാരെ പ്രതികളാക്കുന്ന പ്രവണതയുണ്ടെന്നും ഇത് ആപത്താണെന്നും പന്ന്യന്‍ തുറന്നടിച്ചു. ചില ഉദ്യോഗസ്ഥര്‍ അതിന് വേണ്ടി മാത്രം നില്‍ക്കുന്നു. ഈ ഏര്‍പ്പാട് കേസുകളെ ദുര്‍ബലപ്പെടുത്തുമെന്നും പന്ന്യന്‍ വിമര്‍ശിച്ചു. പിങ്ക് പൊലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരായ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് പന്ന്യന്റെ പ്രതികരണം.

🔳ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ മാത്രം എട്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കും ഇംഗ്ലണ്ടില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയില്‍ ജനുവരി ഒന്നു മുതല്‍ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു.

🔳ഒമിക്രോണ്‍ സ്ഥിതി വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഇതിനിടെ ദില്ലിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. 125 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.

🔳പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കിയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ നടപടി പിന്‍വലിക്കാനായി ഖേദം പ്രകടിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ് തന്നെ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരോ അംഗങ്ങളും സഭക്കുള്ളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധീര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. പ്രധാനമന്ത്രി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. ഗോവ ബിജെപിയുടെ 10 വര്‍ഷത്തെ ഭരണത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳സംസ്ഥാനത്ത് ഇന്നലെ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഘാന, നൈജീരിയ, യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നലെ ഒമിക്രോണ്‍ സ്ഥീരീകരിച്ചവരില്‍ 11 വയസ്സുകാരനും ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോണ്‍ കേസുകള്‍ 24 ആയി. സംസ്ഥാനത്ത് ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയര്‍ന്ന ഒമിക്രോണ്‍ കണക്കാണ് ഇന്നലത്തേത്.

🔳അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസ്സിന് കേരളം ഇന്ന് യാത്രാമൊഴിയേകും. രാവിലെ കൊച്ചിയിലെ പാലാരിവട്ടത്ത് എത്തിക്കുന്ന മൃതദേഹം ഡിസിസിയില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. അതിനു ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസ്സിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. വൈകീട്ട് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.

🔳സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്‍കി. ജനുവരി ഒന്നുമുതല്‍ പദ്ധതി തത്ത്വത്തില്‍ ആരംഭിക്കും. അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്. നിലവിലുള്ള രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സകള്‍ പണരഹിതമായിരിക്കും. എംപാനല്‍ഡ് ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. എന്നാല്‍ ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ഡ് ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും മെഡിസെപ് പരിരക്ഷ ലഭിക്കും.

🔳കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും സില്‍വര്‍ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത്തരമൊരു ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

🔳മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!