രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടലില്‍ നില്‍ക്കുന്ന ആലപ്പുഴയില്‍ ഇന്നലെ സമാധാന യോഗം ചേര്‍ന്നു.

രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടലില്‍ നില്‍ക്കുന്ന ആലപ്പുഴയില്‍ ഇന്നലെ സമാധാന യോഗം ചേര്‍ന്നു.

🔳രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടലില്‍ നില്‍ക്കുന്ന ആലപ്പുഴയില്‍ ഇന്നലെ സമാധാന യോഗം ചേര്‍ന്നു. സമാധാനം നിലനിര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്തു. കൊലപാതകത്തിന്റെ തുടര്‍ച്ചയായി അക്രമം ഉണ്ടാവാതിരിക്കാന്‍ യോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ തീരുമാനിച്ചു. കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പുനല്‍കി. കൊലപാതകത്തെ യോഗം ഒറ്റക്കെട്ടായി അപലപിച്ചു. പരാതികളുള്ളവര്‍ ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിക്കണമെന്ന് യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

🔳ബിജെപി ജില്ലാ നേതാവും ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്തിനെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.

🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍ സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശരിക്കുള്ള ശാക്തീകരണത്തിലാണ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ഞങ്ങള്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ് ആക്കുവാന്‍ പരിശ്രമിക്കുന്നു. അതിലൂടെ സ്ത്രീകള്‍ക്ക് പഠിക്കാനും പുരോഗമിക്കാനും സാധിക്കും. രാജ്യം അതിന്റെ പെണ്‍മക്കള്‍ക്കായി എടുത്ത തീരുമാനമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳പ്രതിപക്ഷ ബഹളത്തിനിടെ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയതിനാല്‍ ഇനി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്‍ നിയമമാകും. ബില്ലിനോടുള്ള എതിര്‍പ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

🔳രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. 2014-ന് മുന്‍പ് ”ലിഞ്ചിങ്” എന്ന വാക്ക് കേള്‍ക്കാന്‍പോലും ഇല്ലായിരുന്നു. നന്ദി മോദിജീ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതേസമയം, രാഹുലിന്റെ ട്വീറ്റിന് മറുപടിയുമായി ബി.ജെ.പി. നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയാണെന്ന് മാളവ്യ പറഞ്ഞു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി അല്‍പം കുലുങ്ങുമെന്ന രാജീവിന്റെ വിവാദപ്രസ്താവനയുടെ ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്.

🔳കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പരിസ്ഥിതിനാശത്തെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചും കൃത്യമായ ഉത്തരം നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നാണ് തരൂരിന്റെ കുറ്റപ്പെടുത്തല്‍. അതേസമയം കേരളത്തില്‍ കെ റെയില്‍ നടപ്പിലാക്കുന്നതിനെതിരായ പാര്‍ട്ടി നിലപാടിന് ഒപ്പം തരൂര്‍ നില്‍ക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. പൊതുനയങ്ങളില്‍ വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി നയത്തിന് പുറത്തേക്ക് തരൂര്‍ പോകില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

🔳ജീവിത വിജയത്തിനാവശ്യമായ അറിവും നൈപുണ്യവും പകര്‍ന്നുകൊടുത്താല്‍ യുവതലമുറ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള-കേന്ദ്ര സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഗണേഷ്‌കുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് വിമതരുടെ ആരോപണം. 114 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 88 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന വിമതര്‍ പുതിയ ചെര്‍പേഴ്‌സണായി ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. ഗണേഷ് സ്വയം പ്രഖ്യാപിത അധ്യക്ഷനാണെന്ന് ഉഷ മോഹന്‍ദാസ് കുറ്റപ്പെടുത്തി.

🔳ദേശീയ പാതയില്‍ ആലപ്പുഴ അരൂര്‍ മുതല്‍ തുറവൂര്‍ വരെ എലിവേറ്റഡ് ഹൈവേ വരുന്നു. 2022 ല്‍ പണി ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന രീതിയില്‍ പണി ആരംഭിക്കുമെന്നാണ് ആലപ്പുഴ എംപി എഎം ആരീഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. ദേശീയ പാത 66 ല്‍ 13 കിലോമീറ്റര്‍ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത്. ഈ ആറുവരി പാതയ്ക്കായുള്ള മണ്ണ് പരിശോധനയും പാതയുടെ ഡിസൈനും പൂര്‍ത്തിയായി എന്ന് ആരിഫ് എംപി പറയുന്നു.രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള നാലുവരിപ്പാത നിലനിര്‍ത്തിക്കൊണ്ട് അതിന് മുകളിലൂടെ ആയിരിക്കും പുതിയ ആകാശ പാത വരുക. അതിനാല്‍ തന്നെ പുതിയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നും എംപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!