വിദേശത്തെ സമ്പാദ്യവുമായി ബന്ധപ്പെട്ട പനാമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്തു

വിദേശത്തെ സമ്പാദ്യവുമായി ബന്ധപ്പെട്ട പനാമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്തു

🔳വിദേശത്തെ സമ്പാദ്യവുമായി ബന്ധപ്പെട്ട പനാമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്തു. ദില്ലിയിലെ ഇഡി ഓഫിസില്‍ ഇന്നലെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുന്‍ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. പനാമ പേപ്പര്‍ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.

🔳വിദേശ നാണ്യ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് സമാജ് വാദി പാര്‍ട്ടി എംപിയും ഐശ്വര്യയുടെ ഭര്‍തൃമാതാവുമായ ജയ ബച്ചന്‍. ബിജെപിയുടെ മോശം ദിവസങ്ങള്‍ ആരംഭിക്കുമെന്നും താന്‍ ശപിക്കുകയാണെന്നും രാജ്യസഭയില്‍ ജയാ ബച്ചന്‍ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു ജയാ ബച്ചന്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ചത്.

🔳രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 137 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

🔳വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയില്‍ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ അംഗീകരിച്ചില്ല. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ സഭയില്‍ നടന്നില്ല. മിനുട്ടുകള്‍ കൊണ്ടാണ് സുപ്രധാന ബില്ല് ലോകസഭയില്‍ പാസായത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്ല് നിയമമാകും.

🔳വിവിധ മേഖലകളിലെ പ്രമുഖ കമ്പനി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. 2022ലെ കേന്ദ്ര ബഡ്ജറ്റിന്റെ മുന്നോടിയായാണ് ഈ കൂടികാഴ്ച നടന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടും ഏത് രീതിയില്‍ ഉര്‍ജ്ജസ്വലമാക്കാം എന്നതാണ് കൂടികാഴ്ചയില്‍ മുഖ്യവിഷയമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും ബഡ്ജറ്റിന് മുന്നോടിയായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിനും പ്രധാനമന്ത്രി ഈ യോഗത്തില്‍ സമയം കണ്ടെത്തി. ബഡ്ജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇന്നലെ നടന്ന സിഇഒമാരുമായുള്ള യോഗം.

🔳കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം സംസ്‌കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം എത്തിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍. ഹീനമായ കൊലപാതകം നേരില്‍ കാണേണ്ടി വന്ന രഞ്ജിത്തിന്റെ അമ്മയെയും ഭാര്യയെയും പെണ്‍ മക്കളെയും ആശ്വസിപ്പിക്കാനാവാതെ പാര്‍ട്ടി നേതാക്കളടക്കം വിതുമ്പി.

🔳എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

🔳എല്‍ജെഡി വിട്ട പ്രമുഖ നേതാവ് ഷെയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഷെയ്ക്ക് പി ഹാരിസ് പ്രഖ്യാപിച്ചത്.

🔳സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് നിര്‍ദ്ദേശം നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃത കുര്‍ബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

🔳സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ഇ ടി ആരോപിക്കുന്നു. ബില്‍ പാസായാല്‍ നിരവധി നിയമങ്ങളില്‍ മാറ്റം വരുമെന്നും നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പറയുന്നത്.

🔳കൊച്ചിയിലെ മോഡലുകളുടെ മരണം രാജ്യസഭയില്‍ പരാമര്‍ശിച്ച് സുരേഷ് ഗോപി എം.പി. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. അതില്‍നിന്ന് രക്ഷനേടാന്‍ മോഡലുകള്‍ രണ്ടു ചെറുപ്പക്കാരുടെ സഹായം തേടി. എന്നാല്‍ അവരെ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.

🔳തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചെന്ന് ആരോപണമുയര്‍ന്ന സംഭവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. കുട്ടി കരഞ്ഞതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വീഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട് തള്ളിയ ഹൈക്കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു. വീഡിയോ ഐജി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേസ് നാളത്തേക്ക് മാറ്റി. കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്. കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

🔳ആലുവ യുസി കോളേജിന് മുന്നില്‍ രാത്രിയില്‍ റോഡ് ഉപരോധിച്ച് വിദ്യാര്‍ഥിനികളുടെ സമരം. വൈകിട്ട് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയപരിധി ആറ് മണിയില്‍ നിന്ന് ഒമ്പതര വരെയാക്കണം എന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. ആലുവ – പറവൂര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥിനികളെ കോളജേ് ഗേറ്റിലേക്ക് മാറ്റി. ഹോസ്റ്റല്‍ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാന്‍ 2019-ല്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പലാണെന്നും ഉത്തരവിലുണ്ട്. തുടര്‍ന്ന് നിരവധി തവണ സമയം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ സമരത്തിലേക്ക് തിരിഞ്ഞത്.

🔳വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തത്തില്‍ സംശയമുന്നയിച്ച് കെ കെ രമ എംഎല്‍എ. പൊലീസ് അറസ്റ്റ് ചെയ്ത ആന്ധ്രാ സ്വദേശിയാണ് തീവെച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രമ, സംഭവത്തില്‍ പൊലീസ് അന്വേഷണം പോരെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

🔳ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടികാഴ്ച നടത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വച്ചായിരുന്നു കൂടികാഴ്ച. ഒരു മണിക്കൂറോളം കൂടികാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റിന്റെ സ്വതന്ത്ര്യപദവി അടക്കം നിരവധി കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🔳മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. സംസ്ഥാനത്ത് ദിവസങ്ങള്‍ക്കിടെ രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിദ്ദുവിന്റെ പരാമര്‍ശം. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലും കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും നടന്ന അതിക്രമ ശ്രമങ്ങളെ അപലപിച്ച സിദ്ദു അത്തരം അക്രമികളെ ‘പരസ്യമായി തൂക്കിലേറ്റണമെന്നും’ അഭിപ്രായപ്പെട്ടു.

🔳പോയ വര്‍ഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ അഥവാ പഴയ ഫെയ്‌സ്ബുക്കിനെ തിരഞ്ഞെടുത്ത് സര്‍വേഫലം. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാന്‍സ് വര്‍ഷം തോറും നടത്തുന്ന സര്‍വേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുത്തത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്. അലിബാബയേക്കാള്‍ 50 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാണ് മോശം കമ്പനികളുടെ പട്ടികയില്‍ മെറ്റ മുന്നിലെത്തിയത്. മറുവശത്ത് ഏറ്റവും മികച്ച കമ്പനിയായി മൈക്രോസോഫ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!