അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്. അവധിയില്‍ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയില്‍ തിരിച്ചു കയറാന്‍ ആവശ്യപ്പെട്ടു. എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

🔳കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ രണ്ട് വിഭാഗം വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ ചോരക്കളമാക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും രംഗത്ത് വരണമെന്ന് സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണെന്നും അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്നതെന്നാണ് സിപിഎം ആരോപിക്കുന്നത്.

🔳ആലപ്പുഴയില്‍ എസ്ഡിപിഐ -ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു.

🔳എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാന്‍ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. ഷാന്‍ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍. കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതും ആള്‍ക്കാരെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

🔳ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കെ സുധാകരന്‍. ആദ്യ കൊലപാതകം കഴിഞ്ഞപ്പോള്‍ തിരിച്ചടി ഉറപ്പായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദി. മുഖ്യമന്ത്രിയുടെ താല്‍പര്യം കെ റെയിലിലാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ അതിരൂക്ഷ വിമര്‍ശനവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നിഷ്പ്രയാസം നടക്കാവുന്ന സംഭവങ്ങളായി കൊലപാതകങ്ങള്‍ മാറുന്നുവെന്നും സമാധാനം ഇല്ലാതാകുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നതെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റപ്പെടുത്തി. ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായാണ് നടക്കുന്നതെന്നും എന്ത് കാരണം കൊണ്ടും കൊലപാതകങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകത്തിന് എതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കള്‍ കൊലപാതകത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ശക്തമായ നിയമ സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

🔳ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എഡിജിപി. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. രഞ്ജിത്തിനെ ആക്രമിക്കുമെന്ന് യാതൊരു സൂചനയും പൊലീസിന് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ട് തന്നെ തടയാന്‍ സാധിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ സംശയിക്കുന്നുണ്ടെന്നും ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്ത് കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ. രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തിനും തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ യൂറോപ്പിലേതുപോലെ വഷളാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിലേക്ക് എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിലവില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്.

🔳സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായേക്കും. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആക്ടിവിസ്റ്റുകളില്‍ നിന്നുമടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്ചാത്തലത്തില്‍ തിരക്കു പിടിച്ച നീക്കത്തിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

🔳സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

🔳തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നാല് സാക്ഷിമൊഴികളും ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികള്‍. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ രേഖാമൂലം അറിയിച്ചു. ഹര്‍ജി ഇന്ന് ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.

🔳പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ ഇന്ന് പുലര്‍ച്ചെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വഴി കൊല്ലം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. കൃത്യം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്.

കാശിന് അത്യാവശ്യം വരുമ്പോള്‍ എല്ലാവര്‍ക്കും കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍ മതി; എന്താണ് കാരണം?
ഏറ്റവും കുറഞ്ഞ പലിശ , ഗ്രാമിന് ഏറ്റവും കൂടുതല്‍ തുക ,ഏറ്റവും വേഗത്തിലുള്ള ലഭ്യത, 600 ഓളം ശാഖകള്‍, അനുഭവ സമ്പന്നതയുടെ 50 വര്‍ഷങ്ങള്‍, ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം
കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍ – മനുഷ്യപ്പറ്റുള്ള ഒരു ഗോള്‍ഡ് ലോണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04872332255
➖➖➖➖➖➖➖➖

🔳കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. കര്‍ണാടക സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമയ്ക്ക് കേടുപാട് വരുത്തിയതില്‍ പ്രതിഷേധിച്ച് കന്നഡ രക്ഷണ വേദി പ്രവര്‍ത്തകര്‍ ബെലഗാവിയില്‍ മെഗാ റാലി സംഘടിപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ വീണ്ടും വഷളായത്. കന്നഡ സാസ്‌കാരിക സംഘടനകള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വാഹനങ്ങള്‍ ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തുകയും ചെയ്യുന്നുണ്ട്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെലഗാവിയില്‍ സെക്ഷന്‍ 144 പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി.

🔳പനാമ പേപ്പഴ്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഐശ്വര്യ റായ് ഇഡി ഓഫീസില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുന്‍ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുക.

🔳ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം എക്‌സ്പ്രസ് വേ പാലം തകര്‍ന്ന് നാല് പേര്‍ മരിച്ചു. ചൈനയിലെ സെന്‍ട്രല്‍ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!