🔳കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന് എം.പി. എന്ത് സംഭവിച്ചാലുംവേണ്ടില്ല എന്തിനും കമ്മീഷന് അടിക്കുക എന്നുള്ളത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വീടുകള്‍ നഷ്ടപ്പെടുന്ന, ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെപ്പറ്റി പിണറായിക്ക് ചിന്തയില്ല. ഒന്നരലക്ഷം കോടിയുടെ കമ്മീഷനില്‍ കണ്ണുവെച്ചാണ് സി.പി.എം. കെ-റെയിലിന് പിന്നാലെ കൂടിയിരിക്കുന്നത്. പണം കിട്ടുമെങ്കില്‍ ആര്‍ക്കെതിരേയും അവര്‍ എന്തും ചെയ്യും. സര്‍വകലാശാലകളില്‍ സി.പി.എം.നേതാക്കളുടെ ഭാര്യമാരെ നിയമിക്കുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി നിര്‍ദേശം നല്കുന്നു. ഇതൊന്നും കേരളത്തിന് പരിചയമുള്ള കാര്യങ്ങളായിരുന്നില്ലെന്നും സുധാകരന് പറഞ്ഞു.
🔳ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ്. ഡെല്റ്റയെക്കാള് വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതിനാല്‍ രോഗബാധിത മേഖലയില്‍നിന്നടക്കം എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച് രോഗവ്യാപനം തടയണമെന്നും അദ്ദേഹം പറഞ്ഞു.
🔳ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണമാകാനിടയില്ലെന്നാണ് ദേശീയ കൊവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54 കോടിയിലേറെ പേര് രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര് ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.രാജ്യത്താകമാനമായി ഒമിക്രോണ്‍ രോഗബാധയേറ്റവരുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാല്പതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വരും. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോണ്‍ഗ്രസ് നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ആലോചിക്കാന്‍ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിലപാട് പ്രഖ്യാപിക്കും.
🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ താലിബാന് മനോഭാവമുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. വിവാഹപ്രായത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുസ്ഥാനികളല്ലെന്നും അവര്‍ താലിബാന് മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്നും ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ താലിബാന് മനോഭാവം സ്വാധീക്കരുതെന്നും അദ്ദേഹം പറഞ്ഞു.
🔳സിവില്‍, വാണിജ്യ, കുടുംബ തര്‍ക്കങ്ങള്‍ ഇനി കോടതിയിലെത്തുന്നതിന് മുന്‍പുതന്നെ ഒത്തുതീര്‍പ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിര്‍ദേശിക്കുന്ന ‘മധ്യസ്ഥതാ ബില്‍’ ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ അംഗീകാരവും രജിസ്ട്രേഷനുമുള്ള മധ്യസ്ഥര്‍, മധ്യസ്ഥരെ നിയോഗിക്കാന്‍ സേവന ദാതാക്കള്‍, ഒത്തുതീര്‍പ്പു കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അതോറിറ്റി, ഇവയ്ക്കെല്ലാം മേല്‍നോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിര്‍ദേശത്തിനുമായി ദേശീയതലത്തില്‍ ‘മീഡിയേഷന് കൗണ്‍സില്‍’എന്നിവ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗണ്‍സിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും. തര്‍ക്കങ്ങളില്‍ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം.
🔳ഇന്ത്യയുടെ മിസൈല്‍ പ്രഹരശേഷിക്ക് വന്‍കുതിപ്പേകി ‘അഗ്നി പ്രൈം’ മിസൈല്‍ ഒഡിഷ തീരത്തെ ഡോ. അബ്ദുള്‍കലാം ദ്വീപില്‍നിന്ന് വിജയകരമായി പരീക്ഷിച്ചു. അഗ്നി മിസൈല്‍ ശേഖരത്തിലെ നവതലമുറക്കാരനാണ് പ്രൈം. ആണവായുധ വാഹകശേഷിയുള്ള മിസൈലാണിതെന്ന് പ്രതിരോധ ഗവേഷണ വികസനകേന്ദ്രം(ഡി.ആര്.ഡി.ഒ) അറിയിച്ചു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തുണ്ടായ കോവിഡ് മരണങ്ങളും രാജ്യത്തെ വിലക്കയറ്റവുമാണ് പ്രിയങ്കാ ഗാന്ധി അമേഠിയിലെ റാലിയില്‍ വെച്ച് കേന്ദ്രത്തിനെതിരെ ആയുധമാക്കിയത്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ എന്താണ് കേന്ദ്രം ചെയ്തത്? ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവിന് ബിജെപിയാണ് കാരണമെന്നും രണ്ടാം തരംഗത്തിലെ പല കോവിഡ് മരണങ്ങള്‍ക്കും കാരണം ഓക്സിജന്റെ ലഭ്യതക്കുറവാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
🔳സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും മലപ്പുറത്തെത്തിയ ഒരാള്‍ക്കും തൃശൂര്‍ സ്വദേശിനിക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന് യുകെയില്‍ നിന്നും 44കാരന് ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
🔳സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി അംഗീകരിച്ചു. ജനുവരിയില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റിയില്‍ കരടിന് അന്തിമ അംഗീകാരം നല്‍കും. ജനുവരി 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാള്‍ മോഡല്‍ സഖ്യങ്ങള്‍ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി പ്രത്യേക സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നു.
🔳എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര് എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
🔳സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോണ്‍ഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരന് പറഞ്ഞു.
🔳ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്മാന് പ്രതികരിച്ചു. ഭരണ സമിതിയില്‍ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കില്‍ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയര്മാന് കെ ബി മോഹന്‍ദാസ് പറഞ്ഞു. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി പറഞ്ഞു.ലേലത്തില്‍ വാഹനം നേടിയ ശേഷം വാഹനം 25 ലക്ഷം രൂപയ്ക്കും വാങ്ങാന്‍ ഒരുക്കമായിരുന്നു എന്ന് അമലിന്റെ പ്രതിനിധിയായി എത്തിയ ആള് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ദേവസ്വം വാഹനം വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചിട്ടുള്ളത്. ലേലത്തില്‍ വേറെ ആളുകള്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് 15.10 ലക്ഷം രൂപയ്ക്ക് അമല്‍ മുഹമ്മദ് അലി ഈ വാഹനം സ്വന്തമാക്കുകയായിരുന്നു.
🔳താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ പത്തിനാണ് പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ജനറല്‍ ബോഡി ആരംഭിക്കുന്നത്. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാല്‍ ഇത്തവണ അങ്ങനെയാകില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുക. നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ഇന്ന് ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും.
🔳സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ സുകേഷിന്റെ ഭാര്യയും നടിയുമായ ലീനാ മരിയ പോളിനെ മുഖ്യ ആസൂത്രകയെന്ന് വിശേഷിപ്പിച്ച് ആദായനികുതിവകുപ്പിന്റെ കുറ്റപത്രം. ആളുകളെ ‘വഞ്ചിച്ചതില്‍ അഗ്രഗണ്യ’, തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രക, നിരപരാധിയെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു എന്നിവയാണ് ലീനയുടെപേരിലുള്ള കുറ്റങ്ങള്‍.
🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഒരു പെണ്‍കുട്ടിക്ക് 18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ലേയെന്നാണ് ഒവൈസിയുടെ ചോദ്യം. പതിനെട്ട് വയസ് പ്രായമുള്ള ഇന്ത്യന്‍ പൗരന് വോട്ട് ചെയ്യാനും കരാറുകള്‍ ഒപ്പിടാനും ബിസിനസ് ആരംഭിക്കാനും സാധിക്കും. ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.
🔳രാജ്യം സുസ്ഥിര വളര്‍ച്ച കൈവരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്. തൊഴിലുറപ്പ് പദ്ധതിക്ക് എതിരായിരുന്ന നരേന്ദ്രമോദി കൊവിഡിന് ശേഷമാണ് നിലപാട് മാറ്റിയത്. എന്നാല്‍ സര്‍ക്കാരിന് പദ്ധതിക്ക് വേണ്ട പണമോ കൃത്യമായ തൊഴില്‍ ദിനമോ ഉറപ്പാക്കാനാകുന്നില്ലെന്ന് പ്രഭാത് പട്നായിക് പറഞ്ഞു.
🔳ദില്ലി രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസില്‍ വഴിത്തിരിവ്. ബോംബ് നിര്‍മ്മിച്ച് ലാപ്ടോപ്പ് ബാഗില്‍ ഒളിപ്പിച്ച് കോടതിയില്‍ എത്തിച്ച് പൊട്ടിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് ഭൂഷണ് കട്ടാരിയ എന്ന ഡിആര്‍ഡിഒ ശാസ്ത്രഞ്ജനാണ് അറസ്റ്റിലായത്. അയല്‍വാസിയായ അഭിഭാഷകന് അമിത് വസിഷ്ഠിനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.