സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി സിപിഎമ്മും ലീഗും

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി സിപിഎമ്മും ലീഗും

ഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎമ്മും മുസ്ലിം ലീഗും വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ നീക്കം അതിനെതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പ്രതികരിച്ചു. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിര്‍ത്തണമെന്നും പെണ്‍കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്തിന് ഇപ്പോള്‍ ആവശ്യമെന്നും പികെ ശ്രീമതി ചൂണ്ടിക്കാട്ടി. വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും പികെ ശ്രീമതിപറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ആലോചിച്ച്‌ വേണമായിരുന്നുവെന്നും തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും പികെ ശ്രീമതി പറഞ്ഞു.

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, തീരുമാനം മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. പാര്‍ലമെന്റിന്റെന്റെ ഇരു സഭകളിലും മുസ്ലീം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!